സ്വകാര്യ ലോ കോളേജ് മുതലാളിയെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗമാക്കാന്‍ സിപിഐഎം;നീക്കം AILU എതിര്‍പ്പ് അവഗണിച്ച്

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നേരിട്ട് പങ്കെടുത്ത അഖിലേന്ത്യാ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ ഫ്രാക്ഷന്‍ യോഗത്തിന്റേതാണ് തീരുമാനം

തിരുവനന്തപുരം: സ്വകാര്യ ലോ കോളേജ് മുതലാളിയെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗമാക്കാന്‍ സിപിഐഎം. തിരുവനന്തപുരത്തെ സ്വകാര്യ ലോ കോളേജായ ലോ അക്കാദമിയുടെ ഡയറക്ടര്‍ നാഗരാജ് നാരായണനെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗമാക്കാനാണ് സിപിഐഎം നിര്‍ദ്ദേശം. സ്വന്തം അഭിഭാഷക സംഘടനയായ അഖിലേന്ത്യാ ലോയേഴ്സ് യൂണിയന്റെ കടുത്ത എതിര്‍പ്പ് മറികടന്നാണ് തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നേരിട്ട് പങ്കെടുത്ത അഖിലേന്ത്യാ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ ഫ്രാക്ഷന്‍ യോഗത്തിന്റേതാണ് തീരുമാനം.

ലോ അക്കാദമി ഡയറക്ടറും ഹൈക്കോടതിയിലെ അഭിഭാഷകനുമാണ് നാഗരാജ് നാരായണന്‍. കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്ത് വനം വകുപ്പിന്റെ ചുമതലയുള്ള സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആയിരുന്നു. ഇക്കഴിഞ്ഞ ബാര്‍ കൗണ്‍സില്‍ ഓഫ് കേരള ഭരണ സമിതി തെരഞ്ഞെടുപ്പില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഖിലേന്ത്യാ ലോയേഴ്സ് യൂണിയന്‍ നേതാവുമാണ്. സിപിഐഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരന്റെ മകന്‍ കൂടിയാണ് നാഗരാജ് നാരായണന്‍. എന്നാല്‍ നാഗരാജ് നാരായണനെക്കാള്‍ അര്‍ഹതയുള്ള അഭിഭാഷക നേതാക്കളെ വെട്ടിയാണ് സിപിഐഎമ്മിന്റെ തീരുമാനം.

രാജ്യത്തെ നിയമ വിദ്യാഭ്യാസത്തിന്റെ നിയമപരമായ അധികാര കേന്ദ്രമാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ലോ കോളേജുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം വേണം. സ്വകാര്യ നിയമ വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടുകള്‍ ഉള്‍പ്പടെയുള്ളവയില്‍ ബാര്‍ കൗണ്‍സില്‍ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. ഈവനിംഗ് എല്‍എല്‍ബി കോഴ്സ് അവസാനിപ്പിക്കാന്‍ ബാര്‍ കൗണ്‍സില്‍ നേരത്തെ തീരുമാനം എടുത്തിരുന്നു. നിയമ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബിസിഐ ഈ തീരുമാനമെടുത്തത്. എന്നാല്‍ ബിസിഐയെ മറികടന്ന് ഈവനിംഗ് എല്‍എല്‍ബി ബാച്ചിനെ സ്പെഷല്‍ ബാച്ച് ആക്കി മാറ്റിയാണ് ലോ അക്കാദമി ലോ കോളജ് പ്രവര്‍ത്തിക്കുന്നത് എന്നത് ഉള്‍പ്പടെയുള്ള ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ട്.

ക്രമക്കേടുകള്‍ പരിശോധിക്കാന്‍ തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജില്‍ കേരള സര്‍വകലാശാല കഴിഞ്ഞ ദിവസം മിന്നല്‍ പരിശോധന നടത്തിയിരുന്നു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് ക്ലാസ് നടത്തുന്നത് എന്നാണ് ആക്ഷേപം. ഇതില്‍ ലഭിച്ച പരാതിയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു സിന്‍ഡിക്കറ്റ് ഉപസമിതിയുടെ പരിശോധന. ലോ അക്കാദമിയില്‍ മൂന്ന് വര്‍ഷ ബിരുദ കോഴ്സിന് 300 വിദ്യാര്‍ത്ഥികള്‍ക്ക് വീതം രണ്ട് ഷിഫ്റ്റ് ആയാണ് ക്ലാസുകള്‍ നടത്തുന്നത്. രാജ്യത്ത് മറ്റൊലു ലോ കോളജിലും ഷിഫ്റ്റ് സമ്പ്രദായത്തില്‍ എല്‍എല്‍ബി കോഴ്സ് നടത്തുന്നില്ല. ഈവനിംഗ് കോഴ്സ് പാടില്ലെന്ന ബാര്‍ കൗണ്‍സിലിന്റെ കര്‍ശന നിബന്ധനയും നിലവിലുണ്ട്. ഇതെല്ലാം ലംഘിച്ചാണ് ലോ അക്കാദമിയുടെ പ്രവര്‍ത്തനം എന്നാണ് ആക്ഷേപം.

ഇത്തരം ഗുരുതര ആക്ഷേപങ്ങള്‍ നിലനില്‍ക്കെ ലോ അക്കാദമി ലോ കോളേജിന്റെ ഡയറക്ടറെ തന്നെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗമാക്കാനുള്ള സിപിഐഎം താല്‍പര്യമാണ് കടുത്ത വിമര്‍ശനത്തിന് ഇടയാക്കുന്നത്. അഭിഭാഷകന്‍ എന്നത് മുന്‍നിര്‍ത്തി സ്വകാര്യ ലോ കോളേജിന്റെ താല്‍പര്യം സംരക്ഷിക്കാനാണ് നാഗരാജ് നാരായണനെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗമാക്കാനുള്ള സിപിഐഎം നീക്കം.

Content Highlights: The CPIM has proposed Law Academy Director Nagaraj Narayanan for membership in the Bar Council of India, overriding objections from its affiliated lawyers' organisation. The move, reportedly endorsed at a meeting attended by M.V. Govindan, has sparked discussion over the party's choice for the key legal body.

To advertise here,contact us