കൊച്ചി: ശബരിമല തന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കണ്ഠരര് ബ്രഹ്മദത്തന് ഹൈക്കോടതിയുടെ ഉപദേശം. ക്ഷേത്രത്തിന്റെ പവിത്രത, ഭരണപരമായ ആചാരമര്യാദകള്‍, ഭക്തരുടെ വിശ്വാസം എന്നിവ കണക്കിലെടുത്ത് പ്രവര്‍ത്തിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ഉത്തരവാദിത്വങ്ങളിൽ അതീവ ഭക്തിയും ജാഗ്രതയും പുലര്‍ത്തണമെന്നും തീരുമാനങ്ങള്‍ പ്രതിഷ്ഠയുടെ താൽപര്യം മുന്‍നിര്‍ത്തി ആയിരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ മുന്‍ഗണന നല്‍കണം. ഭക്തരുടെ ക്ഷേമത്തിനും ആത്മീയതയ്ക്കും പ്രാധാന്യം നല്‍കണമെന്നും ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.
ശബരിമലയിലെ പുതിയ തന്ത്രിയായി കണ്ഠരര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം കേരള ഹൈക്കോടതി അംഗീകരിക്കവേയാണ് നിര്‍ദേശങ്ങള്‍ നൽകിയത്. ദേവസ്വം ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് തീരുമാനം ഹൈക്കോടതി ശരിവെച്ചത്. ചിങ്ങം ഒന്നിന് ശബരിമല നട തുറക്കുമ്പോള്‍ ബ്രഹ്മദത്തന് പുതിയ തന്ത്രിയായി ചുമതലയേല്‍ക്കും. നിലവിലെ തന്ത്രി കണ്ഠരര് രാജീവരരുടെ മകനാണ് ബ്രഹ്മദത്തന്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് പുതിയ തന്ത്രിയെ തെരഞ്ഞെടുത്തത്. മകനെ തന്ത്രിയാക്കണമെന്ന ആവശ്യം നേരത്തെ തന്നെ രാജീവരര് ബോര്‍ഡിന് മുന്നിൽവെച്ചിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലായിരുന്നു തന്ത്രിയെ തീരുമാനിച്ചത്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ചിങ്ങ മാസ പൂജകള്‍ക്കായി നട തുറക്കുമ്പോള്‍ താന്‍ തന്ത്രിസ്ഥാനത്ത് ഉണ്ടാവില്ലെന്ന് കാട്ടിയായിരുന്നു കണ്ഠരര് രാജീവരര് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നത്. പകരം മകന് ചുമതല നല്‍കണമെന്നും കത്തിൽ പറഞ്ഞിരുന്നു.
Content Highlights: The Kerala High Court has offered advice to Kandarar Brahmadathan, who has been selected as the new Sabarimala Tantri.