അർജുൻ ആയങ്കി താളിക്കാവിൽ തന്നെയുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചത് ഇന്നലെ; നിർണായക വിവരങ്ങൾ റിപ്പോർട്ടറിന്

അപ്പാര്‍ട്ട്‌മെന്റിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ആയങ്കിയെ കണ്ടെത്തിയത്

കണ്ണൂര്‍: ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ പിടികൂടിയതിന്റെ നിര്‍ണായക വിവരങ്ങള്‍ റിപ്പോര്‍ട്ടറിന്. താളിക്കാവിൽ തന്നെ ആയങ്കിയുണ്ടെന്ന് ഇന്നലെയാണ് പൊലീസ് സ്ഥിരീകരിച്ചത്. ഓട്ടോറിക്ഷയില്‍ കയറി പോയെന്ന് റൂറല്‍ എസ്പിക്ക് വിവരം ലഭിച്ചു. ഓട്ടോ ഡ്രൈവറുടെ ഫോണ്‍ വാങ്ങി തുടര്‍ന്ന് യാത്ര ചെയ്ത നെക്‌സോണ്‍ കാറിന്റെ ഡ്രൈവറെ ആയങ്കി വിളിച്ചു. ചുടല എന്ന സ്ഥലത്ത് ഓട്ടോയില്‍ ചെന്നിറങ്ങി. അവിടെ നിന്ന് നെക്‌സോണ്‍ കാറില്‍ പോയി. പയ്യന്നൂരില്‍ നിന്ന് നെക്‌സോണ്‍ കാറിന്റെ ഡ്രൈവറെ പൊലീസ് കണ്ടെത്തുകയും ഇയാള്‍ ആയങ്കിയെ ഇറക്കിയ സ്ഥലം വളഞ്ഞ് അര്‍ജുന്‍ ആയങ്കിയെ പിടികൂടുകയുമായിരുന്നു. അപ്പാര്‍ട്ട്‌മെന്റിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ആയങ്കിയെ കണ്ടെത്തിയത്.

നീണ്ട തിരച്ചിലിനൊടുവിലാണ് ഒളിവില്‍ കഴിയുകയായിരുന്ന അര്‍ജുന്‍ ആയങ്കിയെ പൊലീസ് പിടികൂടിയത്. കണ്ണൂരില്‍ നിന്ന് ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ രണ്ടരയോടെയാണ് അര്‍ജുന്‍ ആയങ്കിയെ പൊലീസ് പിടികൂടിയത്.

അര്‍ജുന്‍ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടാണെന്ന് കമ്മീഷണര്‍ ബി വി വിജയ് ഭരത് റെഡ്ഡി വ്യക്തമാക്കി. കണ്ണൂര്‍ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് എത്തിയതായിരുന്നു അര്‍ജുന്‍ ആയങ്കി. വാറണ്ടില്ലാതെ അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടായിരുന്നു അഭിഭാഷക ദമ്പതികള്‍ സ്വീകരിച്ചത്.

ഇതിനിടയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച അര്‍ജുന്‍ ആയങ്കിയെ പൊലീസ് പിടികൂടുകയായിരുന്നു. കടലില്‍ കാണാതായവരെ കിട്ടിയോ എന്നായിരുന്നു കസ്റ്റഡിയിലെടുത്ത പൊലീസുകാരോടുള്ള അര്‍ജുന്‍ ആയങ്കിയുടെ ചോദ്യം.

അതേസമയം,  അർജുൻ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തിയതിന് സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് അജയ്‌യെ അറസ്റ്റ് ചെയ്തത്. മുൻകരുതലിന്റെ ഭാഗമായിട്ടാണ് അറസ്റ്റ്. നിരവധി കേസുകളിൽ പ്രതിയും ഒളിവിൽ കഴിയുന്ന ആളുമായ അർജുൻ ആയങ്കിയുടെ പേരിലുള്ള അക്കൗണ്ട് ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ അജയ് ക്രൗഡ് ഫണ്ടി നടത്തിയെന്നാണ് എഫ്ഐആറിൽ പൊലീസ് പറയുന്നത്. ഞായറാഴ്ച പുലർച്ചെ 12.30ന് ഈസ്റ്റ് നടക്കാവ് ബ്ലിൻകിറ്റ് എന്ന സ്ഥാപനത്തിനു മുന്നിൽ വെച്ച് നിയമാനുസരണം മുൻകരുതലായി അറസ്റ്റ് ചെയ്തുവെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.

അര്‍ജുന്‍ ആയങ്കിയുടെ വൈദ്യപരിശോധന പൂര്‍ത്തിയായി. മാര്‍ട്ടിന്റെ പരാതിയില്‍ കണ്ണൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അര്‍ജുന്‍ ആയങ്കിയെ കോടതിയില്‍ ഹാജരാക്കും. ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചെന്ന പരാതിയിലാണ് കണ്ണൂര്‍ സൈബര്‍ പൊലീസ് അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തത്.

കഴിഞ്ഞ മെയ് മാസം സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി എന്ന കേസിൽ സുഹൃത്തിന്റെ വിവാഹത്തിനെത്തിയ അർജുൻ ആയങ്കിയേയും മറ്റ് ആറ് പേരെയും കോതമംഗലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു.

പിന്നാലെ 21 ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് കോതമംഗലം എസ്എച്ച്ഒയ്ക്കെതിരെ ഭീഷണി സന്ദേശം മുഴക്കുന്ന കുറിപ്പ് അർജുൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പെൻഷൻ വാങ്ങി ശിഷ്ടകാലം നിന്നെ ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. ഇതിൽ ഊന്നുകൽ പൊലീസും കേസെടുത്തിട്ടുണ്ട്. ഈ കേസിലെ തുടർ നടപടികളും ഉണ്ടാകും.

Content Highlights: Key Details of Arjun Ayanki's Arrest Revealed to Reporter

To advertise here,contact us