ശുചീകരണ സംവിധാനങ്ങളില്ലെന്ന് പരാതി; വെള്ളമിറങ്ങിയ റാന്നി ടൗണില്‍ വ്യാപാരികളുടെ പ്രതിഷേധം

സ്വന്തം ചെലവില്‍ മാലിന്യം മാറ്റിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന ഭീഷണി ഉണ്ടായെന്നും വ്യാപാരികള്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു

റാന്നി: കനത്ത മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ട റാന്നി ടൗണില്‍ മതിയായ ശുചീകരണ സംവിധാനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികളുടെ പ്രതിഷേധം. ശാശ്വത പരിഹാരം വേണമെന്നാണ് ഇവരുടെയും ആവശ്യം. റാന്നി ഇട്ടിയപ്പാറയിലാണ് മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നത്. സ്ഥലം എംഎല്‍എ പഴകുളം മധു പ്രദേശത്ത് എത്തി വ്യാപാരികളുമായി സംവദിച്ചു.

പഴവങ്ങാടി പഞ്ചായത്ത് അധികൃതര്‍ പ്രദേശത്തെത്തി വ്യാപാരികളോട് മാലിന്യം നീക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്തെല്ലാം നഷ്ടങ്ങള്‍ വന്നെന്ന് തിട്ടപ്പെടുത്താതെ എങ്ങനെയാണ് ഇവ നീക്കം ചെയ്യുകയെന്നും വ്യാപാരികള്‍ ചോദിക്കുന്നു. മാത്രമല്ല പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തങ്ങളോട് അപമര്യാദയായി പെരുമാറിയെന്നും വ്യാപാരികള്‍ ആരോപിച്ചു. മാലിന്യങ്ങള്‍ കൊണ്ടുപോകാനുള്ള വാഹനം വരുമെന്നും എത്രയും വേഗം ഇവ മാറ്റിയിട്ടില്ലെങ്കില്‍ അവ നീക്കം ചെയ്യാന്‍ പിന്നീട് സഹായം ലഭിക്കില്ലെന്നും വൈകിയാല്‍ സ്വന്തം ചെലവില്‍ മാലിന്യം നീക്കേണ്ടി വരുമെന്നുമാണ് പഞ്ചായത്ത് സെക്രട്ടറി തങ്ങളോട് പറഞ്ഞതെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. സ്വന്തം ചെലവില്‍ മാലിന്യം മാറ്റിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന ഭീഷണി ഉണ്ടായെന്നും വ്യാപാരികള്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

മഴ പെയ്യുമ്പോള്‍ വര്‍ഷാവര്‍ഷം ഇത്തരത്തില്‍ വെള്ളം കയറുന്നതിനാല്‍ ഇതിന് പരിഹാരം വേണമെന്നും പഴവങ്ങാടി ടൗണിനെ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് റോഡ് ഉപരോധിക്കുമെന്നും വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്. മുമ്പ് അധികൃതര്‍ ഉറപ്പ് തന്നിട്ടും ഒരു പരിഹാരമുണ്ടായിട്ടില്ലെന്നും അവര്‍ പറയുന്നു. ചെറിയ മഴ പെയ്താലും സമാനമായ സ്ഥിതിയാണ് റാന്നിയിയിൽ. ഓണത്തിനായി സ്റ്റോക്ക് ചെയ്തിരുന്ന സാധനങ്ങളെല്ലാം നശിച്ചു. 2018ലെ പ്രളയത്തിന് ശേഷം നാലാം തവണയാണ് ഇത്തരത്തില്‍ ദുരിതമാണ് നേരിടേണ്ടി വരുന്നതെന്നും വ്യാപാരികള്‍ പറയുന്നു.

അതേസമയം പഞ്ചായത്ത് സെക്രട്ടറിക്കാണ് ക്ലീനിങ് ചുമതലയെന്നും അദ്ദേഹത്തിന് കര്‍ശന നിര്‍ദേശം നല്‍കുമെന്നും വ്യാപാരികളുടെ സൗകര്യത്തിന് മാലിന്യം മാറ്റിയാല്‍ മതിയെന്നും എംഎല്‍എ അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ള കാര്യങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്.

Content Highlights: Traders in Ranni town protested, alleging that adequate cleaning measures were not carried out after floodwaters receded. They raised concerns over sanitation and demanded immediate action to restore normal conditions in the town.

To advertise here,contact us