മലപ്പുറം: പ്രളയ സമാന സാഹചര്യത്തില്‍ സംസ്ഥാനം കടന്നു പോകുമ്പോള്‍ മുഖ്യമന്ത്രി വിരുന്ന് സല്‍ക്കാരത്തിൽ പങ്കെടുക്കാന്‍ പോയിരിക്കുന്നുവെന്ന വിമര്‍ശനവുമായി കടൽക്ഷോഭം നേരിടുന്ന മലപ്പുറം വെളിയംകോട് നിവാസികൾ. ദുരന്ത നിവാരണ അതോറിറ്റി തലവനായ മുഖ്യമന്ത്രി പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് കൊണ്ടു പോകേണ്ടയാളാണ്. എന്നാല്‍ ഇത്രയും പ്രശ്നബാധിതമായ ജില്ലയില്‍ തന്നെയാണ് അദ്ദേഹം പ്രാദേശിക നേതാവിന്റെ വീട്ടില്‍ സ്വകാര്യ സന്ദര്‍ശനം നടത്തിയതെന്നും ഇവര്‍ വിമര്‍ശിച്ചു. തണ്ണിത്തുറ ഫിഷറീസ് റോഡ് കടലെടുത്തതിന് പിന്നാലെ റിപ്പോര്‍ട്ടറിനോട് പ്രതികരിക്കുകയായിരുന്നു പ്രദേശവാസികൾ.
തീരദേശത്തെ ജനതയേയും മത്സ്യത്തൊഴിലാളികളേയും വെല്ലുവിളിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഇന്നലെ താഹസില്‍ദാര്‍ പോലും സ്ഥലത്ത് എത്തിയില്ല. താഹസില്‍ദാറെ അന്വേഷിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പരിപാടിയിലാണെന്നാണ് പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പരിപാടി ഇതായിരുന്നു എന്ന് യൂത്ത് ലീഗ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നപ്പോഴാണ് മനസിലായതെന്നും പ്രദേശവസികള്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാട് ഉപേക്ഷിക്കണം. ദുരന്തം ബാധിക്കപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും മറ്റ് പ്രദേശവാസികള്‍ക്കും എത്രയും പെട്ടെന്ന് അടിയന്തിര ധനസഹായവും അവശ്യ വസ്തുക്കളുടെ ലഭ്യതയും ഉറപ്പ് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
'രണ്ട് നാടിനെ ബന്ധിപ്പിച്ചിരുന്ന റോഡാണ് പൂര്‍ണമായും തകര്‍ന്നിരിക്കുന്നത്. ഇത്തരം അപകടം ഒഴിവാക്കണമെങ്കില്‍ ശാശ്വതമായ കടല്‍ഭിത്തി വേണം. അതിനുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ഏകോപിപ്പിക്കേണ്ടത്', എന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അതിനുള്ള പഠനവും മറ്റ് ചര്‍ച്ചകളും എല്ലാം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ വീണ്ടും പഠനം നടത്താന്‍ പോകുന്നു എന്നാണ് പറയുന്നത്. പഠനം മാത്രം നടന്നാല്‍ ഒടുവില്‍ ഇങ്ങനെ ഒരുനാട് ലോകഭൂപടത്തില്‍ നിന്ന് ഇല്ലാതാകുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Residents of Veliyamkod alleged that the Chief Minister should have been coordinating disaster response instead of attending a private function during the ongoing flood-like situation. They also raised concerns over the lack of timely official presence in the affected area and demanded immediate financial assistance and essential supplies for coastal families impacted by sea erosion.