തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ പി ജയരാജന്. മുഖ്യമന്ത്രി തെറ്റുകളെ ന്യായീകരിക്കുകയാണെന്ന് കുറ്റപ്പെടുത്തി. മലപ്പുറത്ത് ശാപ്പാട് അടിക്കാന്‍ പോയത് വിവാദമായപ്പോള്‍ 'മുൻ മുഖ്യമന്ത്രി നിരാഹാരം ഇരിക്കുകയായിരുന്നു' എന്നാണ് പ്രതികരിച്ചത്. വിവരമുള്ളവര്‍ക്കെ അതൊക്കെ അറിയൂ, സതീശന് അതൊന്നും അറിയില്ലെന്നും ഇ പി ജയരാജന് പരിഹസിച്ചു.
വര്‍ഗീയതയെ ഫലപ്രദമായി ചെറുക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും ഇ പി ജയരാജന് അഭിപ്രായപ്പെട്ടു. നീറ്റ് പരീക്ഷാ ക്രമക്കേടിന് ഉത്തരവാദി ബിജെപി ആണെന്നും അദ്ദേഹം ആരോപിച്ചു. നീറ്റ് പരീക്ഷാക്രമക്കേടിനെതിരെ നടന്ന സമരത്തില്‍ മുഖ്യമന്ത്രി ചെന്ന് പെട്ടെന്നും അദ്ദേഹത്തിന്റെ ഇടപെടല്‍ പരിഹാസ്യമായിരുന്നുവെന്നും ഇ പി ജയരാജന് പറഞ്ഞു. കോണ്‍ഗ്രസ് സ്വീകരിച്ചു വരുന്ന നയങ്ങള്‍ ബിജെപിയെ സഹായിക്കുന്നതാണെന്നും ആരോപിച്ചു.
നേരത്തെ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി നില്ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വിരുന്നില്‍ പങ്കെടുത്തത് വലിയ വിവാദത്തിലായിരുന്നു. മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിലായിരുന്നു മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനായി എത്തിയത്. ഫൈസല്‍ ബാഫഖി തങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രി വീട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതിന് താഴെ നിരവധി പേരാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. സംഭവം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായപ്പോൾ മുഖ്യമന്ത്രി വിരുന്നിന് പോയെന്ന് നിരവധി രാഷ്ട്രീയ നേതാക്കൾ വിമർശിച്ചിരുന്നു. വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണവും ചർച്ചയായിരുന്നു. '2018ലും 2019ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി. അപവാദ പ്രചാരണമാണ് നടക്കുന്നത്. ഞാന്‍ ഭക്ഷണം കഴിക്കാന്‍ പാടില്ലേ, എന്തൊരു തെറ്റാണ്. ഭക്ഷണം കഴിച്ചു, തെറ്റ് പറ്റിപോയി. ഇനി മുതല്‍ ഭക്ഷണം കഴിക്കാതിരിക്കാം', എന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.
Content Highlights:E P Jayarajan launched a sharp criticism against Chief Minister V D Satheesan over the recent political developments and controversies.