തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ആര് സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട ആഭ്യന്തര വകുപ്പിന്റെ കത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ എസ് ശബരീനാഥന്. 'സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുന്നത് പോലെ'യുള്ള ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഉണ്ടെന്നും ഇത്തരക്കാരുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കാന്‍ ഭരണസംവിധാനം ശ്രദ്ധിക്കണമെന്നും ശബരീനാഥന് പറഞ്ഞു. ഇല്ലെങ്കില്‍ പാപഭാരം പാര്‍ട്ടിയും മുന്നണിയും അനുഭവിക്കേണ്ടി വരുമെന്നും ശബരീനാഥന് മുന്നറിയിപ്പ് നല്കി.
'സുഗതന്റെ അവധിയുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നപ്പോള്‍ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവ് മേയര്‍ വായിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. കൗണ്‍സില്‍ കഴിഞ്ഞ് നേരെ ആഭ്യന്തര മന്ത്രിയെ കണ്ടപ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായത്. ഇത്രയും വിവാദമായ വിഷയത്തില്‍ അദ്ദേഹത്തിന്റെ ഓഫീസ് പോലും അറിയാതെ വകുപ്പിലെ ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്തു. 'സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുന്നത് പോലെ'' നിയമത്തിന്റെയും ലോജിക്കിന്റെയും എല്ലാ സീമകളും ലംഘിച്ചുകൊണ്ട് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ ഒരു ദുര്‍ബല ഉത്തരവ് ഇറക്കിയത് ആരുടെ പ്രീതിക്കുവേണ്ടിയാണ്?', കെ എസ് ശബരീനാഥന് ചോദിച്ചു.
ഫയലിലെ കരുതലിന്റെ ഉറവിടം തദ്ദേശ സ്വയം ഭരണ വകുപ്പില്‍ നിന്നാണ് എന്ന് കൂടി മനസ്സിലാക്കുന്നുവെന്നും ശബരീനാഥൻ ആരോപിച്ചു. ഭരണം മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഭരണപക്ഷം പറയുന്നത് അക്ഷരം തെറ്റാതെ അതുപോലെ അനുസരിക്കണം എന്ന് താന്‍ ഒരിക്കലും പറയുന്നില്ല, പക്ഷേ ഭരണം മാറിയിട്ടും നിയമവിരുദ്ധമായി ഫയലില്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള എന്തും എഴുതിവയ്ക്കാമെന്ന ചില ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കാന്‍ ഭരണസംവിധാനം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഇതിന്റെ പാപഭാരം അനുഭവിക്കാന്‍ പോകുന്നത് പാര്‍ട്ടിയും മുന്നണിയുമാണ്. നേതാക്കള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നുവെന്നും ശബരീനാഥന് അതൃപ്തി പരസ്യമാക്കി.
കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എസ്കോര്‍ട്ട് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുഗതന് നല്കിയ കത്തിന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വേണ്ടി അണ്ടര്‍ സെക്രട്ടറി കൊടുത്ത മറുപടിയായിരുന്നു വിവാദമായത്. പരോള്‍ അനുവദിക്കണമെന്ന ആവശ്യം തള്ളിയെങ്കിലും അയോഗ്യത ഒഴിവാക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് മറുപടിയില്‍ വിശദീകരിച്ചിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കില്ലെങ്കില്‍ അയോഗ്യത വരാതിരിക്കാന്‍ ജയില്‍ സൂപ്രണ്ട് മുഖേന തിരുവനന്തപുരം കോര്പ്പറേഷന് കൗണ്‍സിലിന് അവധി അപേക്ഷ സമര്‍പ്പിക്കാന്‍ അനുവാദമുണ്ടെന്ന് കത്തില്‍ പറയുന്നു. മുനിസിപ്പാലിറ്റി ആക്ട് അനുസരിച്ച് കോര്പ്പറേഷന് കൗണ്‍സില്‍ അവധി അപേക്ഷ വോട്ടിനിട്ട് അംഗീകരിക്കുകയാണെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനം അയോഗ്യതയില്‍ നിന്നും സുരക്ഷിതമായിരിക്കുമെന്ന വിവരവും കത്തിലുണ്ടായിരുന്നു. മുനിസിപ്പാലിറ്റി നിയമത്തിലെ ഏത് വകുപ്പുപ്രകാരമാണ് അവധി അപേക്ഷ വോട്ടിനിട്ട് അംഗകരിക്കുന്നതെന്ന് ശബരീനാഥന് ചോദ്യമുന്നയിച്ചപ്പോള്‍ മേയര്‍ വി വി രാജേഷ് ആഭ്യന്തര വകുപ്പിന്റെ മറുപടി ചൂണ്ടിക്കാട്ടുകയായിരുന്നു.
Content Highlights: Congress councillor K S Sabarinathan has strongly criticised the Home Department's letter regarding the leave application of BJP councillor R Sugathan, who is in jail under the KAAPA Act.