തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് ഉള്‍പ്പെടെയുള്ളവര്‍ കള്ളം പറയുകയാണെന്ന് മുന്‍ മന്ത്രി തോമസ് ഐസക്. പിഎം ശ്രീയില്‍ കടുത്ത എതിര്‍പ്പ് അറിയിക്കുകയും തെരഞ്ഞെടുപ്പില്‍ വലിയ വിഷയമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്ത യുഡിഎഫ് ഭരണത്തില്‍ എത്തി തുടക്കം മുതല്‍ പദ്ധതി നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് തോമസ് ഐസക് പറഞ്ഞു.
'പിഎം ശ്രീ സിപിഐഎം-ബിജെപി ഡീലിന്റെ തെളിവായി ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം. കേരളം പിഎംശ്രീക്കായി ഒന്നും ചെയ്തിട്ടില്ല. പിഎംശ്രീയില്‍ നിന്ന് പിന്മാറാമെന്ന് കേന്ദ്രം തന്നെ പറഞ്ഞു. പിഎംശ്രീ അന്താരാഷ്ട്ര കരാര്‍ ഒന്നുമല്ല. കരാറിലേര്‍പ്പെടാനുള്ള ആദ്യത്തെ ചുവട് ആണ് എംഒയു', തോമസ് ഐസക് പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിലൂടെ വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും വിമര്‍ശിച്ചു. അങ്ങനെയൊരു പദ്ധതി മതനിരപേക്ഷ കേരളം അംഗീകരിക്കില്ല. അറബിക്കടലിലേക്ക് വലിച്ചെറിയുമെന്ന് പറഞ്ഞവര്‍ പദ്ധതി നടപ്പിലാക്കുന്നതിനുവേണ്ടി വാദിക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. മുസ്ലിം ലീഗ് മറുകണ്ടം ചാടി. ന്യായീകരണത്തിനായി എന്താണ് പറയാനുള്ളത്. പിഎംശ്രീ നടപ്പിലാക്കുന്ന കാര്യത്തില്‍ എന്തിനാണ് സര്‍ക്കാര്‍ വാശി പിടിക്കുന്നത്. വഞ്ചനാപരമായ നിലപാട് ആണ് അത്. എസ്എസ്കെ ഫണ്ട് കിട്ടുന്നതിന് വേണ്ടി മാത്രമാണ് പിഎംശ്രീ ധാരണാപത്രത്തില്‍ കേരളം ഒപ്പുവെച്ചതെന്നുമായിരുന്നു പിണറായി വിജയന്റെ പ്രതികരണം.
Content Highlights: Former Finance Minister Thomas Isaac has alleged that Chief Minister V D Satheesan and others are making false claims regarding the PM SHRI scheme.