തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അദാനി പോര്‍ട്സ് കുന്നുകള്‍ ഇടിച്ചു നിരത്തിയതായി പരാതി. ഇതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ആഴിമല വരെയുള്ള ഭാഗത്ത് തീരം നികത്തിയും നിര്‍മാണങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് വിവരം. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ സ്പെഷ്യല്‍ സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി. പത്ത് ദിവസത്തിനകം രേഖകള്‍ ഹാജരാക്കാനാണ് അദാനി പോര്‍ട്സിന് ജിയോളജി വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരിസ്ഥിതി പ്രവര്ത്തകന് എ കെ ഹരികുമാറിന്റെ പരാതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ജനവാസ മേഖലയിലാണ് ഇത്തരത്തില്‍ അനധികൃത പ്രവര്‍ത്തനം നടക്കുന്നതെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. വലിയ പ്രകൃതിക്ഷോഭങ്ങള്‍ക്ക് കാരണമാകുന്നതാണ് പ്രവൃത്തിയെന്നും പ്രദേശം പൂര്‍ണമായും കടലെടുത്ത് പോകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ജനുവരിയിലാണ് വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മാണം ആരംഭിച്ചത്. തുറമുഖത്തിന്റെ ബര്‍ത്ത് അടക്കം നിര്‍മിക്കുന്നത് തീരം നികത്തി ആയിരിക്കില്ലെന്നും കടലില്‍ തന്നെ ഡ്രഡ്ജിങ് പ്രവൃത്തി നടത്തുമെന്നുമായിരുന്നു കരണ്‍ അദാനി അടക്കം വ്യക്തമാക്കിയിരുന്നത്. തീര പ്രദേശത്ത് ഭൂമി ഏറ്റെടുക്കേണ്ട ആവശ്യം രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനത്തിന് ഇല്ലെന്നും പറഞ്ഞിരുന്നു. എം വിന്‍സെന്റ് എംഎല്‍എ അടക്കം ഇത് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ യാതൊരു അനുമതിയും ഇല്ലാതെ ഭീമന് കുന്നുകള്‍ അടക്കമാണ് ഇടിച്ച് നിരത്തിയിരിക്കുന്നത്.
ഹരികുമാറിന്റെ പരാതിക്ക് പിന്നാലെ ഈ മാസം ഒന്നാം തീയതി ആണ് മൈനിങ് ആന്റ് ജിയോളജി വകുപ്പ് സ്പെഷ്യല്‍ സ്ക്വാഡ് സ്ഥലം സന്ദര്‍ശിക്കുന്നത്. എന്നാല്‍ പ്രദേശവാസികളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി അധികൃതര്‍ നല്‍കിയില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പൈലിങ് പ്രവര്‍ത്തികള്‍ അടക്കമാണ് ഇവിടെ നടക്കുന്നത്. എണ്ണൂറ് മീറ്റര്‍ ബെര്‍ത്ത് നിലവില്‍ രണ്ട് കി.മീ എന്ന നിലയിലാണ് പ്രവര്‍ത്തനം നടക്കുന്നത്. തമിഴ്നാട് സര്‍ക്കാര്‍ പാറ കൊടുക്കാതെ വന്നതോടെയാണ് പ്രവര്‍ത്തികള്‍ നിലവില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. ചരിഞ്ഞു കിടുക്കുന്ന ഭൂമിയാണ് ഈ പ്രദേശത്തേത് എന്നതിനാല്‍ മണ്ണിടിച്ചില്‍ ഉണ്ടായാല്‍ മുകളിലുള്ള വീടുകള്‍ അടക്കം നിലംപൊത്തുന്ന സാഹചര്യമുണ്ടാകും.
Content Highlights: Allegations have surfaced that hill cutting and coastal reclamation were undertaken for the second phase of the Vizhinjam Port project. Acting on a complaint by an environmental activist, the Mining and Geology Department carried out an inspection and has asked Adani Ports to produce the required documents within ten days as part of the inquiry.