'രാജിവെക്കൂ, അല്ലെങ്കിൽ അവധിയെടുക്കൂ'; കള്ളൻ വിജയൻ ലേഖനത്തിൽ കെ ആർ അജയനെതിരെ കടുത്ത നടപടിയുമായി ദേശാഭിമാനി

ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശനാണ് നിര്‍ദേശം നല്‍കിയത്

തിരുവനന്തപുരം: കള്ളന്‍ വിജയന്‍ ലേഖന വിവാദത്തില്‍ കടുത്ത നടപടിയുമായി ദേശാഭിമാനി. വാരാന്തപ്പതിപ്പിന്റെ ചുമതലയിലുണ്ടായിരുന്ന ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയനോട് രാജിവെയ്ക്കുകയോ അല്ലെങ്കിൽ അവധിയെടുക്കയോ വേണമെന്ന് നിർദ്ദേശിച്ചു. സിപിഐഎമ്മിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശനാണ് നിര്‍ദ്ദേശം നല്‍കിയത്.

നേരത്തെ തന്നെ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം ഇടപെടുകയും കെ ആര്‍ അജയന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. കള്ളന്‍ വിജയന്‍ ഫീച്ചറില്‍ പാര്‍ട്ടി വിരുദ്ധത ഇല്ലെന്നും തലക്കെട്ടില്‍ പ്രശ്‌നമുള്ളതായി തോന്നുന്നില്ലെന്നുമായിരുന്നു ഇതിന് അജയന്റെ മറുപടി. ഏറ്റവും മികച്ചത് എന്ന നിലയിലാണ് 'കള്ളന്‍ വിജയന്‍, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ' എന്ന തലക്കെട്ട് നല്‍കിയത്. തെറ്റ് പറ്റിയതായി തോന്നുന്നുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്നും വിശദീകരണ നോട്ടീസിന് നല്‍കിയ മറുപടിയില്‍ നേരത്തെ കെ ആര്‍ അജയന്‍ പറഞ്ഞിരുന്നു.

സാധാരണ നിലയില്‍ ഞായറാഴ്ച പത്രത്തോടൊപ്പം പുറത്തിറങ്ങേണ്ടതാണ് വാരാന്തപ്പതിപ്പ്. എന്നാല്‍ വിവാദ ലേഖനം ഉള്‍പ്പെട്ട വാരാന്തപ്പതിപ്പ് പുറത്തിറങ്ങിയിരുന്നില്ല. അച്ചടിച്ച ശേഷമായിരുന്നു വാരാന്തപ്പതിപ്പ് പുറത്തിറക്കാതിരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു ദേശാഭിമാനിയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ വി എസ് അച്യുതാനന്ദന്റെ ചരമ വാര്‍ഷികവുമായി ബന്ധപ്പെട്ട ലേഖനമാണ് വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാതിരിക്കാന്‍ കാരണമെന്ന് വാര്‍ത്തകള്‍ ഉയര്‍ന്നു. ഇതോടെ വാരാന്തപ്പതിപ്പില്‍ 'കള്ളന്‍ വിജയന്‍' എന്ന തലക്കെട്ടോടെ അച്ചടിച്ച ലേഖനമാണ് പ്രസിദ്ധീകരിക്കാതിരിക്കാന്‍ കാരണമെന്ന് ദേശാഭിമാനി വിശദീകരിച്ചു. അനൗദ്യോഗികമായായിരുന്നു വിശദീകരണം.

അതേസമയം ഫീച്ചര്‍ ചെയ്യുന്നതിനായി ദേശാഭിമാനിയില്‍ നിന്നും രണ്ടുപേര്‍ വീട്ടില്‍ വന്നിരുന്നുവെന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞാണ് മടങ്ങിയതെന്നും വിജയന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 'കള്ളന്‍ വിജയന്‍ ധന്യ നാടകഗ്രാമം, മുത്തിപ്പാറ പിഒ' എന്ന പേരില്‍ വാരാന്ത്യപ്പതിപ്പിന്റെ അവസാനപേജില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്ന ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് പുല്ലമ്പാറയിലുള്ള ഒരു നാടക ഗ്രാമത്തേയും അതിന്റെ ഉടമ എസ് വിജയകുമാറിനേയും കുറിച്ചാണ്. നാട്ടില്‍ കള്ളന്‍ വിജയന്‍ എന്ന പേരിലാണ് എസ് വിജയന്‍ അറിയപ്പെട്ടത്.

Content Highlights: Deshabhimani has taken disciplinary action following the controversy surrounding the 'Kallan Vijayan' article. The directive was issued by K R Ajayan, the News Editor who was in charge of the weekend edition, as the publication responded to the issue

To advertise here,contact us