തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി കെ എന്‍ ബാലഗോപാല്‍. വിളിച്ചുവരുത്തി ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് സി പി ജോണിന്റെ പരാമര്‍ശമെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നതെന്നും സര്‍ക്കാരിനെ നയിക്കുന്നത് ധിക്കാരമാണെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രിയെ അനുകരിക്കാനാണ് മറ്റ് മന്ത്രിമാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമങ്ങളോടായിരുന്നു കെ എന്‍ ബാലഗോപാലിന്റെ പ്രതികരണം.
മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ ആരെ കാണാന്‍ പോയതാണെന്ന് വ്യക്തമാക്കണമെന്നും കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു. 'ആരെയാണ് കാണാന്‍ പോയതെന്ന് വ്യക്തമാക്കണം. പുറത്തുപറഞ്ഞാല്‍ അപകടം ഉണ്ടാക്കുന്ന നിക്ഷേപകനെയാണോ മുഖ്യമന്ത്രി കാണാന്‍ പോയത്? ഗൂഢാലോചന നടത്തിയാണോ നിക്ഷേപം കൊണ്ടുവരുന്നത്? ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി അപമാനിക്കുകയാണ്. ഞങ്ങളോട് സംസാരിക്കുന്നത് പുറത്തുപറയരുത് എന്ന് ഭീകരവാദികളും തീവ്രവാദികളുമൊക്കെ പണ്ട് പറയുന്നത് പോലെയാണിത്', കെ എന്‍ ബാലഗോപാല്‍ വിമർശിച്ചു. 2018-ല്‍ പ്രളയസമയത്ത് അന്നത്തെ മുഖ്യമന്ത്രി ഭക്ഷണം കഴിച്ചത് അറിഞ്ഞില്ല എന്ന മുഖ്യമന്ത്രിയുടെ പരിഹാസത്തിലും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി എന്ന നിലയില്‍ പറയാന്‍ പാടില്ലാത്തതാണ് വി ഡി സതീശന് പറഞ്ഞതെന്നും എല്ലാവരെയും അദ്ദേഹം കളിയാക്കുകയാണെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ബസിന് കാശില്ലാത്ത സ്ത്രീകള്‍ ഫീസ് കൊടുത്ത് സ്കൂളിലേക്ക് കുട്ടികളെ വിടുന്നുവെന്നാണ് സി പി ജോൺ പറഞ്ഞത്. സര്‍ക്കാര്‍ സ്കൂളില്‍ സീറ്റ് ഒഴിഞ്ഞു കിടക്കുന്നുവെന്നും ഫീസ് കൊടുക്കേണ്ടതില്ലാത്ത പ്രൈവറ്റില് പോലും കുട്ടികളെ വിടാതെ ഫീസ് കൊടുക്കേണ്ട സ്കൂളിലേക്ക് വിടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'ഇതേ സ്ത്രീ അച്ഛനെയും ഭര്‍ത്താവിനെയും കൊണ്ട് സര്‍ക്കാര്‍ ആശുപത്രിയിലെ വരാന്തയില്‍ കിടക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നെ അതിശയിപ്പിക്കുന്നു. സ്വകാര്യ ആശുപത്രിയില്‍ നല്കാന് പണമില്ല, ബസ് വന്നാല്‍ കാശ് കുറഞ്ഞ ട്രാന്‍സ്പോര്‍ട്ടില്‍ തള്ളിക്കയറും. പ്രിയദര്‍ശിനി വന്നപ്പോള്‍ സ്വകാര്യ ബസ് വിട്ട് പ്രിയദര്‍ശിനിയില്‍ തിക്കി തിരക്കി ആളുകള്‍ പോകുന്നതിന്റെ കാരണം സ്വകാര്യ ബസിനോടുള്ള വിരോധമോ എന്നോടുള്ള സ്നേഹമോ അല്ല, കുടുംബിനികള്‍ക്ക് കയ്യില്‍ കാശ് ഇല്ലാത്തത് കൊണ്ടാണ്', സി പി ജോണ്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം തന്നെ അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
പരാമർശം വിവാദമായതിന് പിന്നാലെ സി പി ജോൺ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിലെ തൊഴിലാളി വര്‍ഗത്തിന്റെ പ്രശ്നം മനസിലാക്കാന്‍ താന്‍ അടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ പരാജയപ്പെട്ടു എന്ന സ്വയം വിമര്‍ശനമാണ് നടത്തിയതെന്നാണ് വിശദീകരണം. കേരളത്തിലെ കുടുംബിനികളുടെ പ്രശ്നം മനസിലാക്കിയാണ് തങ്ങള്‍ ഇത്തരത്തില്‍ ഒരു പദ്ധതി കൊണ്ടുവന്നത്. കേരളത്തിലെ സ്ത്രീകള്‍ പൊതുഗതാഗത രംഗത്ത് അനുഭവിക്കുന്ന ബുദ്ധിമുട്ട് ആര്‍ക്കും മനസിലാക്കാന്‍ ആയില്ല. അത് മനസിലാക്കിയത് രാഹുല്‍ ഗാന്ധി മാത്രമാണ്. അതു കൊണ്ടാണ് ഇങ്ങനെ ഒരു പദ്ധതി ഉണ്ടായത്. അതിനെ അഭിനന്ദിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും സി പി ജോണ്‍ പറഞ്ഞു. പൊതു വിദ്യാഭ്യാസം ഇനിയും മെച്ചപ്പെടാനുണ്ട്. കേരളത്തിലെ ജനതയ്ക്കുണ്ടായ ദാരിദ്ര്യത്തെ മറികടക്കാന്‍ നല്ല വിദ്യാഭ്യാസം വേണം എന്നത് കൊണ്ടാണ് സ്വകാര്യ സ്കൂളുകളില്‍ തള്ളിക്കേറുന്നതെന്നും വിവാദ പരാമർശത്തെ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
Content Highlights: CPM leader KN Balagopal sharply criticizes Minister CP John, alleging feudal behavior and personal disrespect in recent political discussions.