കാട്ടാക്കട പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ ശിക്ഷാവിധി മരവിപ്പിച്ചു

ശിക്ഷ വിധിച്ച വിചാരണ കോടതി വിധിയില്‍ പിഴവുണ്ടെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം

തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന്റെ ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീം കോടതി. ജീവപര്യന്തം കഠിനതടവ് ശിക്ഷയാണ് മരവിപ്പിച്ചിരിക്കുന്നത്.

പിന്നാലെ പ്രതി പ്രിയരഞ്ജന് കോടതി ജാമ്യം അനുവദിച്ചു. ശിക്ഷ വിധിച്ച വിചാരണക്കോടതി വിധിയില്‍ പിഴവുണ്ടെന്നാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ആദിശേഖറിനെ കൊല്ലാനുള്ള ഉദ്ദേശം പ്രതിക്ക് ഇല്ലായിരുന്നു എന്നാണ് വിചാരണക്കോടതി നിരീക്ഷിച്ചിരുന്നത്. ഈ നിരീക്ഷണം ഉണ്ടായിട്ടും ജീവപര്യന്തം ശിക്ഷ വിധിച്ചതിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ശിക്ഷാ വിധി മരവിപ്പിച്ചത്.

സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യം അടക്കം പുറത്ത് വന്നതോടെ പ്രതിക്കെതിരെ കൊലക്കുറ്റമായിരുന്നു ചുമത്തിയിരുന്നത്. 2023 ആഗസ്റ്റ് 30നാണ് പൂവച്ചല്‍ സ്വദേശിയായ 15കാരന്‍ ആദിശേഖര്‍ പുളിങ്കോട് ക്ഷേത്രത്തിന് മുന്നിലായി പ്രിയരഞ്ജന്‍ ഓടിച്ച കാറിടിച്ച് മരിച്ചത്. പൂവച്ചല്‍ സ്വദേശിയായാണ് പ്രതി പ്രിയരഞ്ജന്‍. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാള്‍ ഓണം പ്രമാണിച്ചാണ് നാട്ടില്‍ വന്നത്. സംഭവത്തില്‍ ആദ്യം ആരും ദുരൂഹത സംശയിച്ചിരുന്നില്ല.

എന്നാല്‍ സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കുട്ടിയെ മനപ്പൂര്‍വം വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. മാസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രപരിസരത്ത് പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ മകനെ കൊലപ്പെടുത്തിയതാണെന്ന് ആദിശേഖറിന്റെ മാതാപിതാക്കള്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയത്.

Content Highlights: The Supreme Court has stayed the life sentence awarded to Priyaranjan in the Adishekhar case and granted him bail. The court observed inconsistencies between the trial court's finding that there was no intention to cause death and its decision to impose life imprisonment, leading to the suspension of the sentence pending further proceedings.

To advertise here,contact us