കാറിലെ ഇന്ധനം ലാഭിക്കാനായല്ലോ എന്നാവും മുഖ്യമന്ത്രി പറയുക; ഹെലികോപ്റ്റര്‍ യാത്രയില്‍ വിമര്‍ശനവുമായി പി രാജീവ്

മഴക്കെടുതിയെ നേരിടാന്‍ എല്ലാവരും ഒന്നിച്ചിറങ്ങുക എന്നാണ് ഇടത് നിലപാടെന്നും പി രാജീവ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്റ്റര്‍ യാത്രയില്‍ വിമര്‍ശനവുമായി മുന്‍ മന്ത്രി പി രാജീവ്. വെറുതെ കിടക്കുന്ന ഹെലികോപ്റ്റര്‍ ഉപയോഗിച്ചെന്നും കാറില്‍ പോയാല്‍ ഉണ്ടാകുന്ന ഇന്ധന ചെലവ് ലാഭിച്ചെന്നുമായിരിക്കും ബുധനാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറയുകയെന്ന് പി രാജീവ് പരിഹസിച്ചു.

ഹെലികോപ്റ്റര്‍ നാടിനു വേണ്ടി ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷേ ഉപയോഗിച്ച രീതിക്കെതിരെയാണ് വിമര്‍ശനം. മുന്‍ മുഖ്യമന്ത്രി എന്തെല്ലാം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാതിരുന്നോ ഇപ്പോള്‍ അതിനൊക്കെയാണ് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്. ഇന്നലെ പറഞ്ഞത് എന്തെന്ന് ഓരോ കാര്യം ചെയ്യുമ്പോഴും സ്വയം ഒന്ന് ആലോചിക്കുന്നത് നന്നാവുമെന്നും പി രാജീവ് പറഞ്ഞു.

മഴക്കെടുതിയെ നേരിടാന്‍ എല്ലാവരും ഒന്നിച്ചിറങ്ങുക എന്നാണ് ഇടത് നിലപാട്. ഇതാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ എങ്ങനെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്ന് ജനങ്ങള്‍ കാണുന്നുണ്ടെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയെ ന്യായീകരിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ രംഗത്തെത്തി. ഹെലികോപ്റ്റര്‍ യാത്രയൊക്കെ സ്വാഭാവികമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അത്യാവശ്യത്തിന് പോകാനല്ലേ ഹെലികോപ്റ്ററെന്നും അല്ലെങ്കില്‍ കാറിലോ ട്രെയിനിലോ പോയാല്‍ പോരേയെന്നും മുരളീധരന്‍ ചോദിച്ചു.

പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയെ തങ്ങള്‍ വിമര്‍ശിച്ചിട്ടില്ല. ഇതൊന്നും വിവാദമാക്കേണ്ട കാര്യവുമില്ല. മുമ്പും മുഖ്യമന്ത്രിമാർ ഹെലികോപ്റ്ററിൽ യാത്ര ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഹെലികോപ്റ്ററില്‍ യാത്ര ചെയ്തത് കെ കരുണാകരനാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Former Minister P Rajeev Criticises CM V D Satheesan's Helicopter Travel

To advertise here,contact us