തിരുവനന്തപുരം: കള്ളിൽ സ്പിരിറ്റ് കലക്കാൻ മാസപ്പടി വാങ്ങി ഒത്താശ ചെയ്ത വൻസംഘം എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ, എൽഡിഎഫ് കാലത്തെടുത്ത നടപടികളെയെല്ലാം അട്ടിമറിച്ച് യുഡിഎഫ് സർക്കാർ. 2021-ൽ പാലക്കാട് അണക്കപ്പാറയിൽ 1400 ലിറ്റർ സ്പിരിറ്റും 11 ലക്ഷം രൂപയും പിടികൂടിയ കേസാണ് എങ്ങുമെത്താതെ നിൽക്കുന്നത്.
ഡെപ്യൂട്ടി കമ്മീഷണർ അടക്കമുള്ളവർ സ്പിരിറ്റ് മാഫിയയിൽ നിന്ന് വൻ തുകകൾ വാങ്ങിയതിൻ്റെ മാസപ്പടി ഡയറി പോലും കണ്ടെടുത്ത കേസിലാണ് മന്ത്രി എം ലിജുവിൻ്റെ അറിവോടെ ഈനീക്കം. ഉദ്യോഗസ്ഥർക്ക് വെറും സെൻഷ്വർ, അഥവാ ശാസന മാത്രം മതിയെന്നാണ് ഉത്തരവ്. ഉദ്യോഗസ്ഥർക്ക് കർശന മുന്നറിയിപ്പ് നൽകി ഒരാഴ്ച തികയും മുൻപാണ് സമീപകാലത്തെ എക്സൈസിലെ ഏറ്റവും വലിയ അഴിമതി ഇടപാടിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതീരായ നടപടികൾ അവസാനിപ്പിക്കാനുള്ള ഫയലിൽ എക്സൈസ് മന്ത്രി ഒപ്പുവെച്ചത്.
2021 ജൂലൈയിലാണ് അണക്കപ്പാറയിലെ ഗോഡൗണിൽ നിന്ന് 1400ലേറെ ലിറ്റർ സ്പിരിറ്റും രണ്ടായിരത്തിലേറെ സ്പിരിറ്റ് കലർത്തിയ കള്ളും 11 ലക്ഷം രൂപയും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടികൂടിയത്. പിന്നാലെ എക്സൈസ് വിജിലൻസ് എസ്പി മുഹമ്മദ് ഷാഫി നടത്തിയ പരിശോധനയിലാണ് അഞ്ചു വർഷം പാലക്കാട് ജില്ലയിലെ ഉദ്യോഗസ്ഥരെ ഈ സ്പിരിറ്റ് മാഫിയ തീറ്റി പോറ്റിയെന്ന കണക്കും കണ്ടെത്തിയത്.
ഇതിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണർ എസ് അനന്തകൃഷ്ണൻ സർക്കാരിന് ശുപാർശ നൽകിയതോടെ ജില്ലയുടെ ആകെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണർ അടക്കം 13 പേർ സസ്പെൻഷനിലായി. ഇവരെ കൂടാതെ എഴുപതോളം പേരെ ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇത്ര വിപുലമായ അച്ചടക്ക നടപടികൾ എൽഡിഎഫ് സർകാർ സ്വീകരിച്ച കേസിലാണ് സർകാർ മാറി രണ്ടു മാസം എത്തുമ്പോൾ വൻ അട്ടിമറി നടന്നിരിക്കുന്നത്.
ഇതുവരെ ഈ വകുപ്പിൽ നടന്ന അന്വേഷണങ്ങളെ എല്ലാം തള്ളിപ്പറഞ്ഞു കൊണ്ടാണ് ഉദ്യോഗസ്ഥർക്കെതിരെ വെറും ശാസന മാത്രം മതിയെന്ന പുതിയ നിലപാട് സർകാർ സ്വീകരിച്ചിരിക്കുന്നത്. അതിന് കാരണമായി പറയുന്നത് ഇതുവരെ നടന്ന അന്വേഷണങ്ങൾ വിശ്വാസയോഗ്യമല്ല എന്നാണ്. പകരം ആർക്കും പണം നൽകിയിട്ടില്ല എന്ന് ഷാപ്പ് കരാറുകാരനും അയാളുടെ ജീവനക്കാരും നൽകിയ മൊഴികളാണ് വിശ്വാസത്തിൽ എടുത്തിട്ടുള്ളത്.
ഇതോടെയാണ് സ്പിരിറ്റ് മാഫിയക്കെതിരായ ക്രിമിനൽ കേസും ആവിയായി പോകാൻ വഴിതെളിഞ്ഞത്. കോടതിയിൽ വിചാരണ തുടങ്ങാനിരിക്കുന്ന ആ കേസിലെ പ്രതികളാണ് ഈ അന്വേഷണത്തിലെ സാക്ഷികൾ. അവരുടെ മൊഴികൾ വിശ്വാസത്തിൽ എടുത്തുകൊണ്ടുള്ള ഈ ഉത്തരവും രേഖകളും സ്പിരിറ്റ് കേസ് വിചാരണയിൽ പ്രധാന രേഖയാകുമെന്ന് ഉറപ്പായി.
Content Highlights: UDF Government Accused of Blocking Action Against Excise Officials in Spirit Mixing Case