പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതിയാകും. ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് പി എസ് പ്രശാന്ത് ഉള്‍പ്പെടെ ബോര്‍ഡ് അംഗം അജികുമാര്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരെ പ്രതികളാക്കുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്. ശബരിമലയിലെ നെയ്യ് ക്രമക്കേട് ഇടപാടിന് നേതൃത്വം വഹിച്ചത് ഇവരാണെന്നാണ് വിജിലസിന്റെ വിലയിരുത്തല്‍. നെയ്യ് ഇടപാട് വഴി ദേവസ്വം ബോര്‍ഡിന് 2.3 കോടിയുടെ നഷ്ടമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പിഎസ് പ്രശാന്ത്, അജികുമാര്‍, മുരാരി ബാബു എന്നിവര്‍ ശബരിമല സ്വര്‍ണക്കൊള്ള കേസിലും പ്രതികളാണ്.
ദേവസ്വം വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മുന്‍ ബോര്‍ഡ് അംഗങ്ങളായ ഇവരുടെയും പങ്ക് കണ്ടെത്തി. ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ അറിയാതെ ഇങ്ങനെയൊരു ക്രമക്കേട് നടക്കില്ലെന്ന് വിജിലന്‍സ് സംശയിച്ചിരുന്നു. പീന്നിടാണ് അന്വേഷണം പി എസ് പ്രശാന്ത് ഉള്‍പ്പെടെ ഉള്ളവരിലേക്ക് തിരിയുന്നത്.
ശബരിമലയിലെ നെയ്യ് ക്രമക്കേടിൽ ക്രൈംബ്രാഞ്ചിൻ്റെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്. ദേവസ്വം സെക്രട്ടറി രാജമാണിക്യം നടത്തിയ അന്വേഷണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. മില്‍മയില്‍ നിന്ന് ശബരിമലയിലേക്ക് നെയ്യ് കൊണ്ടുപോയ രീതി ഉള്‍പ്പെടെ അന്വേഷണ വിധേയമാക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.
ശബരിമലയിലേയ്ക്കുള്ള മിൽമയുടെ നെയ്യ് വിതരണത്തിൽ ഗുരുതര ക്രമക്കേട് നടന്നതായി ക്ഷീരവികസന വകുപ്പിൻ്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം വിവാദമായത്. ഒന്നര ലക്ഷം ലിറ്ററിലധികം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിയതായാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
Content Highlights: Former Devaswom Board President P S Prashanth is set to be named an accused in the Sabarimala ghee irregularities case.