സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദം; പരിപാടിക്ക് വിദ്യാഭ്യാസ വകുപ്പുമായി ബന്ധമില്ല: മന്ത്രി എൻ ഷംസുദ്ദീൻ

ചില അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമം ചോദ്യകര്‍ത്താവായ അധ്യാപകന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

കാസര്‍കോട്: ക്വിസ് മത്സരത്തിനായി വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ചോദ്യാവലിയില്‍ സവര്‍ക്കറെ മഹത്വ വല്‍ക്കരിക്കുന്ന ചോദ്യം വന്നതില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍. പരിപാടിക്ക് വിദ്യാഭ്യാസ വകുപ്പുമായി ബന്ധമില്ലെന്നാണ് വിശദീകരണം. വിദ്യാഭ്യാസ കലണ്ടറില്‍ ഉള്ളതല്ല സ്വാതന്ത്ര്യദിന ക്വിസ് മത്സര പരിപാടി എന്നും മന്ത്രി പറഞ്ഞു.

പ്രാദേശികമായി സംഘടിപ്പിച്ച പരിപാടിയായിരുന്നു അതെന്നും മന്ത്രി പറഞ്ഞു. അബദ്ധം നിറഞ്ഞ ചോദ്യമാണ് വന്നത്. വൈദേശികാധിപത്യത്തിന്റെ പീഡനം ഏറ്റുവാങ്ങിയ മഹാരഥന്മാര്‍ ഒരുപാടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഡിജിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും നടപടി ഉണ്ടാകുമെന്നും ഷംസുദ്ദീന്‍ പറഞ്ഞു. ചില അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമം ചോദ്യകര്‍ത്താവായ അധ്യാപകന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഓരോരുത്തരുടെയും അജണ്ടകള്‍ നടപ്പിലാക്കാന്‍ ഉള്ളതല്ല വിദ്യാഭ്യാസ വകുപ്പിലെ പരിപാടികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വന്ദേഭാരതം പൂര്‍ണമായി ആലപിക്കണം എന്ന ഉത്തരവില്‍ വിശദാംശങ്ങള്‍ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെയാണ് സ്‌കൂള്‍ ക്വിസില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി വന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ പുറത്ത് വിടുന്നത്. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് ഉപജില്ലകളിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ ചോദ്യാവലിയായിരുന്നു വിവാദത്തിലായത്. ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി എന്ന ചോദ്യത്തിന് ഉത്തരം ആയാണ് വി ഡി സവര്‍ക്കര്‍ എന്ന് നല്‍കിയിരുന്നത്.

എല്‍പി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഫ്രീഡം ക്വിസിന്റെ ചോദ്യാവലിയിലാണ് ചരിത്ര വിരുദ്ധമായ ചോദ്യം ഉള്‍പ്പെട്ടത്. മൂന്ന് ഉപജില്ലകളിലെയും സോഷ്യല്‍ സയന്‍സ് ക്ലബ് അസോസിയേഷന്‍ ചുമതലയുള്ള അധ്യാപകര്‍ ചേര്‍ന്നാണ് ചോദ്യാവലി തയ്യാറാക്കിയത്. ടൈബ്രേക്കര്‍ ചോദ്യമായാണ് ഇത് ഉള്‍പ്പെടുത്തിയിരുന്നത്. ചോദ്യാവലി തയ്യാറാക്കുന്നതിന് പ്രത്യേകം ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഉപജില്ലകളില്‍ ഉണ്ടായിരുന്നു. ഇവരുടെ അറിവോടെ തന്നെയാണ് ചോദ്യം ഉള്‍പ്പെട്ടതെന്നാണ് കരുതുന്നത്. സംഭവം വിവാദമായതിന് പിന്നാലെ എഇഒയോട് കാസര്‍കോട് ജില്ലാ ഉപഡയറക്ടര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. വിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രിയും റിപ്പോര്‍ട്ട് തേടി.

Content Highlights: Education Minister N Shamsudeen has ordered a report from the Director General of Education over a controversial Savarkar-related question in a quiz competition. The minister said the locally organised Independence Day quiz was not part of the official education calendar or a department programme. He alleged that an attempt was made to push an individual agenda through the question and said action would follow based on the report.

To advertise here,contact us