കണ്ണൂര്‍: ഇരിട്ടി കാഞ്ഞിരപ്പുഴയില്‍ കാണാതായ വി പി ഹനീഫയുടെ മൃതദേഹം കണ്ടെത്തി. ഒഴുക്കില്‍പ്പെട്ട സ്ഥലത്തിന് 100 മീറ്റര്‍ അകലെ നിന്നാണ് മൃതദ്ദേഹം കണ്ടെത്തിയത്. ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തിലുള്ള തിരച്ചിലിലാണ് സംഘം മൃതദേഹം കണ്ടെടുത്തത്. ഒഴുക്കില്‍ വന്ന തേങ്ങ ശേഖരിക്കാൻ പുഴയിൽ ചാടിയതായിരുന്നു ഹനീഫ.
അതേസമയം ചെറുപുഴ കാര്യങ്കോട് പുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ രക്ഷാപ്രവർത്തകരിൽ ഒരാൾ ബോട്ടിൽ നിന്നും പുഴയിലേക്ക് വീണു. ചെറുപുഴയിൽ കാണാതായ രാജേഷിനായുള്ള തിരച്ചിൽ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ബോട്ടിൽ ഉണ്ടായിരുന്ന മറ്റുള്ളവർ ചേർന്ന് ഇയാളെ രക്ഷപ്പെടുത്തി.
വിഴിഞ്ഞത്തെ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിനെ ഇതുവരെ കണ്ടെത്താനായില്ല. കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം ഫിഷറീസ് ഓഫീസില്‍ എത്തി. തിരച്ചിലുമായി ബന്ധപ്പെട്ട ആശങ്കകള്‍ അസിസ്റ്റന്റ് ഡയറക്ടറെ അറിയിക്കും. തിരച്ചിലിന് നേവിയുടെ സഹായം തേടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ജോണിനായി കോസ്റ്റല്‍ പൊലീസ് ഇന്നും പരിശോധന നടത്തും എന്നാണ് വിവരം.
കോസ്റ്റല്‍ പൊലീസ് നടത്തിയ തിരച്ചില്‍ ശരിയായ രീതിയില്‍ അല്ലെന്നാണ് കാണാതായ ജോണിന്റെ മകന് ആരോപിക്കുന്നത്. മത്സ്യത്തൊഴിലാളിയുടെ ജീവിതത്തിന് വിലയില്ലേ എന്നും മകന് ചോദിക്കുന്നു. വെള്ളപ്പൊക്കം വന്നാല്‍ ഉടനെ മത്സ്യത്തൊഴിലാളികളെ വിളിക്കുന്നുണ്ട്. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തിന് ആരും എത്തുന്നില്ലെന്നും ജോണിന്റെ മകന് ചൂണ്ടിക്കാട്ടുന്നു. 18 നോട്ടിക്കല്‍ മൈല്‍ ദൂരെ പോയപ്പോള്‍ ആണ് അപകടം ഉണ്ടായത്. കേന്ദ്രസര്‍ക്കാര്‍ കൂടി ഇടപെടേണ്ട വിഷയമാണിതെന്നും നേവിയെ ഉപയോഗിച്ച് തിരച്ചില്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
എഫ്ഐആര്‍ എഴുതാന്‍ മാത്രമായി എന്തിനാണ് കോസ്റ്റ് ഗാര്‍ഡെന്ന് ചോദിച്ച അദ്ദേഹം കൃത്യമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി. അപകടം വന്ന ഉടന്‍ തിരച്ചില്‍ നടന്നില്ല. മത്സ്യത്തൊഴിലാളികള്‍ വരാം എന്ന് പറഞ്ഞിട്ടും കൂട്ടാന്‍ തയ്യാറായില്ല. മത്സ്യത്തൊഴിലാളികള്‍ സ്വന്തം നിലക്കാണ് ഇന്നലെ തിരച്ചില്‍ നടത്തിയതെന്നും അരോപണമുണ്ട്. കടലിന്റെ പണി കടലിന്റെ മക്കളെ ഏല്‍പ്പിക്കണമെന്നും ജോണിന്റെ മകന് പറയുന്നു. ഇന്നലെ അടക്കം കാലാവസ്ഥ തെളിഞ്ഞ് നിന്നിട്ടും തിരച്ചില്‍ ശക്തമാക്കിയിരുന്നില്ലെന്നും ജോണിന്റെ മകന് ആരോപിച്ചു.
Content Highlights: The body of VP Haneefa, who was reported missing from Kanjirappuzha in Iritty, has been recovered.