ഒടുവിൽ മുതലപ്പൊഴിയിൽ സ്‌കൂബ സംഘമെത്തി; കാണാതായ ഷിജിനായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി

നാലംഗ സ്‌കൂബാ സംഘമാണ് തെരച്ചിലിനായി ഇറങ്ങിയത്

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായുള്ള തെരച്ചിലിനായി സ്‌കൂബ സംഘമെത്തി. നാലംഗ സ്‌കൂബാ സംഘമാണ് തെരച്ചിലിനായി ഇറങ്ങിയത്. ഷിജിന്റെ ബോട്ട് മറിഞ്ഞ സ്ഥലത്ത് ഉള്‍പ്പെടെ തിരച്ചില്‍ നടത്തുമെന്ന് അറിയിച്ചു. ഷിജിനെ കാണതായി ഒമ്പത് ദിവസം പിന്നിടുമ്പോഴാണ് തെരച്ചിലിനായി സ്‌കൂബ സംഘം എത്തുന്നത്. സ്‌കൂബ സംഘം എത്താതതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

മുങ്ങല്‍ വിദഗ്ധര്‍ ഇതുവരെയും സ്ഥലത്ത് എത്തിയിട്ടില്ലെന്ന് ഷിജിന്റെ ഭാര്യാ സഹോദരി പരാതിപ്പെട്ടിരുന്നു. തിരഞ്ഞെടുക്കപ്പെട്ട മത്സ്യത്തൊഴിലാളികളും മുങ്ങല്‍ വിദഗ്ധരും രാവിലെ അഞ്ച് മണി മുതല്‍ സംയുക്തമായി തിരച്ചില്‍ നടത്തുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ എത്തിയെങ്കിലും സ്‌കൂബാ ടീം അംഗങ്ങള്‍ എത്തിയില്ലെന്നാണ് സ്റ്റെഫി പറഞ്ഞത്. കോസ്റ്റല്‍ പൊലീസ് പലരേയും ബന്ധപ്പെട്ടിരുന്നുവെങ്കിലും ആരും ഇറങ്ങാന്‍ തയ്യാറായില്ല. അതുകൊണ്ടുതന്നെ തിരച്ചില്‍ വൈകുന്ന സാഹചര്യത്തില്‍ തങ്ങളുടെ ആളുകള്‍ സ്വന്തം നിലയില്‍ തിരയുന്നുണ്ടെന്നും പ്രതിസന്ധി മറികടന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷിജിന്റെ ഭാര്യാ സഹോദരി പറഞ്ഞിരുന്നു.

മുതലപ്പൊഴിയില്‍ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഒമ്പത് ദിവസം പിന്നിടുമ്പോഴാണ് സംഭവസ്ഥത്ത് സ്കൂബ സംഘം എത്തുന്നത്. തിരച്ചിലിന് കാര്യക്ഷമമായ നടപടി വൈകുന്നതില്‍ മത്സത്തൊഴിലാളികളുടെ കുടുംബവും നാട്ടുകാരും വ്യാപക പ്രതിഷേധം നടത്തിയിരുന്നു. അഞ്ചുതെങ്ങിൽ നിന്ന് കാണാതായ ഷിജിന്റെ ഭാര്യയും മക്കളും നാട്ടുകാരും കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഷിജിനെ കണ്ടെത്തുമെന്ന് വാക്ക് മാത്രം പോര അത് നടപ്പാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ വിഷയത്തില്‍ തിരച്ചില്‍ നടക്കുന്നുണ്ടെന്ന് മാത്രം പറഞ്ഞ് ഒഴിഞ്ഞ ഫിഷറീസ് മന്ത്രിയുടെ നിലപാടില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

Content Highlights: A scuba diving team has joined the search operation for Shijin, who went missing at Muthalapozhi, as rescue teams intensify efforts to locate him.

To advertise here,contact us