മലപ്പുറം: പാണക്കാട് മണ്ണിടിച്ചില്‍ ഉണ്ടാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പും തൊട്ടടുത്ത് പാറ പൊട്ടിക്കല്‍ നടന്നതായി വിവരം. 200 മീറ്റര്‍ അകലെ പെട്രോള്‍ പമ്പിന്റെ നിര്‍മ്മാണം നടക്കുന്ന മേഖലയിലാണ് അനധികൃതമായി ഇലക്ട്രിക്കല്‍ ബ്ലാസ്റ്റിങ് നടത്തിയത്. മുമ്പും ഇവിടെ സമാന പ്രവർത്തി തുടര്‍ന്നപ്പോള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഉഗ്ര ശബ്ദത്തോടെ പാറ പൊട്ടിച്ചപ്പോള്‍ സമീപത്തെ വീടുകളില്‍ പ്രതിഫലനം ഉണ്ടായിരുന്നു എന്നും പ്രദേശവാസികള്‍ പറയുന്നു. ക്വാറിയില്‍ പാറ പൊട്ടിക്കുന്നത് പോലെയാണ് ഇവിടെ പൊട്ടിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജനവാസ മേഖലയില്‍ ഇലക്ട്രിക്കല്‍ ബ്ലാസ്റ്റിങ് നടത്തുന്നത് തീര്‍ത്തും അനധികൃതമാണ് എന്നിരിക്കെയാണ് നടപടി. അധികൃതരുടെ അനുവാദത്തോടെയാണ് പാറ പൊട്ടിച്ചതെന്ന ആരോപണം ശക്തമാണ്. പാറ പൊട്ടിക്കലിന് പിന്നാലെയാണ് ഏടായിപ്പാലത്ത് മണ്ണിടിച്ചില്‍ ഭീഷണി ആരംഭിച്ചതെന്നാണ് ആരോപണം.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വീടിന് 100 മീറ്റര്‍ മാത്രം അകലത്തിലാണ് അനധികൃത പ്രവര്‍ത്തനം നടന്നിരിക്കുന്നത്. മലപ്പുറം സ്വദേശിയായ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് പാറപൊട്ടിക്കല്‍. പരിസ്ഥിതി ദുര്‍ബല മേഖലയിലാണ് ക്വാറിക്ക് സമാനമായി ഇലക്ട്രീക് ബ്ലാസ്റ്റിങ് നടന്നത്. ഇതിന് എങ്ങനെ അധികൃതരുടെ അനുമതി ലഭിച്ചു എന്നതാണ് ഉയരുന്ന വിമര്‍ശനം. പാറയുടെ ഒരുഭാഗം പൂര്‍ണമായും തുരന്നെടുത്ത നിലയിലാണ്. പൊട്ടിച്ചെടുത്ത പാറയും ഇതിനുപയോഗിച്ച യന്ത്രങ്ങളും അടക്കം ഇപ്പോഴും പ്രദേശത്ത് തന്നെയാണുള്ളത്. വീടുകളില്‍ പ്രകമ്പനം ഉണ്ടായതോടെ പ്രദേശ വാസികള്‍ അവിടെ എത്തി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചത്.
പാണക്കാട് കുടുബത്തിന്റെ കൈവശമുണ്ടായിരുന്ന 13 ഏക്കര്‍ ഭൂമി 2018ലാണ് കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ഒരു വ്യക്തിക്ക് വില്‍ക്കുന്നത്. തുടര്‍ന്ന് ഇയാള്‍ പ്ലോട്ടുകളായി തിരിച്ച് ഈ ഭൂമി വില്‍പ്പന നടത്തി. ഇതില്‍ നിന്നാണ് ഇപ്പോള്‍ മണ്ണിച്ചില്‍ ഉണ്ടായ 50സെന്റ് പ്രദേശം നൗഫല്‍, സലീം എന്നീ വ്യക്തികള്‍ വാങ്ങിയത്. പാറപൊട്ടിക്കല്‍ നടന്ന മേഖല പെട്രോള്‍ പമ്പിന്റെ നിര്‍മാണത്തിനായി മലപ്പുറം സ്വദേശിയും വാങ്ങി. തിങ്കളാഴ്ചയാണ് മലപ്പുറം-പാണക്കാട് റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. രാവിലെ 8:46നാണ് ആദ്യ മണ്ണിടിച്ചില്‍ ഉണ്ടായത്, തൊട്ട് പിന്നാലെ 9:28ന് അതിഭീഗര മണ്ണിടിച്ചില്‍ ഉണ്ടായി. ഇലക്ട്രിക്കല്‍ ബ്ലാസ്റ്റിങ് ഇതിന് കാരണമായിട്ടുണ്ടോ എന്നത് അടക്കം ഇനി കണ്ടെത്തേണ്ടതുണ്ട്. അധികൃതരുടെ അറിവോടെയാണ് ഈ പ്രവർത്തി നടന്നത് എന്നതാണ് നാട്ടുകാരുടെ പരാതി.
Content Highlights: Reports indicate that illegal electrical rock blasting was conducted near Panakkad only days before the landslide threat emerged. Local residents say the powerful explosions shook nearby homes and allege the activity took place in a residential area. The incident has intensified demands for an investigation into whether the blasting contributed to the unstable terrain.