ഇന്നും മഴ തുടരും; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

എറണാകുളം ജില്ലയില്‍ പുലര്‍ച്ച 5 മണിക്ക് ശേഷവും തൃശൂര്‍ ആറ് മണിക്ക് ശേഷവുമാണ് കളക്ര്‍ അവധി പ്രഖ്യാപിച്ചത്. ശക്തമായ മഴ തുടരുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. ഇന്ന് എട്ട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസം കൂടി സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുമെന്നാണ് പ്രവചനം.

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ഇന്ന് 8 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോട്ടയം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടി മുതല്‍ പ്രഫഷണല്‍ കോളജുകള്‍ക്ക് വരെ അവധി ബാധകമാണ്. ഇടുക്കിയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്. എറണാകുളം ജില്ലയില്‍ പുലര്‍ച്ച 5 മണിക്ക് ശേഷവും തൃശൂരിൽ ആറ് മണിക്ക് ശേഷവുമാണ് കളക്ര്‍ അവധി പ്രഖ്യാപിച്ചത്. ശക്തമായ മഴ തുടരുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. തൃശൂരില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ലെന്ന് കളക്ടര്‍ അറിയിച്ചു.

വിവിധ ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഈ മാസം എട്ടാം തീയതി വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരുകയാണ്.

Content Highlights: Rain is expected to continue across Kerala today with an Orange Alert in eight districts. Educational institutions in eight districts have been given a holiday as a precaution.

To advertise here,contact us