കാസര്‍കോട്: ഇന്ന് അവധി പ്രഖ്യാപിക്കാത്തതില്‍ വിശദീകരണവുമായി കാസര്‍കോട് കളക്ടര്‍ അര്ജുന് പാണ്ഡ്യന്. കഴിഞ്ഞ ദിവസം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ മഴയുണ്ടായിരുന്നില്ലെന്നും അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ഇന്ന് രാവിലെ കാലാവസ്ഥാ വകുപ്പ് പെട്ടെന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'അപ്പോഴേക്കും നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാരില്‍ പലരും സ്കൂളുകളിലേക്ക് തിരിച്ചു കഴിഞ്ഞിരുന്നു. ആ ഘട്ടത്തില്‍ പെട്ടെന്ന് ഒരു അവധി പ്രഖ്യാപിക്കുന്നത് കൂടുതല്‍ ആശയക്കുഴപ്പത്തിന് ഇടയാക്കും എന്ന് കരുതിയാണ് രാവിലെ അവധി നല്‍കാതിരുന്നത്. മാത്രവുമല്ല, റെഡ് അലേര്‍ട്ട് ഉണ്ടായിരുന്നെങ്കിലും നമ്മുടെ ജില്ലയില്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമൊന്നും ഉണ്ടായിരുന്നതുമില്ല. എന്നിരുന്നാലും, ഈ കനത്ത മഴയെയും അവഗണിച്ച് നമ്മുടെ മിടുക്കരായ കൂട്ടുകാര്‍ കൃത്യസമയത്ത് സ്കൂളുകളിലെത്തി', അര്ജുന് പാണ്ഡ്യന് പറഞ്ഞു.
സാരമില്ല, അടുത്ത തവണ നമുക്ക് പരിഹരിക്കാമെന്നും അദ്ദേഹം കുട്ടികളോടായി പറഞ്ഞു. വെള്ളിയാഴ്ചത്തെ അവധി ദിനം എല്ലാവരും ഫലപ്രദമായി ചെലവഴിച്ചു എന്ന് കരുതുന്നു. മഴ തുടരുന്നതിനാല്‍ എല്ലാവരും ആവശ്യമായ ജാഗ്രത പാലിക്കുമല്ലോയെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
അതേസമയം ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ നാളെ മദ്രസകള്‍ ഉള്‍പ്പെടെ മതപഠന കേന്ദ്രങ്ങള്‍, ട്യൂഷന് സ്ഥാപനങ്ങള്‍, ഏതെങ്കിലും രീതിയില്‍ ഞായറാഴ്ച പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ആയിരിക്കുമെന്ന് കളക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: Kasaragod Collector Arjun Pandyan has clarified why a holiday was not declared in the district today.