ഹെലികോപ്റ്ററിൽ കയറിയാലെന്താ കുഴപ്പം; ഏറ്റവും കൂടുതൽ യാത്ര ചെയ്തിട്ടുള്ളത് കെ കരുണാകരനാണ്: കെ മുരളീധരൻ

പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയെ തങ്ങള്‍ വിമര്‍ശിച്ചിട്ടില്ലെന്നും കെ മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്റ്റര്‍ യാത്രയെ ന്യായീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍. ഹെലികോപ്റ്റര്‍ യാത്രയൊക്കെ സ്വാഭാവികമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അത്യാവശ്യത്തിന് പോകാനല്ലേ ഹെലികോപ്റ്ററെന്നും അല്ലെങ്കില്‍ കാറിലോ ട്രെയിനിലോ പോയാല്‍ പോരേയെന്നും മുരളീധരന്‍ ചോദിച്ചു.

പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയെ തങ്ങള്‍ വിമര്‍ശിച്ചിട്ടില്ല. ഇതൊന്നും വിവാദമാക്കേണ്ട കാര്യവുമില്ല. മുമ്പും മുഖ്യമന്ത്രിമാർ ഹെലികോപ്റ്ററിൽ യാത്ര ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഹെലികോപ്റ്ററില്‍ യാത്ര ചെയ്തത് കെ കരുണാകരനാണെന്നും അദ്ദേഹം പറഞ്ഞു.

മഴ ദുരിതവുമായി ബന്ധപ്പെട്ട് ഇന്നലെ യോഗം ചേര്‍ന്നുവെന്ന് പറഞ്ഞ മന്ത്രി ആരോഗ്യവകുപ്പ് വിജിലന്റ് ആണെന്നും വ്യക്തമാക്കി. മരുന്നെല്ലാം ശേഖരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട ഉത്തരവുകൾ ആഭ്യന്തരവകുപ്പ് അന്വേഷിക്കുന്നുണ്ടെന്നും കെ മുരളീധരൻ വ്യക്തമാക്കി.

മന്ത്രി അറിയാതെ റിപ്പോര്‍ട്ട് കൊടുത്തതില്‍ മന്ത്രി തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പഴയ സര്‍ക്കാരിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും പലസ്ഥലത്തുമുണ്ട്. അതൊക്കെ അറിഞ്ഞറിഞ്ഞ് നീക്കം ചെയ്യും. സിസ്റ്റത്തോട് സഹകരിക്കുന്നവരെ പൂര്‍ണമായും സംരക്ഷിക്കും. എന്റെ വകുപ്പിലങ്ങനെ പ്രശ്‌നമുണ്ടാക്കുന്നവരാരുമില്ല. ഉണ്ടായിരുന്ന ഒന്നുരണ്ടുപേരെ കസേര മാറ്റിയിരുത്തി. ബാക്കി ഒരു കുഴപ്പവുമില്ല എന്നും കെ മുരളീധരൻ പറഞ്ഞു.

Content Highlights: Minister K Muraleedharan on CM V D Satheesan's Helicopter Travel

To advertise here,contact us