എട്ട് മാസമായി വൈദ്യുതി ഇല്ല; രാംദാസ് നഗര്‍ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് മൊബൈല്‍ ഫ്‌ലാഷ് വെളിച്ചത്തില്‍

വേനല്‍ക്കാലത്തും ജോലി ചെയ്തത് വൈദ്യുതിയില്ലാതെയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്

കാസര്‍കോട്: എട്ട് മാസമായി വൈദ്യുതി ഇല്ലാതെ പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം. കാസര്‍കോട് രാംദാസ് നഗര്‍ പോസ്റ്റ് ഓഫീസിലാണ് ജീവനക്കാര്‍ ദുരിതം അനുഭവിക്കുന്നത്. ഇവര്‍ ജോലി ചെയ്യുന്നത് മൊബൈല്‍ ഫ്‌ലാഷ് വെളിച്ചത്തിലാണ്. വേനല്‍ക്കാലത്തും ജോലി ചെയ്തത് വൈദ്യുതിയില്ലാതെയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്.

മധൂര്‍ പഞ്ചായത്തിന്റെ കെട്ടിടത്തിലാണ് പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്ന മുറിക്ക് പ്രത്യേകം കണക്ഷന്‍ എടുക്കണമെന്ന നിര്‍ദേശം പാലിച്ചില്ലെന്നതാണ് പ്രതിസന്ധിക്ക് കാരണം. കണക്ഷനായി ആവശ്യമുള്ള 60,000 രൂപ അടയ്ക്കാത്തതാണ് ദുരിതത്തിന് കാരണമെന്നാണ് വിവരം.

എട്ട് മാസം മുമ്പാണ് ഇവിടെ വൈദ്യുതി ഇല്ലാതാകുന്നത്. പൊതുജനങ്ങള്‍ ഉള്‍പ്പടെ വലിയ നിലയില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. പോസ്റ്റ് ഒഫീസിന് പുറമേ പഞ്ചായത്ത് ലൈബ്രറി അടക്കം മൂന്ന് ഓഫീസുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മൂന്ന് കെട്ടിടങ്ങള്‍ക്കും കൂടി ഒരു കണക്ഷനാണ് ഉണ്ടായിരുന്നത്. എട്ട് മാസം മുമ്പ് ഷോട്ട് സര്‍ക്യൂട്ട് ഉണ്ടാകുകയും ഇത് കത്തിപ്പോകുകയും ചെയ്തിരുന്നു. പിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ചതിന് ശേഷമാണ് പോസ്റ്റ് ഒഫീസ് ഉള്‍പ്പടെ കെട്ടിടങ്ങള്‍ക്ക് പ്രത്യേകം കണക്ഷന്‍ വേണം എന്ന് അറിയിച്ചത്.

എന്നാല്‍ പഞ്ചായത്ത് ഇതുവരെ അതിന് തയ്യാറായിട്ടില്ല എന്നതാണ് പരാതി. 60000 രൂപയോളം ഇതിന് ചെലവാകുമെന്നും അതിന് പ്രത്യേകം പ്രൊജക്റ്റ് അടക്കം പാസാകണമെന്നുമാണ് പഞ്ചായത്ത് നല്‍കുന്ന വിശദീകരണം. കൂടാതെ പോസ്റ്റ് ഓഫീസിന്റെ കൃത്യമായ പ്രവര്‍ത്തനത്തിന് തപാല്‍ വകുപ്പും ഇടപെട്ടിട്ടില്ല എന്ന ആരോപണവുമുണ്ട്.

Content Highlights: The Ramdas Nagar Post Office in Kasaragod has been functioning without electricity for nearly eight months, leaving employees to carry out their duties using mobile flashlights. The issue reportedly stems from the failure to obtain a separate electricity connection after the required fee remained unpaid, disrupting normal public services.

To advertise here,contact us