'അയിത്തം കൽപ്പിക്കുന്നതിന് മുമ്പേ ഞാൻ ഈ പ്രസ്ഥാനത്തിലുണ്ടായിരുന്നു; പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്'

എം വി ജയരാജന് മറുപടിയുമായി അർജുൻ ആയങ്കി

കണ്ണൂര്‍: ഒളിവിലിരുന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നത് തുടര്‍ന്ന് അര്‍ജുന്‍ ആയങ്കി. അര്‍ജുന്‍ ആയങ്കിയെ തൂഫാന്‍ പോലെ തൂക്കണമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്റെ പ്രതികരണത്തിനാണ് മറുപടി. പിന്തുണ വേണ്ട, പിന്നില്‍ നിന്ന് കുത്തരുതെന്നാണ് പോസ്റ്റ്.

തനിക്ക് അയിത്തം കല്‍പ്പിക്കുന്നതിനും തള്ളിപ്പറയുന്നതിനും മുന്‍പ് താനീ പ്രസ്ഥാനത്തിലുണ്ടായിരുന്നുവെന്നും അര്‍ജുന്‍ കുറിച്ചു. അഞ്ച് കിലോമീറ്റര്‍ അപ്പുറത്തൊരു സഖാവിന് കുത്തേല്‍ക്കുമ്പോള്‍ രക്തം തിളച്ച് തിരിച്ചടിക്കാന്‍ വേണ്ടി സ്വന്തം ജീവനും ജീവിതവും മറന്ന് തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്. ഈ പാര്‍ട്ടിയുടെ പ്രതിസന്ധികളിലെല്ലാം പേനയുന്തിയതിനും പ്രതികരിച്ചതിനും കൊണ്ടൊക്കെ കൂടിയാണ് താൻ കള്ളക്കേസില്‍ ജയിലിലടക്കപ്പെട്ടതെന്നും അര്‍ജുന്‍ ഓര്‍മിപ്പിച്ചു.

അര്‍ജുന്‍ ആയങ്കിയുടെ ഫേസ്ബുക്ക് കുറിപ്പ്

മറ്റെല്ലാവർക്കും തിരുത്താനും നവീകരിക്കാനും തിരിച്ചുവരാനുമുള്ള അവസരങ്ങളുണ്ട് അർജ്ജുൻ ആയങ്കി ശത്രുക്കളെക്കാൾ വലിയ ശത്രുവാണെന്ന പോലെ എന്നെ വെടിവെച്ച് കൊന്നാൽ സന്തോഷമേയുള്ളൂ അത് താനാഗ്രഹിക്കുന്നു എന്ന തരത്തിലുള്ള പ്രതികരണം നടത്തിയ എംവി ജയരാജൻ സഖാവിനോടാണ്, എനിക്ക് അയിത്തം കൽപ്പിക്കുന്നതിന് മുൻപ് തള്ളിപ്പറയുന്നതിന് മുൻപ് ഞാനീ പ്രസ്ഥാനത്തിലുണ്ടായിരുന്നു, അഞ്ച് കിലോമീറ്റർ അപ്പുറത്തൊരു സഖാവിന് കുത്തേൽക്കുമ്പോൾ രക്തം തിളച്ച് തിരിച്ചടിക്കാൻ വേണ്ടി സ്വന്തം ജീവനും ജീവിതവും മറന്ന് തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലിൽ കിടന്നിട്ടുമുണ്ട്.!

ഈ പാർട്ടിയുടെ പ്രതിസന്ധികളിലെല്ലാം പേനയുന്തിയതിനും പ്രതികരിച്ചതിനും കൊണ്ടൊക്കെ കൂടിയാണ് ഞാൻ കള്ളക്കേസിൽ ജയിലിലടക്കപ്പെട്ടത്. മയ്യിലൊരു സഖാക്കളെ ആക്രമിച്ചിരുന്ന കോൺഗ്രസ് ക്രിമിനലിന് പോലീസിന്റെ അടികിട്ടിയപ്പോൾ അയാളെ വീട്ടിൽ പോയി കണ്ട് ആശ്വസിപ്പിച്ചതിന്റെ ഒരു ശതമാനം പോലും ഞാൻ ആഗ്രഹിക്കുന്നില്ല.., പക്ഷേ

പിന്തുണ വേണ്ട.. പിന്നിൽ നിന്ന് കുത്തരുത്…!!

അര്‍ജുന്‍ ആയങ്കിയെ തൂഫാന്‍ പോലെ തൂക്കണമെന്നായിരുന്നു എം വി ജയരാജന്‍ പറഞ്ഞത്. തൂക്കിക്കൊല്ലുകയല്ല, പിടിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആയങ്കിയെ പിടിക്കാനുള്ള കരുത്ത് ആഭ്യന്തരമന്ത്രി കാണിക്കണം. എവിടെയാണോ അവിടെ പോയി പിടിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രതിയായ ഒരാള്‍ പൊലീസിനെ വെല്ലുവിളിച്ച് നടക്കുന്നത് ആശ്ചര്യകരമാണ്. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണത്തിന് ക്വട്ടേഷൻ സംഘത്തിന്റെ പിന്തുണ പാര്‍ട്ടിക്ക് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്വട്ടേഷൻ സംഘത്തെ ക്വട്ടേഷൻ സംഘമായി തന്നെ കാണണം. വിഷയത്തില്‍ മനു തോമസിന്റെ ആരോപണങ്ങള്‍ വസ്തുതയില്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വളര്‍ന്നുവന്ന പാര്‍ട്ടി എന്ന് ആയങ്കി പറഞ്ഞത് ക്വട്ടേഷൻ പാര്‍ട്ടിയെക്കുറിച്ചാകുമെന്നും അത് സിപിഐഎം ആകാനുള്ള സാധ്യത ഇല്ലെന്നും എം വി ജയരാജന്‍ പറഞ്ഞു. അയാളെ തേച്ചൊട്ടിച്ച പാര്‍ട്ടിയെക്കുറിച്ച് അങ്ങനെ പറയാന്‍ ഇടയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അർജുൻ ആയങ്കിയുടെ സുഹൃത്തുക്കൾക്ക് ജാമ്യം നൽകി. ഊന്നുകല്ല് പൊലീസ് അറസ്റ്റ് ചെയ്ത നാല് പ്രതികൾക്കാണ് കോടതി ജാമ്യം അനുവദിച്ചത്. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നാലാം കോടതിയാണ് ജാമ്യം നൽകിയത്.

അർജുൻ ആയങ്കിക്കായി കോഴിക്കോട് റൂറൽ മേഖലയിൽ പൊലീസ് പരിശോധന നടത്തുകയാണ്. വളയം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിലാണ് പൊലീസ് പരിശോധന. കണ്ണൂർ ജില്ലകളുടെ അതിർത്തി പങ്കിടുന്ന കായലോട്ട് താഴെ, മുണ്ടത്തോട് പാലം, ചെറ്റക്കണ്ടി പാലം എന്നിവിടങ്ങളിലാണ് പരിശോധന. ചെക്യാട് പഞ്ചായത്തിലെ അന്ധിയേരി, വളയം പഞ്ചായത്തിലെ ചുഴലി, മുതുകുറ്റി എന്നിവിടങ്ങളിലും പരിശോധന നടത്തുന്നുണ്ട്.

Content Highlights:Arjun Ayanki Responds to M V Jayarajan

To advertise here,contact us