തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളിയായ ജോണിനെ കാണാതായിട്ട് ഇന്നേക്ക് ഏഴ് ദിവസം. അന്വേഷണം കാര്യക്ഷമമല്ലെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി. തങ്ങള്‍ ആവശ്യപ്പെടുന്നത് എഴുതി കൊടുക്കാനാണ് കളക്ടര്‍ പറയുന്നതെന്നും തങ്ങളാണ് എഴുതേണ്ടതെങ്കില്‍ നിങ്ങളെന്തിനാണ് അവിടെ നില്‍ക്കുന്നതെന്നാണ് ജോണിന്റെ മകള്‍ റിപ്പോര്‍ട്ടറിനോട് സംസാരിക്കവെ ചോദിച്ചത്. ഇതുവരെ നടത്തിയ തിരച്ചില്‍ ഒന്നും തൃപ്തികരമല്ലെന്നും രണ്ട് എയര്‍ക്രാഫ്റ്റ് ഇറക്കി ഒന്നര മണിക്കൂറാണ് തിരച്ചില്‍ നടത്തിയതെന്നും മകള്‍ കുറ്റപ്പെടുത്തി.
'ഫിഷറീസ് വകുപ്പില്‍ നിന്ന് ആരും ബന്ധപ്പെട്ടില്ല. മത്സ്യഫെഡില്‍ നിന്ന് വന്ന് കാര്യങ്ങള്‍ തിരക്കിയതല്ലാതെ തിരച്ചിലിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. ഒരു ജീവനായത് കൊണ്ടാണോ. അര്ജുന് വേണ്ടി ഒരുപാട് ചെലവാക്കിയില്ലേ. നിങ്ങള്‍ എന്ത് മാനദണ്ഡമാണ് ഇതിന് കല്‍പ്പിക്കുന്നത്. ഒരു മാനദണ്ഡം തയ്യാറാക്കൂ. കരയില്‍ ഒരു അപകടമുണ്ടായാല്‍ അത്രയും വില കൊടുക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് അത്രയേ വില നല്‍കൂ എന്ന് എഴുതി തരണം', മകള്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെയും ജോണിന്റെ മകള്‍ പ്രതികരിച്ചു. കടല്‍ തീരത്ത് പോയാലുള്ള അവസ്ഥ അറിയാലോ എന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. എന്ത് അവസ്ഥ? ഞങ്ങളെ ആക്ഷേപിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും മകള്‍ ആവശ്യപ്പെട്ടു. ദുരന്ത നിവാരണ വകുപ്പിന്റെ മേധാവി മുഖ്യമന്ത്രിയല്ലേ. മുഖ്യമന്ത്രി എന്ത് ചെയ്തു? മാധ്യമങ്ങളോട് പച്ചക്കള്ളം പറയുകയാണ്. എഡി പറയുന്ന വിവരവും മുഖ്യമന്ത്രി പറയുന്നതും തമ്മില്‍ അന്തരമുണ്ട്. എന്താണ് നോട്ടിക്കല്‍ മൈല്‍ എന്ന് പോലും അറിയാത്ത ഉദ്യോഗസ്ഥരുണ്ടെന്നും മകള്‍ പറഞ്ഞു.
ഇന്നലെ ഏരിയല്‍ തിരച്ചിലുണ്ടാകുമെന്ന് പറഞ്ഞിട്ടും നടന്നില്ലെന്ന് ജോണിന്റെ മകന് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. പിന്നെ എന്തിനാണ് വാഗ്ദാനം നല്‍കിയത്. ഏഴ് ദിവസമായി ഒരാളെ കാണാതായിട്ട്. ഇത്ര ദിവസമായിട്ടും വിവരം ശേഖരിക്കാന്‍ സാധിക്കാത്ത സിസ്റ്റമാണോ നമുക്കുള്ളത്. അദ്ദേഹം കരയിലാണോ കടലിലാണോ എന്ന് കണ്ടെത്താനുള്ള സിസ്റ്റം നമുക്ക് ഇല്ലേയെന്നും മകന് ചോദിച്ചു. ജൂലൈ 31നായിരുന്നു ജോണിനെ കാണാതായത്.
Content Highlights: Seven days after Vizhinjam fisherman John went missing, his family has expressed anger over the government's response and criticised the Chief Minister