തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനം നേരിട്ടത് ഗുരുതര പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ദുരന്തമുഖത്ത് ജനം പകച്ചുനില്‍ക്കുകയാണെന്നും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും പിണറായി വിജയന് പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതില്‍ ഉണ്ടാകുന്ന വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാതെ നില്ക്കാന് കഴിയില്ല. പുഴയില്‍ കാണാതായവരെ കണ്ടെത്തുന്നതിലും കാലതാമസം ഉണ്ടായി. ആവശ്യമായ മുന്‍കരുതല്‍ എടുക്കുന്നതില്‍ ജാഗ്രത ഉണ്ടായില്ല എന്നത് പരിശോധിക്കപ്പെടണം. മഴ നന്നായി പെയ്തതിന് ശേഷമാണ് അലേര്‍ട്ടുകള്‍ ഉണ്ടായതെന്നും പിണറായി വിജയന് പറഞ്ഞു.
റാന്നിയില്‍ ഉണ്ടായത് വലിയ വെള്ളക്കെട്ട് ആണ്. മൂഴിയാര്‍ ഡാം മുന്നറിയിപ്പ് ഇല്ലാതെ തുറന്നു. അടിയന്തരമായി നഷ്ടപരിഹാരം നല്‍കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പുഴയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. അതിനെതിരെ കോടതിയില്‍ പോകുന്ന സ്ഥിതിയാണ് അന്നുണ്ടായതെന്നും പിണറായി വിജയന് ചൂണ്ടിക്കാട്ടി.
ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ ആംബുലന്‍സ് പോലും ഒരുക്കാതെ കൊണ്ടുപോയത് വീഴ്ച മാത്രമല്ല, അനാദരവ് ആണെന്നും പിണറായി വിജയന് ചൂണ്ടിക്കാട്ടി. കടലില്‍ ആളുകളെ കാണാതായി ഒരാഴ്ച പിന്നിടുന്നു. ഇതുവരെ അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തെരച്ചിലിന് ഹെലികോപ്റ്റര്‍ ഉപയോഗിച്ചില്ല. മന്ത്രിമാര്‍ ഇവിടെ സന്ദര്‍ശിച്ചില്ലെന്നും പരാതി ഉയരുന്നു. പത്തനംതിട്ടയിലെ അവലോകന യോഗത്തില്‍ നിന്നും കോന്നി എംഎല്‍എയെ മാറ്റി നിര്‍ത്തി. ഇത് ആദ്യത്തെ സംഭവമാണ്. പോരായ്മ ശ്രദ്ധയില്‍പ്പെടുത്തുന്നതുകൊണ്ടാണോ മാറ്റി നിര്‍ത്തിയത് എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. എല്ലാവരും ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിത്. ഇപ്പോഴത്തെ മുഖ്യമന്ത്രി ഭാവനയില്‍ കാര്യങ്ങള്‍ പറയുന്നു. അതിനെയാണ് നുണ എന്ന് പറയുന്നതെന്നും പിണറായി വിജയന് പരിഹസിച്ചു. സാമൂഹിക ക്ഷേമപെന്ഷന് വിതരണത്തില്‍ നിന്നും സഹകരണ ബാങ്കുകളെ ഒഴിവാക്കിയതിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. സര്‍ക്കാര്‍ നീക്കം പെന്‍ഷനെ പ്രതികൂലമായി ബാധിക്കുന്നതിലേക്ക് എത്തും. അക്കൗണ്ടില്‍ നിന്നും നേരിട്ട് പോയി പെന്ഷന് വാങ്ങാന്‍ കഴിയാത്തവര്‍ ഉണ്ട്. പഠിച്ച് ചെയ്യേണ്ട കാര്യമാണിത്. കിടപ്പിലായവര്‍ക്ക് നിലവിലെ രീതിയില്‍ പെന്ഷന് നല്‍കണം എന്നും പിണറായി വിജയന് ആവശ്യപ്പെട്ടു. മഴക്കെടുതിക്കിടെ വിരുന്നില്‍ പങ്കെടുത്ത മുഖ്യമന്ത്രിയുടെ വിശദീകരണത്തിലും പിണറായി വിജയന് പ്രതികരിച്ചു. ഈ സമയത്ത് കാണിക്കേണ്ട ഔചിത്യം ഉണ്ടെന്നും അതുണ്ടായോ എന്ന് മുഖ്യമന്ത്രി ചിന്തിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Content Highlights: Opposition Leader Pinarayi Vijayan said Kerala faced a serious crisis due to the rain disaster