തിരുവനന്തപുരം: പ്രൊഫ. എം കെ സാനു അനുസ്മരണ വേദിയില്‍ കവി കെ സച്ചിദാനന്ദനെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. തുടര്‍ഭരണം അപകടമാണെന്ന് സാനു മാഷിന് തോന്നിയില്ലെന്നും ഇടതുപക്ഷത്ത് നിന്ന് ഇടതുപക്ഷത്തെ കരിവാരി തേച്ച് സ്വീകാര്യത നേടാന്‍ സാനു മാഷ് ശ്രമിച്ചില്ലെന്നുമാണ് പിണറായി വിജയന് പറഞ്ഞത്. സാനു മാഷ് ഒരിക്കലും ഇടതുപക്ഷത്തെ തളളിപ്പറഞ്ഞ് സ്വയം യശസ്സ് ഉയര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും സാനു മാഷിന് ജന മനസുകളില്‍ ഉയര്‍ന്ന സ്ഥാനം ഉണ്ടായിരുന്നെന്നും പിണറായി വിജയന് പറഞ്ഞു. അതില്ലാത്തവരാണ് 'ഞാനിവിടെയുണ്ട്' എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിന് തുടര്‍ഭരണം വേണ്ടെന്ന് കെ സച്ചിദാനന്ദന് അഭിപ്രായപ്പെട്ടിരുന്നു. കേരളത്തിന് നല്ലത് മുന്നണികള്‍ മാറിയുളള ഭരണമാണെന്നും ജനാധിപത്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി ഉണ്ടാവുക എന്നതാണ് പൊതുതത്വമെന്നും സച്ചിദാനന്ദന് പറഞ്ഞിരുന്നു. 'തുടര്‍ച്ചയായി ഭരണം ലഭിക്കുമ്പോള്‍ പാര്‍ട്ടി ആഗ്രഹിക്കാത്തവര്‍ പോലും പാര്‍ട്ടിയിലേക്ക് കടന്നുവരും. വീണ്ടും ഒരു ഭരണം കൂടി വന്നാല്‍ അവസരവാദികളായ ധാരാളം പേര് ഇടതുപക്ഷത്തേക്ക് ചേരുകയും സ്വന്തം കാര്യങ്ങള്‍ സാധിക്കുന്നതിന് വേണ്ടി പാര്‍ട്ടിയെ ഉപയോഗിക്കുകയും ചെയ്യുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. സ്വാഭാവികമായും പാര്‍ട്ടിയുടെ അടിസ്ഥാന സ്വഭാവം ഇല്ലാതാകും. അത് ജനങ്ങളില്‍ നിന്ന് കൂടുതല്‍ അകലും' എന്നും സച്ചിദാനന്ദന് പറഞ്ഞിരുന്നു.
ഏത് പാര്‍ട്ടിയായാലും തുടര്‍ച്ചയായി ഭരണമുണ്ടായാല്‍ അത് അഴിമതിയിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിക്കുമെന്നും സച്ചിദാനന്ദന് പറഞ്ഞിരുന്നു. തുടര്‍ഭരണം തങ്ങള്‍ അജയ്യരാണ് എന്ന തോന്നലിലേക്ക് നയിക്കുമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനങ്ങള്‍ക്ക് മുന്നില്‍ ഉണ്ടാകേണ്ട വിനയമുണ്ടെന്നും അത് ഇല്ലാതാക്കുന്ന രീതിയിലേക്ക് നയിക്കുമെന്നും സച്ചിദാനന്ദന് പറഞ്ഞിരുന്നു. സച്ചിദാനന്ദന്റെ പരാമര്‍ശങ്ങള്‍ക്ക് പരോക്ഷമായാണ് പിണറായി വിജയന്റെ മറുപടി.
Content Highlights: CM Pinarayi Vijayan aims at k sachidanandan and praises Prof. MK Sanu, stating he stayed true to Leftist ideology without defaming it to win acceptance from opponents.