തിരുവനന്തപുരം: മദ്യക്കുപ്പികള്‍ തിരികെ വാങ്ങുന്ന പദ്ധതി നിര്‍ത്തലാക്കിയാതായി ബെവ്കോ അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി എക്സൈസ് മന്ത്രി രംഗത്ത്. പദ്ധതി നിര്‍ത്താന്‍ ഉള്ള തീരുമാനത്തെ തിരുത്തിയതായി മന്ത്രി വ്യക്തമാക്കി. പദ്ധതിയെക്കുറിച്ച് മന്ത്രിക്ക് മോശം അഭിപ്രായം ഇല്ലെന്നും തല്ക്കാലം ഓണം വരെ പദ്ധതി നിര്‍ത്തിവയ്ക്കുമെന്നും എം ലിജു പറഞ്ഞു. ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് തീരുമാനമെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി ഓണത്തിന് ശേഷം വീണ്ടും പരിഷ്കരിച്ച് പദ്ധതി നടപ്പിലാക്കുമെന്നും അറിയിച്ചു.
നാളെ മുതല്‍ പദ്ധതി നിര്‍ത്തലാക്കുമെന്നും ഇനി ഒഴിഞ്ഞ മദ്യകുപ്പികള്‍ നല്കിയാല് 20 രൂപ ലഭിക്കില്ലെന്നുമായിരുന്നു ബെവ്കോ അറിയിച്ചിരുന്നത്. പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോള്‍ 20 രൂപ അധികം നല്‍കണമായിരുന്നു. ഒഴിഞ്ഞ കുപ്പി തിരികെ നല്കിയാല് 20 രൂപ തിരികെ നല്‍കുന്നതായിരുന്നു രീതി. പദ്ധതിക്കെതിരെ നേരത്തെ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. മദ്യശാലകളുടെ പ്രവര്‍ത്തനത്തെ പദ്ധതി ബാധിച്ചുവെന്നും കാലിയായ മദ്യക്കുപ്പികള്‍ നീക്കം ചെയ്യാത്തത് ബുദ്ധിമുട്ടായെന്നുമായിരുന്നു ഉയര്‍ന്ന പരാതി. മദ്യം സംഭരിക്കേണ്ട സ്ഥലത്തിന്റെ വലിയൊരു ഭാഗം കാലിക്കുപ്പികള്‍ സംഭരിച്ചതോടെ സ്റ്റോക്ക് സംഭരിക്കുന്നതിനും തടസ്സമായിരുന്നു.
കുപ്പികള്‍ ശേഖരിക്കുന്നത് ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി. മദ്യശാലകള്‍ക്ക് സമീപം പ്ലാസ്റ്റിക് കുപ്പികള്‍ കുമിഞ്ഞു കൂടുന്നതും വാര്‍ത്തയായിരുന്നു. പദ്ധതി പിന്‍വലിച്ചതായി നോട്ടീസ് പ്രദര്‍ശിപ്പിക്കാനും നേരത്തെ ബെവ്കോ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി തുടങ്ങിയത്. തിരഞ്ഞെടുക്കപ്പെട്ട ഔട്ട്ലെറ്റുകളിലൂടെ വില്‍ക്കുന്ന പ്ലാസ്റ്റിക് മദ്യക്കുപ്പികളില്‍ 20 രൂപ അധികം ഈടാക്കുന്നതിനായി പ്രത്യേകം ക്യൂ ആര് കോഡ് പതിപ്പിച്ചാണ് വിറ്റിരുന്നത്. ഈ ക്യൂആര്‍ കോഡ് പതിച്ച കാലിക്കുപ്പികള്‍ അതേ ഔട്ട്ലെറ്റില് തിരിച്ചു നല്കിയാല് ഉപഭോക്താവിന് 20 രൂപ തിരിച്ചു നല്‍കുന്നതായിരുന്നു രീതി. ഈ നിലയില്‍ 2024 സെപ്റ്റംബര്‍ 15 മുതല്‍ ഡിസംബര്‍ 10വരെയുള്ള കാലയളവില്‍ 6.63 കോടിയോളം രൂപയാണ് പദ്ധതി പ്രകാരം ബെവ്കോ ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കിയത്.
Content Highlights: The state government has decided to temporarily pause the BEVCO bottle return scheme until the Onam season. Minister M. Liju said the decision was taken considering operational challenges and added that the initiative will be revised and reintroduced after the festival.