മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ഉയർത്താൻ അനുവദിക്കില്ല: മന്ത്രി മോൻസ് ജോസഫ്

തമിഴ്‌നാട് നിലപാട് സുപ്രീംകോടതിയുടെ നിര്‍ദേശത്തിന് നിരക്കാത്തതാണെന്നും മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ് ജോസഫ്. ഡാമിന്റെ ജലനിരപ്പ് വര്‍ധിപ്പിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട്ടിലെ ടിവികെ സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ കേരളം പ്രതിഷേധം അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒരു കാരണവശാലും ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നാണ് മോന്‍സ് ജോസഫ് പ്രതികരിച്ചിരിക്കുന്നത്. ജലസേചന വകുപ്പ് അടിയന്തരയോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തിയെന്നും കേരളത്തിന്റെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നത് തന്നെയാണ് കേരളത്തിന്റെ നിലപാടെന്നും കേരളത്തിന് സുരക്ഷ തമിഴ്‌നാടിന് വെള്ളം എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാരുമായി കൂടിയാലോചന നടത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ഔദ്യോഗികമായി തമിഴ്‌നാട് സര്‍ക്കാരിനെ എതിര്‍പ്പ് അറിയിക്കുമെന്നും സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 142 അടിക്ക് മുകളിലേക്ക് ജലനിരപ്പ് ഉയര്‍ത്താന്‍ ആര്‍ക്കും അധികാരമില്ല. തമിഴ്‌നാട് നിലപാട് സുപ്രീംകോടതിയുടെ നിര്‍ദേശത്തിന് നിരക്കാത്തതാണെന്നും മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്ന വിദഗ്ധ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയായി ഒഡീഷ ജലവിഭവ വകുപ്പ് മുന്‍ സ്പെഷ്യൽ സെക്രട്ടറിയും മുന്‍ എന്‍ജിനീയര്‍ ഇന്‍ ചീഫുമായ അശുതോഷ് ഡാഷിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള കരാറുകള്‍, ട്രൈബ്യൂണല്‍ വിധികള്‍, നീതിന്യായ നിര്‍ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയര്‍ത്തുമെന്നാണ് തമിഴ്‌നാട് ബജറ്റില്‍ പ്രഖ്യാപിച്ചത്. അന്തര്‍സംസ്ഥാന നദീജല പങ്കുവെക്കലില്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്.

Content Highlights: Mons Joseph said Kerala will not permit any increase in the Mullaperiyar Dam water level. He reiterated that the state's stand is to construct a new dam, emphasizing Kerala's long-standing position on dam safety and the ongoing interstate water dispute.

To advertise here,contact us