തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കോര്പറേഷന് കൗണ്‍സിലര്‍ ആര് സുഗതന്റെ അവധി അപേക്ഷയില്‍ തദ്ദേശ വകുപ്പിന്റെ വിവാദ നോട്ടീസ് റദ്ദാക്കും. തന്റെ നിര്‍ദേശം മറികടന്ന് അനുകൂല റിപ്പോര്‍ട്ട് നല്കിയ തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി കെ എം ഷാജി പറഞ്ഞു. അണ്ടര്‍ സെക്രട്ടറി ചെയ്തത് ഗുരുതരമായ തെറ്റാണ്. വകുപ്പ് മന്ത്രി എന്ന നിലക്ക് ലജ്ജ ഉളവാക്കിയ സംഭവമാണ് നടന്നത്. റിപ്പോര്‍ട്ട് ആദ്യം സെക്രട്ടറിയുടെ പരിഗണനയില്‍ വന്നപ്പോള്‍ അവധി നല്കാന് സാധിക്കില്ലെന്ന് കാണിച്ച് തിരിച്ചയച്ചതാണെന്നും കെ എം ഷാജി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'വകുപ്പ് മന്ത്രി എന്ന നിലക്ക് എനിക്ക് ലജ്ജ ഉളവാക്കിയ സംഭവമാണ്. ഗുരുതരമായ തെറ്റാണ് അണ്ടര്‍ സെക്രട്ടറി ചെയ്തിരിക്കുന്നത്. വിഷയത്തില്‍ കര്‍ശന നടപടി ഉണ്ടാകും. നാളെ തിരുവനന്തപുരത്ത് യോഗം ചേരും. രാഷ്ട്രീയത്തിനകത്തുള്ള മാറ്റങ്ങള്‍ അറിയാത്ത ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഉണ്ടോ എന്നുള്ളത് പരിശോധിക്കണം. ഏത് പാര്‍ട്ടി എന്നത് ഘടകമല്ല. ക്രിമിനല്‍ ആയ ഒരാള്‍ക്ക് തദ്ദേശവകുപ്പിന്റെ ഒരു പേപ്പര്‍ കൊണ്ട് ആനുകൂല്യം ലഭിക്കാന്‍ പാടില്ല. ഇനി എന്ത് ചെയ്യാന്‍ പറ്റും എന്ന സാധ്യത പരിശോധിക്കും', അദ്ദേഹം പറഞ്ഞു.
അതേസമയം, റിപ്പോര്‍ട്ടിന് പിന്നില്‍ പഴയ സര്‍ക്കാരിന്റെ അവശിഷ്ടങ്ങള്‍ എന്നാണ് മന്ത്രി കെ മുരളീധരൻ ആരോപിച്ചത്. തന്റെ വകുപ്പില്‍ പ്രശ്നങ്ങളുണ്ടാക്കിയ ഉദ്യോഗസ്ഥരെ മാറ്റിയെന്നും കെ മുരളീധരന് പറഞ്ഞു.
'മന്ത്രി അറിയാതെ റിപ്പോര്‍ട്ട് കൊടുത്തതില്‍ മന്ത്രി തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പഴയ സര്‍ക്കാരിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും പലസ്ഥലത്തുമുണ്ട്. അതൊക്കെ അറിഞ്ഞറിഞ്ഞ് നീക്കം ചെയ്യും. സിസ്റ്റത്തോട് സഹകരിക്കുന്നവരെ പൂര്‍ണമായും സംരക്ഷിക്കും. എന്റെ വകുപ്പിലങ്ങനെ പ്രശ്നമുണ്ടാക്കുന്നവരാരുമില്ല. ഉണ്ടായിരുന്ന ഒന്നുരണ്ടുപേരെ കസേര മാറ്റിയിരുത്തി. ബാക്കി ഒരു കുഴപ്പവുമില്ല', എന്നും കെ മുരളീധരൻ പറഞ്ഞു.
കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എസ്കോര്‍ട്ട് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുഗതന് നല്കിയ കത്തിന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വേണ്ടി അണ്ടര്‍ സെക്രട്ടറി കൊടുത്ത മറുപടിയായിരുന്നു വിവാദമായത്. പരോള്‍ അനുവദിക്കണമെന്ന ആവശ്യം തള്ളിയെങ്കിലും അയോഗ്യത ഒഴിവാക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് മറുപടിയില്‍ വിശദീകരിച്ചിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കില്ലെങ്കില്‍ അയോഗ്യത വരാതിരിക്കാന്‍ ജയില്‍ സൂപ്രണ്ട് മുഖേന തിരുവനന്തപുരം കോര്പ്പറേഷന് കൗണ്‍സിലിന് അവധി അപേക്ഷ സമര്‍പ്പിക്കാന്‍ അനുവാദമുണ്ടെന്ന് കത്തില്‍ പറഞ്ഞിരുന്നു.
മുനിസിപ്പാലിറ്റി ആക്ട് അനുസരിച്ച് കോര്പ്പറേഷന് കൗണ്‍സില്‍ അവധി അപേക്ഷ വോട്ടിനിട്ട് അംഗീകരിക്കുകയാണെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനം അയോഗ്യതയില്‍ നിന്നും സുരക്ഷിതമായിരിക്കുമെന്ന വിവരവും കത്തിലുണ്ടായിരുന്നു. മുനിസിപ്പാലിറ്റി നിയമത്തിലെ ഏത് വകുപ്പുപ്രകാരമാണ് അവധി അപേക്ഷ വോട്ടിനിട്ട് അംഗകരിക്കുന്നതെന്ന് ശബരീനാഥന് ചോദ്യമുന്നയിച്ചപ്പോള്‍ മേയര്‍ വി വി രാജേഷ് ആഭ്യന്തര വകുപ്പിന്റെ മറുപടി ചൂണ്ടിക്കാട്ടുകയായിരുന്നു.
Content Highlights: controversial notice issued by the Local Self Government Department regarding Corporation Councillor R Sugathan's leave application will be cancelled