യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം രൂപീകരിക്കാന്‍ ഉപസമിതി; റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനം

ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും മദ്യനയം രൂപീകരിക്കുന്നതിലെ തീരുമാനം

തിരുവനന്തപുരം: മദ്യനയം രൂപീകരിക്കുന്നതിനായി ഉപസമിതിയെ നിയോഗിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍. വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന ഉള്‍പ്പെടെ ഉപസമിതി പരിശോധിക്കും. ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും മദ്യനയം രൂപീകരിക്കുന്നതിലെ തീരുമാനം. ഉപസമിതിയെ ഉടന്‍ തീരുമാനിക്കുമെന്നാണ് വിവരം.

ബജറ്റില്‍ മദ്യനയം സംബന്ധിച്ച പ്രഖ്യാപനം വലിയ വിമര്‍ശനങ്ങള്‍ക്കായിരുന്നു വഴിവെച്ചത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച് ബജറ്റില്‍ പ്രഖ്യാപനം വന്നതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. 0.5 മുതല്‍ 10 ശതമാനം വരെ വീര്യമുളള മദ്യത്തിന് 120 ശതമാനം, 10-20 ശതമാനം വരെ വീര്യമുളളവയ്ക്ക് 175 ശതമാനം എന്നിങ്ങനെയാണ് നികുതിഘടന പ്രഖ്യാപിച്ചത്. കഴിഞ്ഞ സര്‍ക്കാര്‍ 2022-23ലെ അബ്കാരി നയത്തില്‍ വീര്യം കുറഞ്ഞ മദ്യ വില്‍പന അനുവദിച്ച് ചട്ടം ഭേദഗതി ചെയ്തിരുന്നെങ്കിലും നികുതി ഘടന പ്രഖ്യാപിച്ചിരുന്നില്ല. 42.86 ശതമാനം വീര്യമുളള മദ്യം വില്‍ക്കുന്ന അതേ നികുതി നല്‍കേണ്ടിയിരുന്നതിനാല്‍ കമ്പനികള്‍ വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വിറ്റിരുന്നില്ല.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കിയ ഫയല്‍ നീങ്ങിയത് ശരവേഗത്തിലാണെന്നുള്ള വിവരവും പുറത്തുവന്നിരുന്നു. 2023ല്‍ തുടങ്ങിയ ഫയല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വേഗത്തില്‍ നീങ്ങിയതിന്റെ ഫയല്‍ മൂവ്‌മെന്റ് ഹിസ്റ്ററി റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു. പിന്നാലെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവുള്‍പ്പടെ രംഗത്തെത്തിയിരുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടകയില്‍ നിന്ന് ഒഴുകിയെത്തിയ കോടികളുടെ കള്ളപ്പണത്തിനുള്ള പ്രത്യുപകാരമായാണ് യുഡിഎഫ് സര്‍ക്കാര്‍ നികുതി കുറച്ചതെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. നിയമസഭയില്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാതെ പലതും മറയ്ക്കാനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രിയും സര്‍ക്കാരും. അതുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസംഗം സഭാരേഖകളില്‍ നിന്നും സഭാ ടിവിയില്‍ നിന്നും നീക്കം ചെയ്യാനും മുഖ്യമന്ത്രി തന്നെ ആവശ്യപ്പെട്ടത് ആ പരിഭ്രമം വ്യക്തമാക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

വിമര്‍ശനം ശക്തമായതോടെ വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വില്‍ക്കണോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് ആണെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ സഭയില്‍ പറഞ്ഞത്. സര്‍ക്കാരിന് കൃത്യമായ പദ്ധതികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Content Highlights: The UDF government has formed a subcommittee to prepare a new liquor policy, with the final decision to be taken based on its report.

To advertise here,contact us