വിഴിഞ്ഞം: തിരുവനന്തപുരം മുതലപ്പൊഴിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ നടത്തുന്നില്ലെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുന്നു. സ്ത്രീകളടക്കം കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുന്നിലെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ തീരദേശറോഡില്‍ വന്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. കഴിഞ്ഞദിവസമാണ് വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശികളായ രണ്ടുപേരെ കാണാതായത്. നാലു മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. 28, 30 വയസുള്ള യുവാക്കളെയാണ് കാണാതായത്. നിലവിൽ പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയിരിക്കുകയാണ്.
രാത്രി 8.30ഓടെ ബോട്ടിലുണ്ടായിരുന്നവര്‍ തങ്ങളെ വിളിച്ച് രണ്ടുപേരെ കാണാതായെന്ന് അറിയിച്ചു. എന്നാല്‍ സംഭവം നടന്നിട്ട് കോസ്റ്റല്‍ പൊലീസിന്റെ ഭാഗത്ത് നിന്നും സഹായമുണ്ടായില്ലെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. മുതലപ്പൊഴി കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം കനക്കുകയാണ്. എംഎല്‍എ രമ്യാ ഹരിദാസ് പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. കാണാതായവരുടെ ബന്ധുക്കളടക്കം ആദ്യം തീരദേശ റോഡിലും തുടർന്ന് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തിയും പ്രതിഷേധം തുടരുകയാണ്.
രക്ഷാപ്രവര്‍ത്തനം വൈകുന്നുവെന്നാണ് നാട്ടുകാരും കുടുംബവും ആരോപിക്കുന്നത്. എന്നാല്‍ ശക്തമായ കടല്‍ക്ഷോഭം മൂലം രക്ഷാപ്രവര്‍ത്തനം സാധ്യമല്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പൊലീസ് സ്റ്റേഷനിലെത്തിയ പ്രതിഷേധക്കാരും ഉദ്യോഗസ്ഥരുമായി ഇതിനിടയില്‍ വാക്കേറ്റം ഉണ്ടായി. മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുമോ എന്ന് ഒരു ഉദ്യോഗസ്ഥന് ചോദിച്ചതാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്. സഭയുടെ പ്രതിനിധികള്‍ നാട്ടുകാരെയും കുടുംബാംഗങ്ങളെയും അനുനയിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. പൊലീസുകാരും നാട്ടുകാരും കാണാതായവരുടെ കുടുംബാംഗങ്ങളും തമ്മിലാണ് വാക്കേറ്റമുണ്ടായത്.
കോസ്റ്റല്‍ പൊലീസിന്റെ ഒരു ബോട്ട് മുതലപ്പൊഴിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. എന്നാല്‍ അപകടം നടന്ന സ്ഥലത്തേക്ക് ബോട്ടിന് കടക്കാന്‍ കഴിയുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. വിഴിഞ്ഞത് നിന്നും ഒരു കപ്പല്‍ പ്രദേശത്തേക്ക് വന്നിട്ടുണ്ടെന്നാണ് അധികൃതര്‍ പ്രതികരിച്ചത്. അതേസമയം വിഴിഞ്ഞത് വള്ളം മറിഞ്ഞ മറ്റൊരു മത്സ്യത്തൊഴിലാളിയെ കൂടി കാണാതായിട്ടുണ്ട്. വിഴിഞ്ഞം പുല്ലുവിള സ്വദേശി ജോണി മര്ത്യാസിനെ(55) യെയാണ് കാണാതായത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ജോണി ഉള്‍പ്പെടെ അഞ്ച് പേര് കടലില്‍ പോയത്. രാത്രി ഒന്നരയോടെ ഉള്‍ക്കടലിലാണ് അപകടമുണ്ടായത്. വള്ളത്തില്‍ ഉണ്ടായിരുന്ന മറ്റു നാലുപേര്‍ നീന്തി മറ്റ് വള്ളങ്ങളില്‍ കയറി. ജോണിയെ ഇതുവരെ കണ്ടെത്താനായില്ല. കോസ്റ്റല്‍ പൊലീസ് തെരച്ചില്‍ ആരംഭിച്ചതായി അറിയിച്ചിട്ടുണ്ട്.
Content Highlights: Relatives of the missing fishermen at Muthalapozhi blocked a road, alleging that authorities have not conducted adequate search operations. The protest demanded immediate intensification of rescue efforts to locate the missing fishermen.