തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. സി പി ജോണിന്റെ അധിക്ഷേപ പരാമര്‍ശം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും ജനങ്ങള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത്. ആനുകൂല്യം കൊടുത്തിട്ട് അതിന്റെ പേരില്‍ ആക്ഷേപിക്കരുതെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. അവരെ അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന പ്രസ്താവനകള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീ വിവാദത്തില്‍ പ്രതികരിച്ച അദ്ദേഹം പദ്ധതിയുടെ പേരില്‍ യുഡിഎഫ് സര്‍ക്കാരും വിദ്യാഭ്യാസ മന്ത്രിയും ജനങ്ങളെയും സ്വന്തം അണികളെയും ഒരുപോലെ വഞ്ചിക്കുന്നു എന്നും ആരോപിച്ചു. ഇത് രാഷ്ട്രീയ ഇരട്ടത്താപ്പാണ്. മുസ്ലിംലീഗിന്റെ അഭിപ്രായം ഇക്കാര്യത്തില്‍ അറിയണം. അധികാരത്തില്‍ എത്തിയപ്പോള്‍ കേന്ദ്രത്തിന് മുന്നില്‍ യുഡിഎഫ് മുട്ടുമടക്കി. പിഎം ശ്രീ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളുടെ അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറിഹസിച്ചു. മുസ്ലിം ലീഗ് സ്വന്തം അണികളെ പുറകില്‍ നിന്ന് കുത്തുകയാണ്. രാഷ്ട്രീയ പ്രത്യാഘാതം ലീഗ് തിരിച്ചറിയും എന്നാണ് പ്രതീക്ഷ. വ്യാജ പ്രചാരണം നടത്തി ജനങ്ങളെ വഞ്ചിക്കുന്നത് യുഡിഎഫ് അവസാനിപ്പിക്കണം. യുഡിഎഫ് കാണിക്കുന്ന തിടുക്കം ഭയാനകമാണെന്നും മതേതര പാഠ്യപദ്ധതിയെ തകര്‍ക്കുവാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിംലീഗിന് കേന്ദ്ര സര്‍ക്കാരിന്റെ ഭീഷണി ഉണ്ടാകുമെന്നും, കേന്ദ്ര ഏജന്‍സികളുടെ ഭീഷണി നേരിടേണ്ടി വരുന്നു എന്ന് മനസ്സിലാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കാപ്പാ കേസില്‍ ജയിലിലുള്ള തിരുവനന്തപുരം കോര്പ്പറേഷന് കൗണ്‍സിലര്‍ സുഗതന്റെ അവധി അപേക്ഷയിലെ നടപടികള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ശുവന്‍കുട്ടി പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെ സര്‍ക്കുലര്‍ റദ്ദാക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത് കൊണ്ട് മാത്രം മതിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുഗതനെ രക്ഷപ്പെടുത്താന്‍ എന്താണ് കോണ്‍ഗ്രസിനും മുസ്ലിംലീഗിനും ഇത്ര തിടുക്കം. ബിജെപിക്ക് ഭരണം നഷ്ടമാകുന്നതില്‍ അവരേക്കാള്‍ ഭയം കോണ്‍ഗ്രസിനും ലീഗിനുമാണ്. എത്രയും പെട്ടെന്ന് സുഗതന് നോട്ടീസ് നല്കി അയോഗ്യത കല്പ്പിക്കണമെന്നും ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള കളിയാണ് കോര്‍പ്പറേഷനില്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുപകരം മേയര്‍ അമേരിക്കയില്‍ പോയിരിക്കുകയാണ്. അമേരിക്കന്‍ യാത്ര ഒഴിവാക്കണമായിരുന്നെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി വി ഡി സതീശനേയും ശിവന്‍കുട്ടി വിമര്‍ശിച്ചു. മുഖ്യമന്ത്രി എന്തുപറഞ്ഞാലും ആരും വിശ്വസിക്കാത്ത സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നു. സത്യവുമായി ഒരു ബന്ധവുമില്ലാത്ത പ്രസ്താവനകളാണ് അദ്ദേഹം നടത്തുന്നത്. മുഖ്യമന്ത്രിയുടെ കര്‍ണാടക യാത്ര ജനങ്ങള്‍ക്കിടയില്‍ വലിയ സംശയത്തിന് ഇടയാക്കിയെന്നും അദ്ദേഹം അരോപിച്ചു. ഇഷ്ടംപോലെ ഭക്ഷണം മുഖ്യമന്ത്രിക്ക് കഴിക്കാം, ഒരു പ്രശ്നവുമില്ല. എന്നാല്‍ നാട് ദുരന്തത്തിന്റെ നടുവില്‍ നില്ക്കുമ്പോള് വലിയ സദ്യയ്ക്കിടയില്‍ ഇരിക്കുന്ന ചിത്രം പുറത്ത് വിട്ടത് ജനങ്ങളെ അവഹേളിച്ചു കൊണ്ടല്ലേ എന്നും അദ്ദേഹം ചോദിച്ചു. ഏതെങ്കിലും ഒരു ദുരിതാശ്വാസ ക്യാമ്പില്‍ ചെന്ന് അവര്‍ക്കൊപ്പം അല്ലേ ഭക്ഷണം കഴിക്കേണ്ടിയിരുന്നത്. അങ്ങനെയായിരുന്നെങ്കില്‍ അദ്ദേഹത്തെ നമുക്ക് അഭിനന്ദിക്കണം ആയിരുന്നു എന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. ദുരന്തഭൂമിയില്‍ കഷ്ടപ്പെടുന്ന സമയത്താണോ സ്വര്‍ണ്ണക്കട ഉദ്ഘാടനം ചെയ്യേണ്ടത്. ബന്ധുവീട്ടില്‍ പോകുന്ന സമയം ഒക്കെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നുവെങ്കില് എത്ര നന്നായിരുന്നു. ഒരു മനുഷ്യന് ഇത്രയ്ക്കും കള്ളം പറയാന്‍ കഴിയുമോ എന്നാണ് എന്റെ സംശയം എന്ന പരിഹാസവും ശിവന്‍കുട്ടി നടത്തി. പിണറായി വിജയന് ഹെലികോപ്റ്ററില്‍ പോയതിന് കുറ്റം പറഞ്ഞിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞില്ലേ എന്നും ചോദ്യമുണ്ടായി.
ദുരിതാശ്വാസ ക്യാമ്പുകള്‍ അലങ്കോലമായി കിടക്കുകയാണ്. ആഹാരവും മരുന്നും കിട്ടുന്നില്ല. ഏകോപനം ഒന്നും നടക്കുന്നില്ല. മുന്നറിയിപ്പ് കിട്ടിയിട്ടും മുന്നൊരുക്കം നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. അതിന്റെ ഉത്തരവാദി പൂര്‍ണ്ണമായും മുഖ്യമന്ത്രിയാണ്. ഒരു വിഷയം കൈകാര്യം ചെയ്തപ്പോള്‍ തന്നെ കഴിവില്ലാത്ത മുഖ്യമന്ത്രിയാണ് വി ഡി സതീശന് എന്ന് മനസ്സിലായി. വാചകത്തില്‍ മാത്രം ജീവിച്ചു പോകുന്ന വ്യക്തി ആണ് എന്ന് മനസിലായെന്നാണ് പരിഹാസം. ഏതു നിക്ഷേപകനെ കാണാനാണ് അദ്ദേഹം ഹെലികോപ്റ്ററില്‍ പോയതെന്ന് മുഖ്യമന്ത്രി പറയണമെന്നും ഒളിച്ചുവയ്ക്കേണ്ട കാര്യം എന്താണെന്നും അദ്ദേഹം ചോദിച്ചു. കാര്യങ്ങള്‍ വിശദമാക്കാത്തിടത്തോളം അതില്‍ ദുരൂഹതയുണ്ട് എന്നതില്‍ സംശയമില്ല. ദുരൂഹത ഒഴിവാക്കാന്‍ അദ്ദേഹം മറുപടി പറയണമെന്നും മുഖ്യമന്ത്രിക്ക് മറുപടി ഇല്ലാത്തത് തന്നെ സംശയമുണ്ടാക്കുന്ന ഒന്നല്ലേ എന്നും ശിവന്‍കുട്ടി ചോദിച്ചു.
Content Highlights: Former Minister V Sivankutty has condemned CP John's remarks, stating that public representatives must support people rather than criticise them after extending welfare benefits. He also said statements that insult or mentally distress beneficiaries, especially women, should have no place in public discourse.