ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് എതിരായ പൊലീസ് നടപടിക്ക് ഉത്തരവ് നല്‍കിയത് ആരെന്ന് പറയണമെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ ഒളിച്ച് ഇരിക്കുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ഒട്ടും പിന്നോട്ടില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അമിത് ഷാ പ്രസ്താവന നടത്തുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അയോധ്യയില്‍ വിശ്വാസികളുടെ പണം അടിച്ച് മാറ്റിയെന്നും കേന്ദ്രം മൗനം പാലിക്കുന്നുവെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. എഫ്സിആര്‍എ ബില്‍ കൊണ്ട് വന്നത് ദുരുദ്ദേശത്തോടെയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ബില്ലിലെ ഇളവിന്റെ കാര്യം പ്രതിപക്ഷവുമായി സംസാരിച്ചിട്ടില്ലെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
ജാര്‍ഖണ്ഡ് പ്രതിഷേധത്തെ കുറിച്ചും കെ സി വേണുഗോപാൽ പ്രതികരിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹേമന്ത് സോറനുമായി സംസാരിച്ചെന്നും ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മണ്ഡല പുനഃനിര്ണയത്തിലെ ഡിഎംകെയിലെ മനംമാറ്റത്തെയും അദ്ദേഹം വിമര്‍ശിച്ചു. മണ്ഡല പുനഃനിര്‍ണയ ബില്ല് കത്തിച്ചയാളാണ് എം കെ സ്റ്റാലിന്. ഓരോ പാര്‍ട്ടിക്കും അവരുടെ നിലപാടുണ്ട്. അവരുടെ മനം മാറിയോയെന്ന് അറിയില്ല. എന്തായാലും പ്രതിപക്ഷം ശക്തമായി എതിര്‍ക്കുമെന്ന് സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്റ്റര്‍ വിവാദത്തിലും കെ സി വേണുഗോപാല്‍ മറുപടി നല്കി. താനിപ്പോള്‍ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബാലിശമായ ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്നും ആരോപണം ഉന്നയിക്കുന്നത് പ്രതിപക്ഷത്തിന്റെ ശൈലിയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
Content Highlights: AICC General Secretary KC Venugopal questioned the government's handling of the student protest, demanding to know who authorised the police action