തിരുവനന്തപുരം: കണ്ടല ബാങ്കില്‍ നൂറ് കോടിയിലേറെ രൂപയുടെ ക്രമക്കേട് നടത്തിയ ബാങ്ക് മുന്‍ പ്രസിഡണ്ട് എന്‍ ഭാസുരാംഗന് യുഡിഎഫ് ഭരണത്തിലും സുരക്ഷിതന്‍. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ട് മാസം കഴിഞ്ഞിട്ടും സഹകരണ നിയമപ്രകാരം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കണ്ടുകെട്ടിയ സ്വത്തുക്കള്‍ ലേലം ചെയ്യാനുള്ള നടപടിയും ആരംഭിച്ചിട്ടില്ല.
നിക്ഷേപകര്‍ക്ക് തിരിച്ച് കൊടുക്കാനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ ഭാസുരാംഗന്റെ സ്വത്തുകള്‍ ഒരു കൊല്ലം മുമ്പ് ബാങ്കിന് കൈമാറിയെങ്കിലും അതുപോലും തിരിച്ച് പിടിക്കാന്‍ നടപടിയായില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച അതേ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ഇപ്പോഴും ഭരണം നടത്തുന്നത്. മൂന്ന് കോടിയിലേറെ രൂപയാണ് ബാങ്കിന് നല്‍കാനുള്ളത്. അതിനിടെ സിപിഐയില്‍ നിന്ന് പുറത്താക്കിയ എന്‍ ഭാസുരാംഗന് കോണ്‍ഗ്രസിലേക്ക് പോകാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്.
1990 ലാണ് മാറനെല്ലൂര്‍ ക്ഷീരസംഘനയുടെ പ്രസിഡന്റായി എന്‍ ഭാസുരാംഗന് വരുന്നത്. പിന്നാലെ കണ്ടല ബാങ്കിന്റെയും പ്രസിഡന്റായി. കണ്ടല ബാങ്കില്‍ 101 കോടി രൂപയുടെ ക്രമക്കേട് നടത്തിയ ഭാസുരാംഗന് മാറനെല്ലൂര്‍ ക്ഷീരയിലും കോടികളുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇഡി അറസ്റ്റ് ചെയ്ത് ജയിലിലായതോടെ പശുവിനെ വളര്‍ത്തുകയോ പാല് അളക്കുകയോ പോലുംചെയ്തിട്ടില്ലാത്ത ഭാസുരാംഗനെ ക്ഷീര സംഘത്തില്‍ നിന്ന് പുറത്താക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.
എന്നാല്‍ തിരഞ്ഞെടുപ്പ് ആയതോടെ ഭാസുരാംഗന് വേണ്ടി ഗൂഡാലോചന നടത്തിയ രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വം പേര് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി. ഈ വാര്‍ത്ത റിപ്പോര്‍ട്ടര്‍ പുറത്തുകൊണ്ടുവന്നതിന് പിന്നാലെ ഭാസുരാംഗനെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കുകയും സംഘം സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇ ഡി കസ്റ്റഡിയില്‍ എടുത്ത ബാസുരാംഗന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
Content Highlights: The Kandala Bank scam has resurfaced with allegations that Bhasurangan remained protected even during the UDF regime, while the Cooperative Department failed to take action.