'കേസ് പുനരന്വേഷിക്കണം എന്ന് പറഞ്ഞാൽ എങ്ങനെ വെല്ലുവിളിയാകും?; പുതിയൊരു മനുഷ്യനായി ജീവിക്കാൻ അവകാശമില്ല'

ഒരു മനുഷ്യന്‍ പറയുന്നതായി കണ്ടാല്‍ മതി. പാര്‍ട്ടിയൊക്കെ രണ്ടാമതാണെന്നും അര്‍ജുന്‍ ആയങ്കി വീഡിയോയിൽ

കൊച്ചി: പൊലീസ് വ്യാപക പരിശോധന നടത്തുന്നതിനിടെ വീഡിയോ സന്ദേശവുമായി അര്‍ജുന്‍ ആയങ്കി. തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അര്‍ജുന്‍ ആയങ്കി വീഡിയോ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. വെടിവെയ്ക്കുമെന്ന് വാര്‍ത്തകൊടുത്താല്‍ താന്‍ കീഴടങ്ങുമെന്നാണ് അവര്‍ കരുതിയിരിക്കുന്നതെന്ന് അര്‍ജുന്‍ വീഡിയോയില്‍ പറഞ്ഞു. ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചതായാണ് അവര്‍ പറയുന്നത്. തനിക്കെതിരെ എടുത്ത കള്ളക്കേസ് പുനരന്വേഷിക്കാനാണ് ആവശ്യപ്പെട്ടത്. അതെങ്ങനെ വെല്ലുവിളിയാകുമെന്ന് അര്‍ജുന്‍ ആയങ്കി ചോദിക്കുന്നു. ഒരു മനുഷ്യന്‍ പറയുന്നതായി കണ്ടാല്‍ മതി. പാര്‍ട്ടിയൊക്കെ രണ്ടാമതാണെന്നും അര്‍ജുന്‍ ആയങ്കി വീഡിയോ സന്ദേശത്തില്‍ പറയുന്നു.

'നിരപരാധികള്‍ വേട്ടയാടപ്പെടുമ്പോള്‍ ഉണ്ടാകുന്ന വികാരത്തിന് പക്വതയുണ്ടാകില്ല. കോടതി പോലും തന്നെ പറഞ്ഞത് ഹാബിച്വല്‍ ഒഫന്‍ഡര്‍ എന്നാണ്. നന്നാവാന്‍ തീരുമാനിച്ച ആളാണ് താന്‍. ഒരാള്‍ക്ക് പുതിയൊരു മനുഷ്യനായി ജീവിക്കാന്‍ ഈ നാട്ടില്‍ അവകാശമില്ലേ?. മരിക്കുന്നതുവരെ ക്രിമിനലായിരിക്കണം എന്നാണോ?. ക്രിമിനലാക്കി കൊല്ലണം എന്നതാണോ കേരള പൊലീസിന്റെ ഉദ്ദേശം', അര്‍ജുന്‍ ആയങ്കി ചോദിക്കുന്നു. ജയിലുകള്‍ പോലും കറക്ഷണല്‍ ഹോം എന്ന് പേര് മാറ്റി. ഒരാള്‍ ഒരു കുറ്റം ചെയ്ത് ജയിലില്‍ പോയി ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയാല്‍ അയാള്‍ മുന്‍പ് ചെയ്ത കുറ്റത്തിന്റെ പേരില്‍ ഒറ്റപ്പെടുത്താന്‍ പാടില്ല എന്നതാണ് നീതി. തനിക്ക് തിരുത്താനും തിരിച്ചുവരാനുമുള്ള അവസരമൊന്നുമില്ലേ?. എവിടെയും ഇല്ലേ. പാര്‍ട്ടിയില്‍ പോലും തനിക്ക് അങ്ങനെ ഒരു അവസരം ഇല്ല. താന്‍ അങ്ങോട്ട് പോകാന്‍ ആഗ്രഹിക്കുന്നുമില്ല. താന്‍ നിലപാടുകള്‍ പറയുന്നത് തന്റെ മനസന്തോഷത്തിന് വേണ്ടിയാണ്. അല്ലാതെ നാളെ മരിച്ചാല്‍ ചെങ്കൊടി പുതപ്പിക്കുമെന്ന് കരുതിയല്ല. അതിന് താന്‍ അര്‍ഹനുമല്ല. തനിക്ക് ഹീറോയാകേണ്ട. അങ്ങനെ ആഗ്രഹിക്കുന്നില്ല. തനിക്ക് ഒരു പൗരനായാല്‍ മതി. തനിക്ക് സ്വാഭാവികമായി ലഭിക്കേണ്ട നീതി ലഭിക്കണം. പൊലീസിന്റെയോ കോടതിയുടെയോ ഭാഗത്തുനിന്ന് നീതി ലഭിക്കുന്നില്ല. നീതി നിഷേധിക്കപ്പെടുന്ന മനുഷ്യന്‍ ഏത് രീതിയിലാണ് പ്രതികരിക്കുകയെന്നും അര്‍ജുന്‍ ആയങ്കി ചോദിച്ചു.

ഒരു ജാമ്യത്തിന് പോയാല്‍ സ്ഥിരം കുറ്റവാളി എന്ന നിലയിലാണ് കാണുന്നത്. നാല് കേസുള്ളവന്‍ ഒരു കള്ളക്കേസില്‍ കുടുങ്ങിയാലും അയാള്‍ ആ കുറ്റം ചെയ്തവനായി മാറും. മുന്‍വിധിയോടെയാണ് ഇതിനെ കാണുന്നത്. അയാള്‍ക്ക് നന്നാകാനുള്ള അവസരം ഈ നാട്ടില്‍ ഇല്ല. അതാണോ ചെയ്യേണ്ടത്. ഉള്ള കേസും ഇല്ലാത്ത കേസും തന്റെ തലയില്‍ കെട്ടിവെച്ച് താന്‍ ആജീവനാന്തം ജിലില്‍ കിടക്കണം എന്നാണോ പറയുന്നതെന്നും അര്‍ജുന്‍ ആയങ്കി ചോദിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ 23 ഓളം കേസുകള്‍ എടുത്തതായാണ് അറിയുന്നത്. ആകെ മുങ്ങിയാല്‍ കുളിരില്ല എന്നുണ്ട്. താന്‍ ആകെ മുങ്ങിയിട്ടാണ് ഉള്ളത്. ജീവപര്യന്തം തടവിലിട്ടാലും തനിക്ക് പ്രശ്‌നമില്ലെന്നും അര്‍ജുന്‍ ആയങ്കി കൂട്ടിച്ചേര്‍ത്തു.

Content Highlights- Arjun Ayanki released a video message questioning how a demand for reinvestigation could be viewed as a challenge

To advertise here,contact us