തിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തും മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി ലത്തീന്‍ സഭ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര. സംഭവം ആവര്‍ത്തിക്കുന്നത് ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് യൂജിന്‍ പെരേര പറഞ്ഞു. മത്സ്യത്തൊഴിലാളികളോട് പുറംതിരിഞ്ഞു നില്ക്കുന്ന സമീപനമാണുള്ളതെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'2018ല്‍ ഓഖിയുണ്ടായപ്പോള്‍ ഭരണകൂടം പരാജയപ്പെട്ടു. അവിടെ നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് പോയിട്ടില്ല. കാലാവസ്ഥാ മുന്നറിയിപ്പിനുള്ള ഫലപ്രദമുള്ള സംവിധാനം ഏര്‍പ്പെടുത്തണം. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഏജന്‍സി ഉറക്കത്തിലാണ്. ജൂണ്‍ മാസത്തില്‍ ഫിഷറീസ് മന്ത്രിയെ നേരിട്ട് കണ്ട് മുതലപ്പൊഴിയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ലൈറ്റ് ലഭിക്കാനുള്ള സംവിധാനം പോലും ചെയ്തിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിക്കാന്‍ സമ്മര്‍ദ്ദം ചെയ്യുന്നുണ്ട്', യൂജിന്‍ പെരേര പറഞ്ഞു.
കാലാവസ്ഥാ മുന്നറിയിപ്പ് നല്കാന് ഫലപ്രദമായ സംവിധാനം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ഒരു സ്ക്വാഡ് ഇല്ല. കൃത്യമായ മേല്‍നോട്ടം വഹിക്കാത്തത് കൊണ്ടാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും യൂജിന്‍ പെരേര പറഞ്ഞു.
'ഇനി ഒരു മരണം ഇല്ലാതിരിക്കാന്‍ ഇടപെടല്‍ ഉണ്ടാകണം. കാലാവസ്ഥാ വ്യതിയാനം കൃത്യമായി അറിയിക്കണം. കടലില്‍ പോകരുത് എന്ന് മുന്നറിയിപ്പ് നല്കുമ്പോള് മിനിമം വേതനം നല്കാന് സര്‍ക്കാര്‍ തയ്യാറാകണം. സഹായം ലഭിക്കാതെ വരുമ്പോഴാണ് മുന്നറിയിപ്പ് ലംഘിച്ചും മത്സ്യബന്ധനത്തിന് പോകുന്നത്. മത്സ്യതൊഴിലാളികളെ അവഗണിക്കുന്ന സമീപനത്തിന് എതിരെ പ്രതിഷേധിക്കും. മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം', യൂജിന്‍ പെരേര ആവശ്യപ്പെട്ടു.
അതേസമയം മത്സ്യത്തൊഴിലാളികളുടെ ജീവനും തൊഴിലിനും സര്‍ക്കാരിന്റെ പിന്തുണ അത്യാവശ്യമാണെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാന് ബിഷപ്പ് ഡോ. ആന്റണി വാലുങ്കല്‍ പറഞ്ഞു. വര്‍ഷകാലത്ത് വറുതിയിലാകുന്ന തീരദേശത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ പ്രാഥമികമായ ആവശ്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ പ്രഥമ പരിഗണന അത്യാവശ്യമാണെന്നും കടലില്‍ മല്ലിടുന്ന പാവപ്പെട്ടവരുടെ ജീവിതങ്ങളെ സംരക്ഷിക്കുവാനുള്ള ധാര്‍മികമായ ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ടെന്ന് ആന്റണി വാലുങ്കല്‍ കൂട്ടിച്ചേര്‍ത്തു. കടലില്‍ കാണാതാകുന്ന മനുഷ്യരുടെ എണ്ണം പെരുകുന്ന ഈ കാലഘട്ടത്തില്‍ അടിയന്തരമായി സര്‍ക്കാരിന്റെ പരിഗണന തീരദേശത്തുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ സംസ്ഥാനത്തിന്റെ ഹെലികോപ്റ്റര്‍ ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഐക്യവേദി രംഗത്തെത്തി. മത്സ്യബന്ധനത്തിനിടെ തൊഴിലാളികള്‍ മുങ്ങി മരിക്കുന്നത് പതിവാകുന്നുവെന്നും രണ്ടാഴ്ച മുമ്പും പുതുവൈപ്പിനില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ടു പേര് മുങ്ങിമരിച്ചെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ദുരവസ്ഥയ്ക്ക് നേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുന്നു. അപകടമുണ്ടായാല്‍ നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സഹായം ലഭിക്കുന്നത് അപൂര്‍വമായി മാത്രമാണെന്നും അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്നും ചാള്‍സ് ജോര്‍ജ് ആരോപിച്ചു.
Content Highlights: Latin Church Vicar General Eugene Perera has strongly criticised the authorities over the disappearance of fishermen from Muthalapozhi and Vizhinjam, demanding urgent action and accountability