തിരുവനന്തപുരം: കാലാവസ്ഥ രൂക്ഷമായതിന് പിന്നാലെ കടലില്‍ മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തില്‍ സര്‍ക്കാരിനെതിരെ കുടുംബാംഗങ്ങള്‍. തിരച്ചില്‍ കാര്യക്ഷമമല്ലെന്നാണ് അഞ്ചുതെങ്ങില്‍ നിന്ന് കാണാതായ ഷിജിന്, നീണ്ടകരയില്‍ നിന്ന് കാണാതായ ഗൗതം കൃഷ്ണ, വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോണ്‍ എന്നിവരുടെ കുടുംബം പറയുന്നത്. മൂന്ന് പേരെയും ഒരാഴ്ചയായി കാണാതായിട്ട്. കഴിഞ്ഞ ദിവസം ഗൗതം കൃഷ്ണയുടെ അമ്മ നടത്തിയ കടുത്ത പ്രതിഷേധത്തിന് പിന്നാലെ ഇന്ന് നീണ്ടകരയില്‍ തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. മുങ്ങല്‍ വിദഗ്ദര്‍ അടക്കമുള്ള സംഘമാണ് തിരച്ചിലിനുള്ളത്.
എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള തിരച്ചില്‍ നടക്കുന്നില്ലെന്ന് ഷിജിന്റെ ഭാര്യ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സ്വന്തം നിലയ്ക്ക് സ്കൂബ ഡൈവേഴ്സിനെ വെച്ച് തിരച്ചില്‍ നടത്തുകയായിരുന്നുവെന്നും ഭാര്യ പറഞ്ഞു. ഷിജിന്റെ സുഹൃത്തുക്കളായ സ്കൂബ ഡൈവേഴ്സാണ് കടലില്‍ സ്വന്തം നിലയ്ക്ക് തിരച്ചില്‍ നടത്തിയത്.
'ഞങ്ങളെ കൈവിട്ട മട്ടാണ്. എനിക്ക് എന്റെ ഭര്‍ത്താവിനെ വേണം. കടലില്‍ പോയ പപ്പ തിരിച്ചുവരാത്തതെന്താണെന്ന് മക്കള്‍ ചോദിക്കുന്നു. ഞാന്‍ എന്ത് ചെയ്യണം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആളുകള്‍ വന്നിരുന്നു. പക്ഷേ എനിക്ക് ആശ്വാസ വാക്കല്ല വേണ്ടത്. എനിക്ക് എന്റെ ഭര്‍ത്താവിനെയാണ് വേണ്ടത്. വിദേശത്ത് പോയതാണ്. യുദ്ധം കാരണം തിരിച്ചു വന്നതാണ്. എന്നെ ആരും ആശ്വസിപ്പിക്കണ്ട, മക്കളുടെ ചോദ്യത്തിനുള്ള ഉത്തരമാണ് വേണ്ടത്. എത്ര ദിവസം ഞാന്‍ മക്കളോട് പറയും. എനിക്ക് പറഞ്ഞ് മടുത്തു', ഷിജിന്റെ ഭാര്യ പറഞ്ഞു.
അതേസമയം ഇന്നലെ കളക്ട്രേറ്റില്‍ പോയിരുന്നുവെന്നും എല്ലാ കാര്യങ്ങളിലും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോണിന്റെ മകളും റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. തമിഴ്നാട് ഭാഗത്തേക്ക് തിരച്ചില്‍ ഊര്‍ജിതമാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. കാണാതായിട്ട് ഇന്നേക്ക് എട്ടാം ദിവസമാണ്. എട്ടാം ദിവസമല്ല കാര്യക്ഷമമായ തിരച്ചില്‍ നടത്തേണ്ടതെന്നും മകള്‍ കുറ്റപ്പെടുത്തി.
'സംവിധാനം നമ്മുടെ കയ്യില്‍ ഉണ്ട്. അത് ഉപയോഗിക്കാനുള്ള ഫണ്ടില്ലെന്നാണ് കളക്ടര്‍ പറഞ്ഞത്. അതൊരു വാസ്തവമാണ്. കടലില്‍ പോകുമ്പോള്‍ വീട്ടിലുള്ളവര്‍ക്ക് തീയാണ്. ഒരു കമ്മ്യൂണിറ്റിയുടെ ആവശ്യങ്ങളെ, അവര്‍ക്ക് അപകടം വരുമ്പോള്‍ സഹായിക്കാത്ത സംവിധാനങ്ങളെയാണ് ഞങ്ങള്‍ ചോദ്യം ചെയ്തത്. ഫിഷറീസ് വകുപ്പ് മന്ത്രി എത്തി നോക്കിയിട്ടില്ല. മന്ത്രിസ്ഥാനത്ത് ഇരിക്കുന്നവരുടെ ഉത്തരവാദിത്തം ചൂണ്ടിക്കാണിച്ചത് അതുകൊണ്ടാണ്. മുഖ്യമന്ത്രി പറഞ്ഞതും അത് ചൂണ്ടിക്കാട്ടിയതിന് ലഭിച്ച പ്രതികരണവും നിങ്ങള്‍ കണ്ടതാണ്. ഞങ്ങള്‍ക്ക് ഒരു ആവശ്യമുണ്ട്. സര്‍ക്കാരിനോട് നമ്മള് അത് ചോദിക്കുന്നു. അതിന്റെ പേരില്‍ പാര്‍ട്ടി പിടിച്ച് പക്ഷം ചേരുന്നവരെ പമ്പര വിഡ്ഢിയായേ കണക്കാക്കുന്നുള്ളൂ. ഞങ്ങള്‍ ഉത്തരം കിട്ടുന്നത് വരെ ചോദ്യം ചോദിക്കും. സര്‍ക്കാരാണ് മറുപടി നല്‍കേണ്ടത്. അതിന് വേണ്ടിയാണ് വോട്ട് തന്ന് അവിടെ ഇരുത്തിയത്', മകള്‍ പ്രതികരിച്ചു.
Content Highlights: Families of fishermen missing at sea following severe weather conditions have raised strong criticism against the Kerala government, demanding urgent search and rescue efforts.