'വിരട്ടരുത് വളർന്ന പാർട്ടി വേറെയാണ്'; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

കള്ളക്കേസെടുത്ത് അധികാരദുർവിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാൻ ഞാൻ ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു

കൊച്ചി: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അ‍ർജുൻ ആയങ്കി. വിരട്ടരുത്.. വളർന്ന പാർട്ടി വേറെയാണ് എന്നാണ് രമേഷ് ചെന്നിത്തലയ്ക്കുള്ള മറുപടി എന്ന നിലയിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള അർജുൻ ആയങ്കിയുടെ വെല്ലുവിളി. 'ഇനി എന്താ വരുന്നതെന്ന് നോക്കൂ എന്നൊക്കെയാണ് അഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല പറയുന്നത്. ഞാനുമെന്റെ സുഹൃത്തുക്കളും പ്രതിചേർക്കപ്പെട്ട് ജയിലലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാൻ, ശേഷം ഞാൻ നിരപരാധിയെങ്കിൽ കള്ളക്കേസെടുത്ത് അധികാരദുർവിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാൻ ഞാൻ ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കിൽ ഞാൻ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും' എന്നും അർജുൻ ആയങ്കി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. അല്ലാണ്ട് വിരട്ടരുത്.. വളർന്ന പാർട്ടി വേറെയാണ് എന്ന് വെല്ലുവിളിച്ചാണ് അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിച്ചിരിക്കുന്നത്.

ധൈര്യമുണ്ടെങ്കിൽ പോലീസ് തന്നെ പിടിക്കട്ടെയെന്ന അ‍ർജു ആയങ്കിയുടെ വെല്ലുവിളിയോടായിരുന്നു നേരത്തെ രമേശ് ചെന്നിത്തല പ്രതികരിച്ചത്. പൊലീസിനെ വെല്ലുവിളിച്ചവർക്ക് ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാണാമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഗുണ്ടകളെയും ക്രിമിനലുകളെയും നേരിടാൻ സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടി ആയിട്ടായിരുന്നു രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചു കൊണ്ട് അർജുൻ ആയങ്കി ഫേസ്ബുക്ക് പോസ്റ്റിട്ടത്.

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ കീഴടങ്ങില്ലെന്ന് പ്രതി അര്‍ജുന്‍ ആയങ്കി നേരത്തെ ഭീഷണി മുഴക്കിയിരുന്നു. പറ്റുമെങ്കില്‍ കണ്ടുപിടിക്കാനും പൊലീസുകാരെ വെല്ലുവിളിച്ചിരുന്നു. കീഴടങ്ങാന്‍ ആയിരുന്നു താന്‍ ആദ്യം ഉദ്ദേശിച്ചത്. അപ്പോള്‍ തന്റെ സുഹൃത്തുക്കളുടെ ലൊക്കേഷന്‍ കണ്ടെത്തി ഭീഷണിപ്പെടുത്തുന്നു. ഹൈക്കോടതിയില്‍ നിര്‍ത്തണമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഇനി ജാമ്യം എടുത്തിട്ടെ താന്‍ പുറത്ത് വരൂ എന്നും ഭീഷണി സന്ദേശത്തിൽ അര്‍ജുന്‍ ആയങ്കി പറഞ്ഞിരുന്നു. കൊടുക്കാനുള്ളത് സമയത്ത് തന്നെ കൊടുക്കുമെന്നും താന്‍ ഒരുപാട് പോലീസുകാരെ കണ്ടിട്ടുണ്ടെന്നും അര്‍ജുന്‍ ആയങ്കി പറയുന്നുണ്ട്. ഊന്നുകല്‍ സ്റ്റേഷനിലെ എസ്എച്ച്ഒയ്ക്കാണ് ഭീഷണി സന്ദേശം എത്തിയത്. കോതമംഗലം എസ്എച്ച്ഒ യെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Content Highlights: Arjun Ayanki hits back at Kerala Home Minister Ramesh Chennithala, saying "Don't threaten us, this is a different party," escalating the political war of words.

To advertise here,contact us