പിഎം ശ്രീ പദ്ധതി നടത്തിപ്പ്; മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന്

സിലബസ്, സ്‌കൂളുകള്‍ തെരഞ്ഞെടുക്കല്‍ തുടങ്ങിയവ യോഗത്തിൽ ചര്‍ച്ചയാകും

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന് നടക്കും. വൈകുന്നേരം തിരുവനന്തപുരത്ത് വെച്ചാണ് യോഗം ചേരുന്നത്. മന്ത്രിമാര്‍ ചുമതലയുളള ജില്ലകളിലായതിനാല്‍ തന്നെ ഓണ്‍ലൈനായാകും യോഗം നടക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെയുളള എല്ലാ പുരോഗതിയും ചര്‍ച്ച ചെയ്യും. ഉപസമിതി റിപ്പോര്‍ട്ടിന്റെ ഏകദേശ രൂപവും യോഗത്തിലുണ്ടാകും. സിലബസ്, സ്‌കൂളുകള്‍ തെരഞ്ഞെടുക്കല്‍ തുടങ്ങിയവ ചര്‍ച്ചയാകും. കേന്ദ്രസര്‍ക്കാരിനോട് ആശയവിനിമയം നടത്തുന്നത് സംബന്ധിച്ചും യോഗത്തില്‍ ധാരണയാകും എന്നാണ് വിവരം. നേരത്തെ രണ്ടുതവണയാണ് ഉപസമിതി യോഗം ചേര്‍ന്നത്.

പിഎം ശ്രീ കേരളത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനാണ് ഉപസമിതി അധ്യക്ഷന്‍. പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍ എന്നിവരാണ് ഉപസമിതി അംഗങ്ങള്‍.

 ഉപസമിതി റിപ്പോര്‍ട്ട് വെച്ചായിരിക്കും പദ്ധതിയില്‍ മുന്നോട്ടുള്ള കാര്യങ്ങള്‍ നീക്കുകയെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 'ഉപസമിതി റിപ്പോര്‍ട്ട് വെച്ചായിരിക്കും തുടര്‍ന്നുള്ള നടപടി. കേന്ദ്രസര്‍ക്കാരുമായി ചില കാര്യങ്ങളില്‍ വ്യത്യസ്തമായ അഭിപ്രായം സംസ്ഥാനത്തിനുണ്ട്. പിഎംശ്രീയില്‍ ഉള്‍പ്പെടെ അതുണ്ട്. ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും പിഎംശ്രീയിലെ കാര്യങ്ങള്‍ തീരുമാനിക്കുക' എന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്. യുഡിഎഫ് യോഗത്തില്‍ പിഎംശ്രീയുമായി ബന്ധപ്പെട്ട് പ്രത്യേകം ചര്‍ച്ച നടന്നിട്ടില്ലെന്നും തര്‍ക്കം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിഎംശ്രീയുമായി മുന്നോട്ട് പോകുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിന് പിന്നാലെയുള്ള അടൂർപ്രകാശിന്റെ പ്രതികരണം.

പ്രതിപക്ഷത്തിരുന്നപ്പോള്‍ ശക്തിയുക്തം പിഎം ശ്രീയെ എതിര്‍ത്ത യുഡിഎഫ് എല്‍ഡിഎഫിനെ പഴിചാരി കൊണ്ടായിരുന്നു പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ടത് കൊണ്ട് തന്നെ അതില്‍നിന്ന് പിന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞത്. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട കോടിക്കണക്കിന് രൂപയുടെ ഫണ്ട് വാങ്ങിയെടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ന്യായീകരിച്ചിരുന്നു.

Content Highlights: The Cabinet Sub-Committee will hold its final meeting today to reach a decisive outcome on implementing the PM SHRI scheme in Kerala

To advertise here,contact us