'പുനർജനി പദ്ധതിയിൽ വാഗ്ദാനം ചെയ്ത വീട് ലഭിച്ചില്ല';പരാതി പറയാൻ എത്തിയപ്പോൾ മുഖ്യമന്ത്രി അധിക്ഷേപിച്ചതായി പരാതി

പുനര്‍ജനി പദ്ധതിയില്‍ വീട് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന് ഉഷ ബേബി പറഞ്ഞു

കൊച്ചി: പുനര്‍ജനി പദ്ധതിയില്‍ വാഗ്ദാനം ചെയ്ത വീട് ലഭിക്കാത്തതിനാല്‍ മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ ചെന്നപ്പോള്‍ അധിക്ഷേപിച്ച് ഇറക്കി വിട്ടെന്ന് പരാതി. പറവൂര്‍ സ്വദേശിനി ഉഷ ബേബി ആണ് പരാതിയുമായി രംഗത്തുവന്നത്. വീടുവെക്കാന്‍ സ്വകാര്യ വ്യക്തി നല്‍കിയ സ്ഥലം പുനര്‍ജനി ട്രസ്റ്റിന്റെ പേരില്‍ താനറിയാതെ രജിസ്റ്റര്‍ ചെയ്‌തെന്നും ഉഷ ആരോപിക്കുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വീടുപണി തുടങ്ങാത്തതിനാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരാതി പറഞ്ഞതിന്റെ വൈരാഗ്യത്തില്‍ തന്നെ ഗുണഭോക്തൃ പട്ടികയില്‍ നിന്നും ഒഴിവാക്കി എന്നും ഉഷ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

പുനര്‍ജനി പദ്ധതിയില്‍ വീട് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്നാണ് ഉഷ ബേബി പറയുന്നത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കാണാന്‍ എത്തിയപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ വച്ച് അപമാനിച്ചുവെന്നാണ് പരാതി. 'നിങ്ങളുടെ സൂക്കേട് തീര്‍ന്നോ' എന്ന് മുഖ്യമന്ത്രി ചോദിച്ചെന്ന ഗുരുതര ആരോപണവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. ഒമ്പത് വയസുള്ള കുട്ടി ആ സമയം തന്റെ കൂടെയുണ്ടായിരുന്നെന്നും കുട്ടി അത് കേട്ടെന്നും അവര്‍ വിതുമ്പിക്കൊണ്ടായിരുന്നു പറഞ്ഞത്. പിന്നാലെ പൊലീസുകാരെത്തി തന്നെ ഇറക്കിവിട്ടു. ആള്‍ക്കൂട്ടത്തില്‍ അപമാനിച്ചത് മനോവിഷമം ഉണ്ടാക്കിയെന്നും അവര്‍ പറഞ്ഞു. വീട് ലഭിക്കാന്‍ വൈകിയതോടെ പരാതി പറഞ്ഞിരുന്നു. ചാനലുകള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ പറഞ്ഞതിനാലാണ് പ്രതികാരം എന്നും ഇവര്‍ പറയുന്നു.

വീടിന് സ്ഥലം കണ്ടെത്തിയത് താനാണ്. എന്നാല്‍ രജിസ്റ്റര്‍ ചെയ്തത് പുനര്‍ജനി ട്രസ്റ്റിന്റെ പേരിലാണ്. ഇക്കാര്യം താന്‍ അറിഞ്ഞത് പിന്നീട് ആണെന്നും ഉഷ വ്യക്തമാക്കി. നാല് പേര്‍ക്ക് ഈ സ്ഥലത്ത് വീട് വെക്കാന്‍ ആയിരുന്നു തീരുമാനം. പക്ഷെ ഇപ്പോള്‍ തന്നെ ഒഴിവാക്കിയെന്നും ഉഷ ആരോപിക്കുന്നു. തനിക്ക് വീട് തരില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ച് പറഞ്ഞെന്നും ഇവര്‍ പറഞ്ഞു.

Content Highlights: Paravur native Usha Baby has alleged that she was insulted when she approached the Chief Minister over a house promised under the Punarjani project. She also claims that land donated for her house was registered in the name of the Punarjani Trust without her knowledge and that she was later removed from the beneficiary list. Usha alleges the action followed her complaints to the media about the delay in constructing the house.

To advertise here,contact us