'ആരോപണ വിധേയനെ പൊലീസ് തലപ്പത്ത് അവരോധിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് സർക്കാർ നൽകുന്നത്'; വിമർശനവുമായി സമസ്ത

അധികാരത്തിലേറി മൂന്ന് മാസം തികയും മുമ്പാണ് വി ഡി സതീശന്‍ സര്‍ക്കാരിന് നീതിപീഠത്തില്‍ നിന്ന് പഴി കേള്‍ക്കേണ്ടി വന്നതെന്നും വിമര്‍ശനമുണ്ട്

കോഴിക്കോട്: എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയാക്കുന്നതില്‍ വിമര്‍ശനവുമായി സമസ്ത. ശ്രീജിത്തിനെ ഡിജിപിയാക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെ മുന്‍നിര്‍ത്തിയാണ് സമസ്തയുടെ വിമര്‍ശനം. കോടതിയുടെ വിമര്‍ശനം ഔചിത്യം കൊണ്ടുമാത്രമാണെന്ന് സമസ്ത മുഖപത്രം സുപ്രഭാതത്തിലെ എഡിറ്റോറിയലില്‍ പറയുന്നു. 'ധാര്‍മികത മറക്കുന്ന ഭരണകൂട തിടുക്കങ്ങള്‍' എന്ന എഡിറ്റോറിയലിലാണ് വിമര്‍ശനം. അധികാരത്തിലേറി മൂന്ന് മാസം തികയും മുമ്പാണ് വി ഡി സതീശന്‍ സര്‍ക്കാരിന് നീതിപീഠത്തില്‍ നിന്ന് പഴി കേള്‍ക്കേണ്ടി വന്നതെന്നും വിമര്‍ശനമുണ്ട്.

'ആരോപണ വിധേയനെ പൊലീസ് തലപ്പത്ത് അവരോധിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്? രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ഷിനു ചൊവ്വ, ചിത്തരേശ് നടേശന്‍ എന്നിവരെ വളഞ്ഞവഴിയില്‍ പൊലീസ് സേനയിലെടുത്തത്. അതിന് ചുക്കാന്‍ പിടിച്ചതാകട്ടെ എഡിജിപി എസ് ശ്രീജിത്തും. ഇരുവരുടെയും നിയമനത്തിനെതിരെ അന്ന് പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും വലിയ പ്രതിഷേധങ്ങളുയര്‍ത്തിയിരുന്നു', സുപ്രഭാതത്തില്‍ പറയുന്നു.

നീതിപീഠത്തില്‍ നിന്ന് ഇത്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നത് ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ലെന്നും എഡിറ്റോറിയലില്‍ പറയുന്നു. സര്‍വീസില്‍ കയറിയത് മുതല്‍ അനവധി ആരോപണങ്ങള്‍ക്ക് പാത്രമാകേണ്ടി വന്ന ഉദ്യോഗസ്ഥനാണ് എസ് ശ്രീജിത്ത്. വിവാദ വ്യവസായികളുമായുള്ള വഴിവിട്ട ചങ്ങാത്തവും നടി ആക്രമിക്കപ്പെട്ട കേസിലെ ദുരൂഹ ഇടപെടലുകളും ശ്രീജിത്തിനെതിരെ ഉയര്‍ന്നു. കണ്ണൂര്‍ പാലത്തായി പീഡനക്കേസിലും ഈ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം നല്‍കിയ എസ് ശ്രീജിത്ത് പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയുള്ള ഭാഗിക കുറ്റപത്രമായിരുന്നു ആദ്യം സമര്‍പ്പിച്ചതെന്നും ഇതാണ് കേസിലെ പ്രതിയും ബിജെപി നേതാവുമായ കുനിയില്‍ പത്മരാജന് തിടുക്കത്തില്‍ ജാമ്യം കിട്ടാന്‍ ഇടയാക്കിയതെന്നും വിമര്‍ശനമുയര്‍ന്നുവെന്നും സമസ്ത ചൂണ്ടിക്കാട്ടുന്നു.

സര്‍വീസ് ബുക്കില്‍ പലതവണ ചുവപ്പുവര വീണ, ഒരു ഉദ്യോഗസ്ഥനെ പൊതിഞ്ഞ് കാക്കാനും പൊലീസ് തലപ്പത്ത് അവരോധിക്കാനുമുള്ള യുഡിഎഫ് സര്‍ക്കാരിന്റെ വ്യഗ്രത കേരളീയ പൊതുസമൂഹം അംഗീകരിച്ച് തരുമോയെന്നും സുപ്രഭാതത്തില്‍ ചോദിക്കുന്നുണ്ട്. ശക്തമായ ഭരണവിരുദ്ധ വികാരമാണ് ഇടതുമുന്നണിയുടെ ചരിത്ര തോല്‍വിക്ക് കാരണമെന്ന് സിപഐഎം നേതൃത്വം തന്നെ തുറന്നു സമ്മതിക്കുന്ന സമയത്താണ് കാല്‍ക്കൊല്ലം പോലും പൂര്‍ത്തിയാക്കുന്നതിന് മുമ്പേ വി ഡി സതീശന്‍ സര്‍ക്കാരും പിണറായി സര്‍ക്കാര്‍ വെട്ടിത്തെളിച്ച വളഞ്ഞ വഴിതന്നെ തെരഞ്ഞെടുക്കുന്നതെന്നും സുപ്രഭാതത്തില്‍ വിമര്‍ശിക്കുന്നു.

നീണ്ട 10 വര്‍ഷം ജനം പുറത്തിരുത്തിയതിന് ശേഷമാണ് വലിയ ഭൂരിപക്ഷത്തില്‍ അവര്‍ തന്നെ തങ്ങളെ അധികാരത്തിലേറ്റിയതെന്ന ചിന്ത യുഡിഎഫ് സര്‍ക്കാരിന് ഉണ്ടായിരുന്നാല്‍ അവര്‍ക്ക് നന്നെന്നും എഡിറ്റോറിയിലില്‍ പറയുന്നു. ജനം വെറുത്ത് വലിച്ചെറിഞ്ഞവരെയൊക്കെ തിരിച്ചുകൊണ്ടുവരാന്‍ അതേ ജനതയ്ക്ക് വലിയ ഗൃഹപാഠം ചെയ്യേണ്ടി വരില്ലെന്ന കാര്യം ഇനിയും പഠിച്ചില്ലേയെന്നും പത്രം ചോദിക്കുന്നു.

Content Highlights: Samastha has raised criticism against the decision to appoint ADGP S Sreejith as the Director General of Police

To advertise here,contact us