സർക്കാർ അഭ്യർത്ഥിച്ച് ഒരു മണിക്കൂറിനകം മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനായി എത്തി; പി സി വിഷ്ണുനാഥ്

പുലര്‍ച്ചെ മൂന്നരയോടെ 14 മത്സ്യബന്ധന യാനങ്ങള്‍ കൊല്ലത്ത് സജ്ജമാക്കിയിരുന്നുവെന്നും മത്സ്യത്തൊഴിലാളികള്‍ രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: ഇന്നലെയും ഇന്നും മഴ കുറഞ്ഞത് ആശ്വാസമാണെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. തിരുവല്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ വെളളം കയറിയിട്ടുണ്ടെന്നും ക്യാമ്പുകളില്‍ ഉളളവരെ മാറ്റാന്‍ നിര്‍ദേശം നല്‍കിയെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. ആറന്മുളയേക്കാള്‍ തിരുവല്ലയിലാണ് ബുദ്ധിമുട്ട് ഉണ്ടായിരിക്കുന്നതെന്നും വെളളം കയറിയതിനെ തുടര്‍ന്ന് ക്യാമ്പ് മാറ്റേണ്ടിവന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

'ക്യാമ്പുകളില്‍ താമസിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇ ടോയ്‌ലെറ്റ് ഉടന്‍ എത്തിക്കും. വെളളം കയറിയ വീടുകള്‍ ശുചീകരിക്കാന്‍ ഒരു വാര്‍ഡിന് 25,000 രൂപ നല്‍കും. വെളളം കയറിയ വീടുകള്‍ക്ക് പതിനായിരം രൂപ അധിക സഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്' പി സി വിഷ്ണുനാഥ് പറഞ്ഞു. ഓഗസ്റ്റ് ആറ് മുതല്‍ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പെന്നും ജൂലൈ 31-ന് മഴ പെയ്ത സാഹചര്യം ആവര്‍ത്തിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൊല്ലത്ത് ദുരന്തമുഖത്ത് മത്സ്യത്തൊഴിലാളികള്‍ രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും മന്ത്രി പറഞ്ഞു. പുലര്‍ച്ചെ മൂന്നരയോടെ 14 മത്സ്യബന്ധന യാനങ്ങള്‍ കൊല്ലത്ത് സജ്ജമാക്കിയിരുന്നു. സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ച് ഒരു മണിക്കൂറിനകം മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമായി എന്നും പി സി വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, പത്തനംതിട്ടയിലെ മഴക്കെടുതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. വകുപ്പ് മേധാവിമാരുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചത്. ഉച്ചയ്ക്ക് 12 ന് കോഴഞ്ചേരി റസ്റ്റ് ഹൗസിലാണ് യോഗം ചേരുന്നത്. ജില്ലാ കളക്ടര്‍, റൂറല്‍ എസ്പി, ഡിഎംഒ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ജില്ലാ കൃഷി ഓഫീസറും മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കും. മന്ത്രി പി സി വിഷ്ണുനാഥും യോഗത്തില്‍ പങ്കെടുക്കും.

Content Highlights: Minister PC Vishnunath commends fishermen for responding within an hour of the government's request to lead rescue operations in flood-hit areas.

To advertise here,contact us