ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത് കർശന വ്യവസ്ഥകളോടെ

കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലാണെന്നും അതിനാല്‍ പ്രതികളുടെ കസ്റ്റഡി തുടര്‍ന്നും ആവശ്യമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു

കൊച്ചി: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത് കര്‍ശന വ്യവസ്ഥകളോടെ. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം, പതിനായിരം രൂപ വീതം മജിസ്‌ട്രേറ്റ് കോടതിയില്‍ കെട്ടിവയ്ക്കണം, പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കണം, എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും പ്രതികൾക്ക് കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്. പ്രതികള്‍ ശനിയാഴ്ചകളില്‍ പത്തുമണിക്കും പതിനൊന്ന് മണിക്കും ഇടയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകേണ്ടത്.

അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴും പ്രതികള്‍ ഹാജരാകണം, കന്റോണ്‍മെന്റ് അസി. കമ്മീഷണറുടെ അധികാരപരിധിയില്‍ പ്രതികള്‍ പ്രവേശിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും ഹൈക്കോടതി സിംഗിള്‍ ബഞ്ച് മുന്നോട്ടുവച്ചിട്ടുണ്ട്. ആക്രമണത്തിന് ഇരയായ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ പരിക്കുകളില്ല, പ്രതികളായ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ല, ഈ കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലാണ്. അതിനാല്‍ പ്രതികളുടെ കസ്റ്റഡി തുടര്‍ന്നും ആവശ്യമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രതികള്‍ക്കെതിരെയുള്ള കുറ്റം പ്രഥമദൃഷ്ട്യാ ഗൗരവതരമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ക്രിമിനല്‍ കുറ്റമാണിതെന്നും എന്നാല്‍ പ്രതികള്‍ക്കെതിരെ വധശ്രമം പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കില്ലെന്നും കോടതി വാദത്തിനിടയില്‍ നിരീക്ഷിരുന്നു. ഇ ഡി ഉദ്യോഗസ്ഥരുടെ പരിക്കുകള്‍ ഗുരുതരമല്ല. പ്രതികള്‍ അറുപത് ദിവസം കസ്റ്റഡിയില്‍ ഉണ്ടായിരുന്നിട്ടും ആക്രമണത്തിന് ഉപയോഗിച്ച ആയുധം പൊലീസിന് കണ്ടെത്താനായില്ല. പിന്നെ എന്തിന് പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരണമെന്നും കോടതി ചോദിച്ചിരുന്നു.

Content Highlights: The High Court granted bail with strict conditions to CPI(M) workers accused case related to the confrontation with Enforcement Directorate officials. The order provides conditional relief to the accused while proceedings in the case continue

To advertise here,contact us