തിരുവനന്തപുരം: വിഴിഞ്ഞത്ത് അദാനി പോർട്സ് കുന്നുകൾ ഇടിച്ച് നിരത്തിയ സ്ഥലത്ത് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് വീണ്ടും പരിശോധന നടത്തി. അദാനി പോർട്സിനോട് ഇന്ന് രേഖകൾ ഹാജരാക്കണമെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നിർദേശം നൽകി.
അനധികൃത കയ്യേറ്റത്തിൽ മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. കയ്യേറ്റം നടന്ന പ്രദേശങ്ങൾ തുറമുഖ വകുപ്പ് സെക്രട്ടറി രത്തൻ ഖേൽക്കർ സന്ദർശിച്ചു. ലത്തീൻ സഭാ നേതൃത്വവുമായും സാമൂഹ്യ പരിസ്ഥിതി പ്രവർത്തകരുമായും ഖേൽക്കർ കൂടിക്കാഴ്ച നടത്തി.
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അദാനി പോര്‍ട്സ് കുന്നുകള്‍ ഇടിച്ചു നിരത്തിയതായി പരാതി വന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു. ആഴിമല വരെയുള്ള ഭാഗത്ത് തീരം നികത്തിയും നിര്‍മാണങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് വിവരം. പരിസ്ഥിതി പ്രവര്ത്തകന് എ കെ ഹരികുമാറിന്റെ പരാതിയിൽ നടപടി സ്വീകരിച്ചിരുന്നു.
ജനവാസ മേഖലയിലാണ് ഇത്തരത്തില്‍ അനധികൃത പ്രവര്‍ത്തനം നടക്കുന്നതെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. വലിയ പ്രകൃതിക്ഷോഭങ്ങള്‍ക്ക് കാരണമാകുന്നതാണ് പ്രവൃത്തിയെന്നും പ്രദേശം പൂര്‍ണമായും കടലെടുത്ത് പോകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജനുവരിയിലാണ് വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മാണം ആരംഭിച്ചത്.
തുറമുഖത്തിന്റെ ബര്‍ത്ത് അടക്കം നിര്‍മിക്കുന്നത് തീരം നികത്തി ആയിരിക്കില്ലെന്നും കടലില്‍ തന്നെ ഡ്രഡ്ജിങ് പ്രവൃത്തി നടത്തുമെന്നുമായിരുന്നു കരണ്‍ അദാനി അടക്കം വ്യക്തമാക്കിയിരുന്നത്. തീര പ്രദേശത്ത് ഭൂമി ഏറ്റെടുക്കേണ്ട ആവശ്യം രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനത്തിന് ഇല്ലെന്നും പറഞ്ഞിരുന്നു. എം വിന്‍സെന്റ് എംഎല്‍എ അടക്കം ഇത് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ യാതൊരു അനുമതിയും ഇല്ലാതെയാണ് ഭീമന് കുന്നുകള്‍ അടക്കം ഇടിച്ച് നിരത്തിയിരിക്കുന്നത്.
Content Highlights: Mining and Geology Department Conducts Inspection at Vizhinjam Adani Ports Site