ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥ‍ർ പ്രതികളായ പൊന്നാനി പീഡന കേസ്; അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുന്നു

അജിതാ ബീഗം ഐപിഎസ് ആണ് മൊഴി എടുക്കുന്നത്

കൊച്ചി: ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥ‍ർ പ്രതികളായ പൊന്നാനി പീഡന കേസിൽ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുന്നു. അജിതാ ബീഗം ഐപിഎസ് ആണ് മൊഴി എടുക്കുന്നത്. മലപ്പുറം മുൻ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി, സിഐ വിനോദ് എന്നിവർക്കെതിരെ ആണ് കേസ്. ക്രൈംബ്രാഞ്ച് എസ്ഐടി ആണ് അന്വേഷിക്കുന്നത്.

മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ പൊന്നാനി ബലാത്സംഗക്കേസ് അന്വേഷിക്കാൻ സ‍ർക്കാർ നേരത്തെ ക്രൈംബ്രാഞ്ച് എസ്‌ഐടിയെ നിയോ​ഗിച്ചിരുന്നു. പൂങ്കുഴലി ഐപിഎസിനെ അന്വേഷണ സംഘത്തിന്റെ മേധാവിയാക്കി സംസ്ഥാന പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയത്.

നേരത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട പൊന്നാനി ബലാത്സംഗക്കേസിൽ എഫ്‌ഐആർ ഇതുവരെ രജിസ്റ്റർ ചെയ്യാത്തതിൽ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിരുന്നു. ഹർജി ഹൈക്കോടതിയിൽ നൽകിയത് കൊണ്ടുമാത്രം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതിരിക്കാനാവില്ലെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതിരിക്കുന്നത് അരാജകത്വം സൃഷ്ടിക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കണം. ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിൽ മറുപടി നൽകണം. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷിണം. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചത് ഒൻപതാം തീയതിയാണെന്നും ഇന്ന് പതിനാറാം തീയതി ആയെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ഗുരുതര കുറ്റകൃത്യത്തിൽ ആദ്യം കേസെടുക്കണം പ്രാഥമിക അന്വേഷണമല്ല വേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ഗുരുതര കുറ്റകൃത്യത്തിൽ കേസെടുത്തില്ലെങ്കിൽ കോടതിയലക്ഷ്യമാകും. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്ത സാഹചര്യം ഭയപ്പെടുത്തുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം.

പൊന്നാനി ബലാത്സംഗ കേസിൽ കേസെടുക്കാൻ നേരത്തെ പൊന്നാനി മജിസ്ട്രേറ്റ് കോടതി നി‍ർദ്ദേശം നൽകിയിരുന്നു. അതിജീവിതയുടെ പരാതിയിലാണ് പൊന്നാനി മജിസ്ട്രേറ്റ് കോടതിയുടെ നടപടി. മലപ്പുറം മുൻ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി, എസ്എച്ച്ഒ വിനോദ് വലിയാറ്റൂർ എന്നിവർ പ്രതികളാകും. 2022 ജനുവരിയിലാണ് അതിജീവിതയുടെ പരാതിക്ക് ആധാരമായ കുറ്റകൃത്യം നടന്നത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കേസിൽ അതിജീവിത പൊന്നാനി പൊലീസിനെ സമീപിച്ചിരുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്തുവെന്ന് പൊന്നാനി സ്വദേശിനിയായ വീട്ടമ്മ റിപ്പോര്‍ട്ടര്‍ ചാനലിലൂടെയാണ് വെളിപ്പെടുത്തിയത്. മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി ബെന്നി, സിഐ വിനോദ് എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. സ്വകാര്യ അന്യായവുമായി ബന്ധപ്പെട്ട പരാതിയുമായി സമീപിച്ചപ്പോള്‍ സിഐ വിനോദ് ബലാത്സംഗം ചെയ്തുവെന്ന് വീട്ടമ്മ വെളിപ്പെടുത്തിയിരുന്നു. പരാതി പിന്നീട് ഡിവൈഎസ്പി ബെന്നിയുടെ മുന്നിലെത്തി. ബെന്നിയും തന്നെ ചൂഷണം ചെയ്തു. ഒടുവില്‍ പരാതി കൈകാര്യം ചെയ്ത എസ്പി സുജിത് ദാസ് മോശമായി പെരുമാറിയെന്നും വീട്ടമ്മ ആരോപിച്ചിരുന്നു.

വെളിപ്പെടുത്തലിന് പിന്നാലെ വീട്ടമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. എന്നാല്‍ കേസെടുക്കാന്‍ നടപടിയുണ്ടായില്ല. തുടര്‍ന്ന് പൊന്നാനി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി വീട്ടമ്മ പരാതി നല്‍കി. അവിടെയും നടപടിയുണ്ടാകാതെ വന്നതോടെ വീട്ടമ്മ പരാതിയുമായി പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. അതിന് ശേഷം പൊലീസ് പ്രാഥമിക അന്വേഷണം നടത്തുക മാത്രമാണ് ചെയ്തത്. കേസെടുക്കാന്‍ തയ്യാറാകാതെ വന്നതോടെ വീട്ടമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Content Highlights: The survivor's statement is being recorded in the Ponnani sexual assault case in which senior police officers are among the accused. The investigation is progressing as authorities record the survivor's detailed testimony.

To advertise here,contact us