വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദം: എഇഒമാരോട് റിപ്പോർട്ട് തേടി കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ

കാസർകോട്, കുമ്പള, മഞ്ചേശ്വരം എഇഒമാർ അടിയന്തരമായി റിപ്പോർട്ട് നൽകണമെന്ന് നിർദേശം

കാസർകോട്: സ്‌കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദത്തിൽ എഇഒമാരോട് റിപ്പോർട്ട് തേടി കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ. കാസർകോട്, കുമ്പള, മഞ്ചേശ്വരം എഇഒമാർ അടിയന്തരമായി റിപ്പോർട്ട് നൽകണമെന്ന് നിർദേശം. വി ഡി സവർക്കറുമായി ബന്ധപ്പെട്ട ചോദ്യോത്തരം എങ്ങനെ ഉൾപ്പെട്ടു എന്ന് പരിശോധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ ചുമതലയുള്ള അധ്യാപകരാണ് ചോദ്യങ്ങൾ തയ്യാറാക്കിയതെന്നാണ് വിശദീകരണം.

മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ ചോദ്യാവലിയാണ് വിവാദത്തിലായത്. ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി എന്ന ചോദ്യത്തിന് ഉത്തരം ആയാണ് വി ഡി സവർക്കർ എന്ന് നൽകിയിരുന്നത്.

എൽപി വിദ്യാർത്ഥികൾക്കായുള്ള ഫ്രീഡം ക്വിസിന്റെ ചോദ്യാവലിയിലാണ് ചരിത്ര വിരുദ്ധമായ ചോദ്യം ഉൾപ്പെട്ടത്. മൂന്ന് ഉപജില്ലകളിലെയും സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ ചുമതലയുള്ള അധ്യാപകർ ചേർന്നാണ് ചോദ്യാവലി തയ്യാറാക്കിയത്. ടൈബ്രേക്കർ ചോദ്യമായാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. ചോദ്യാവലി തയ്യാറാക്കുന്നതിന് പ്രത്യേകം ചുമതലയുള്ള ഉദ്യോഗസ്ഥർ ഉപജില്ലകളിൽ ഉണ്ടായിരുന്നു. സംഭവം പരിശോധിക്കുമെന്ന് നേരത്തെ ഡിഡിഇ അറിയിച്ചിരുന്നു.

Content Highlights: Kasaragod District Education Deputy Director seeks reports from Assistant Educational Officers (AEOs) following controversy over a questionnaire allegedly praising V D Savarkar.

To advertise here,contact us