'മരണം ഉറപ്പിച്ചപ്പോള്‍ ഞാന്‍ മകളെ വിളിച്ചു'; എല്ലാം മണ്ണെടുത്തു പോയ ആ നിമിഷം, ഭീതിയോടെ ഓര്‍ത്ത് തങ്കരാജ്

തങ്കരാജും കുടുംബത്തിലെ ആറ് പേരുമാണ് എലപ്പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണമുഖത്ത് നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്

ഇടുക്കി: മരണത്തെ മുഖാമുഖം കണ്ട് തിരികെ എത്തിയ ആ പുലര്‍ച്ചയെ ഓര്‍ക്കുമ്പോള്‍ ചെമ്മണ്ണിലെ തങ്കരാജിന് ഇപ്പോഴും ഭീതി വിട്ടകന്നിട്ടില്ല. തങ്കരാജും കുടുംബത്തിലെ ആറ് പേരുമാണ് എലപ്പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണമുഖത്ത് നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പുലര്‍ച്ചെ നാല് മണി കഴിഞ്ഞപ്പോള്‍ എഴുന്നേറ്റ തങ്കരാജ് എന്തോ ശബ്ദം കേട്ടാണ് പുറത്തെ വാതില്‍ തുറന്ന് നോക്കുന്നത്. അടുത്ത മുറിയില്‍ ഉണ്ടായിരുന്ന മകനെ കൂടി വിളിച്ചുണര്‍ത്തി പുറത്തേക്ക് നോക്കുമ്പോള്‍ കാണുന്നത് ഇടിഞ്ഞിറങ്ങുന്ന മണ്ണിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യമായിരുന്നു. ഭയന്ന് നിലവിളിച്ച തങ്കരാജ് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മകനോട് വിളിച്ചു പറഞ്ഞു. ഒട്ടും വൈകാതെ കുഞ്ഞുങ്ങള്‍ കിടന്ന മുറിയിലേക്ക് മകന്‍ ഓടി.

എന്നാല്‍ മകന് വീട്ടില്‍ നിന്ന് കുഞ്ഞുങ്ങളേയും എടുത്ത് പുറത്തേക്ക് ഓടാന്‍ കഴിഞ്ഞെങ്കിലും തങ്കരാജ് വീട്ടിനുള്ളില്‍ കുടുങ്ങി പോകുകയായിരുന്നു. അതിന് ഉള്ളില്‍ നിന്ന് തങ്കരാജ് വിളിച്ചു പറഞ്ഞത് എല്ലാവരേയും കൊണ്ട് വേഗം രക്ഷപ്പെട്ടോളു എന്നാണ്. കുടുങ്ങിപ്പോയ കട്ടിലിനടിയില്‍ നിന്ന് പുറത്തിറങ്ങി ഭാഗ്യം പോലെ തന്റെ കയ്യില്‍ കിട്ടിയ ഫോണ്‍ എടുത്ത് ഫ്‌ലാഷ് ലൈറ്റ് ഓണ്‍ ചെയ്യുമ്പോഴാണ് തങ്കരാജ് ഉണ്ടായിരുന്ന മുറി ഏതാണ്ട് പൂര്‍ണമായും ഇടിഞ്ഞു പോയിരിക്കുന്നു എന്ന ഭീതിതമായ തിരിച്ചറിവുണ്ടാകുന്നത്. പുറത്തിറങ്ങാന്‍ ഒരു വഴിയും ഇല്ലാതായ അവസ്ഥ. ഫോണ്‍ എടുത്ത് അറിയാവുന്ന ആരെയൊക്കെയോ വിളിച്ചു. അവരെല്ലാം അവിടെ തന്നെ തുടരാനും തങ്ങള്‍ ഉടന്‍ എത്താം എന്നും നിര്‍ദേശം നല്‍കി. എന്നാല്‍ അപ്പോഴേക്കും അടുത്തുണ്ടായിരുന്നു ഭിത്തി തന്റെ നേരെ ചാഞ്ഞ് വരുന്നത് തങ്കരാജ് കണ്ടിരുന്നു.

കട്ടിലില്‍ തട്ടി തന്നെ ഞെരുക്കിക്കൊണ്ട് ഭിത്തി നീങ്ങുകയായിരുന്നു എന്നാണ് തങ്കരാജ് പറഞ്ഞത്. മരണം ഉറപ്പിച്ച നിമിഷങ്ങളായിരുന്നു അത്. പുറത്ത് നിന്ന് മകന്‍ അടക്കം പലരും സംസാരിക്കുന്നത് കേള്‍ക്കാമെങ്കിലും ഒന്നു ചെയ്യാന്‍ കഴിയാതെ അവരും നിസഹായരായിരുന്നു എന്ന് അതിനോടകം തങ്കരാജ് മനസിലാക്കി. മരണമുറപ്പിച്ച നിമിഷം ഫോണില്‍ തൊടുപുഴയില്‍ വിവാഹം കഴിച്ചയച്ച മകളെ വിളിച്ച് കാര്യം പറയുമ്പോള്‍ തങ്കരാജിന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. എല്ലാ പ്രതീക്ഷയും നഷ്ടമായി നില്‍ക്കുന്ന നിമിഷമാണ് തങ്കരാജ് അണ്ണാ.. എന്ന സുഹൃത്ത് മനോജിന്റെ വിളി അദ്ദേഹത്തിന്റെ കാതുകളില്‍ എത്തുന്നത്. മനോജ് എവിടെ നിന്നോ ഓടി വരുന്ന ഒച്ച തങ്കരാജ് കേട്ടു. പിറകിലെ ഭിത്തി അപ്പോഴും തള്ളി വരുന്നുണ്ടായിരുന്നു, മുന്നിലെ ഭിത്തി പൊട്ടി തുടങ്ങിയിരുന്നു.

വീണ്ടും മനോജ് എവിടെയാണ് ഉള്ളതെന്ന് തങ്കരാജിനോട് വിളിച്ച് ചോദിച്ചു. അപ്പോഴാണ് ഭിത്തിയുടെ ചെറിയ വിടവിലൂടെ ഫോണിന്റെ ഫ്‌ലാഷ് ലൈറ്റ് അടിച്ച് താന്‍ എവിടെയാണെന്ന് തങ്കരാജ് മറുപടി നല്‍കിയത്. അതോടെ എന്തെങ്കിലും ചെയ്യണമെങ്കില്‍ ഉടന്‍ ചെയ്യണമെന്ന് മനസിലാക്കിയ മനോജ് കയ്യില്‍ കിട്ടിയ ഒരു ചെറിയ കമ്പി കൊണ്ട് ഭിത്തി പതിയെ തുരക്കാന്‍ തുടങ്ങി. കുറച്ച് പണിപ്പെട്ടെങ്കിലും ഒരു മനുഷ്യന് ഇറങ്ങാന്‍ കഴിയുന്ന നിലയില്‍ വിടവ് ഉണ്ടാക്കാനായി. അതുവഴിയായിരുന്നു മരണ മുഖത്ത് നിന്ന് ഒരു മനുഷ്യന്‍ ജീവിത്തിലേക്ക് തിരികെ എത്തിയത്.

അവിടെ നിന്ന് രക്ഷപെട്ട് തങ്കരാജ് പുറത്തിറങ്ങുമ്പോഴേക്കും ആ പ്രദേശം ഒന്നാകെ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിയിരുന്നു. എന്നാല്‍ ദുരന്തം അവിടെയും അവസാനിച്ചിരുന്നില്ല. തങ്കരാജ് രക്ഷപ്പെട്ട് പുറത്തിറങ്ങി നിമിഷനേരം കഴിഞ്ഞില്ല, മുകളില്‍ നിന്ന് മണ്ണ് കുത്തിയൊലിച്ചിറങ്ങി. തങ്കരാജ് നിന്നിരുന്ന സ്ഥലം ഉള്‍പ്പടെ എല്ലാം മണ്ണ് മൂടി. ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ഒരു പക്ഷേ വലിയ ദുരന്തഭൂമിയായി മാറുമായിരുന്നു എലപ്പാറ. അറുപത് വയസ് വരെ തങ്കരാജിന്റെയും മകന്റെയും അധ്വാനത്തില്‍ വാങ്ങിയ ആ വീട് ഒന്നും അവശേഷിക്കാത്ത വിധം മണ്ണ് മൂടി പോയി. എല്ലാം നഷ്ടമായ ആ കുടുംബത്തിന് ജീവന്‍ തിരിച്ചു കിട്ടി എന്നത് മാത്രമാണ് ആശ്വാസം.

Content Highlights: A family of seven narrowly escaped a landslide that struck Elappara in the early hours of the morning. Survivor Thankaraj recalled the frightening moments when an unusual sound alerted him, giving the family just enough time to rush to safety before the earth gave way.

To advertise here,contact us