കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. കോഴിക്കോട് കണ്ണാടിക്കല്‍ ഭാഗം വെള്ളക്കെട്ടിലാണ്. അതിഥി തൊഴിലാളികള്‍ അടക്കമുള്ളവര്‍ ദുരിതത്തിലാണ്. മഴ കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും മൂന്ന് ദിവസമായി വൈദ്യുതി പോലുമില്ലെന്നും അതിഥി തൊഴിലാളികള്‍ പറയുന്നു. തലയ്ക്കൊപ്പം വെള്ളം പൊങ്ങുന്ന സാഹചര്യം വരെ ഉണ്ടായെന്നും ഇന്നാണ് കുറച്ച് വെള്ളം ഇറങ്ങി തുടങ്ങിയതെന്നും തൊഴിലാളികള്‍ പറയുന്നു. ഭക്ഷണം വാങ്ങാന്‍ പോലും കഴിയുന്നില്ലെന്നും അടുത്ത ബേക്കറിയില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണസാധനങ്ങള്‍ കൊണ്ടാണ് കഴിഞ്ഞുപോകുന്നതെന്നും അവര്‍ പറഞ്ഞു. കുറച്ച് ദിവസങ്ങളായിട്ട് ജോലിയില്ലെന്നും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും അതിഥി തൊഴിലാളികള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
കക്കയം ഡാമം തുറന്നതിന്റെ ഭാഗമായാണ് കണ്ണാടിക്കല്‍ ഭാഗം മുഴുവനും വെള്ളം കയറിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പൂനുര്പുഴയിലെ മണ്ണ് നീക്കം ചെയ്യാതിരുന്നതും തിരിച്ചടിയായി. കഴിഞ്ഞ പത്ത് വര്‍ഷമായി പുഴയിലെ മണ്ണ് നീക്കം ചെയ്തിരുന്നില്ലെന്നാണ് വിവരം.
അതേസമയം, സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ തമിഴ്നാടിന് മുകളിലെ ചക്രവാതച്ചുഴിയും ഗുജറാത്ത്-കേരള തീരത്തെ ന്യൂനമര്‍ദ്ദ പാത്തിയുമാണ് മഴ ശക്തമാകാന്‍ പ്രധാന കാരണം.
മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Content Highlights: Migrant workers are facing difficulties due to rain-related disruptions, with many struggling amid the ongoing severe weather conditions.