തിരുവനന്തപുരം: വയനാട് പുനരധിവാസത്തില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വേഗം കുറഞ്ഞു എന്നാണ് വിമര്‍ശനം. യുഡിഎഫ് അധികാരമേറ്റ് 70 ദിവസം കഴിഞ്ഞിട്ടും 9 വീടുകളുടെ വാര്‍പ്പ് മാത്രമാണ് പൂര്‍ത്തിയായതെന്നും അനാവശ്യ സ്ഥലംമാറ്റവും ഏകോപനം ഇല്ലായ്മയും പദ്ധതിയെ ബാധിച്ചെന്നും പിണറായി വിജയന് പറഞ്ഞു. 149 കുടുംബങ്ങള്‍ ഇനിയും വീടിനായി കാത്തിരിക്കുകയാണെന്നും ടൗണ്‍ഷിപ്പ് നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ദുരന്തബാധിതരെ ഒരിക്കലും ഒറ്റയ്ക്കാക്കില്ലെന്ന് ഉറച്ച നിലപാടോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് പദ്ധതി അതിവേഗം മുന്നോട്ടുകൊണ്ടുപോയത്. അധികാരമൊഴിയുമ്പോള്‍ 410 വീടുകളില്‍ 308 വീടുകളുടെയും വാര്‍പ്പ് പൂര്‍ത്തിയാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ 178 കുടുംബങ്ങള്‍ക്ക് വീടുകള്‍ കൈമാറുകയും ചെയ്തു. എന്നാല്‍ യുഡിഎഫ് അധികാരത്തിലെത്തിയതോടെ പുനഃരധിവാസ പ്രവര്‍ത്തനങ്ങളുടെ വേഗം ഗണ്യമായി കുറഞ്ഞു. 149 കുടുംബങ്ങള്‍ സ്വന്തം വീടിനായി കാത്തിരിക്കുകയാണ്. ദുരന്തത്തില്‍ സര്‍വസ്വവും നഷ്ടപ്പെട്ട മനുഷ്യരെ ഇനിയും കാത്തിരിപ്പിക്കാനാവില്ല. ടൗണ്‍ഷിപ്പ് നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി എല്ലാ ദുരന്തബാധിതര്‍ക്കും എത്രയും വേഗം സുരക്ഷിതമായ വീട് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം': പിണറായി വിജയന് ആവശ്യപ്പെട്ടു.
അതേസമയം, കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച പുനഃരധിവാസ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് റവന്യു മന്ത്രി എ പി അനില്‍ കുമാര്‍ പറഞ്ഞു. ഡിസംബര്‍ മാസത്തോടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കുമെന്നും ടൗണ്‍ഷിപ്പില്‍ എന്തൊക്കെയാണോ പ്രഖ്യാപിച്ചത് അതെല്ലാം പൂര്‍ത്തിയാക്കുമെന്നും അനില്‍ കുമാര്‍ പറഞ്ഞു. 'വായ്പ എടുത്ത മുഴുവന്‍ കുടുംബങ്ങളുടെയും വായ്പ എഴുതി തളളിയിട്ടുണ്ട്. ആറുകോടിയുടെ വായ്പയായിരുന്നു തളളിയത്. ബാക്കി വരുന്നവരുടെ രേഖകള്‍ പരിശോധിച്ചുവരികയാണ്. അതും എഴുതിത്തളളും. തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങള്‍ എങ്ങനെ തടയും എന്നതിനെക്കുറിച്ച് പഠനം ആവശ്യമാണ്': അനില്‍ കുമാര്‍ പറഞ്ഞു.
Content Highlights: Leader of Opposition criticizes the government, alleging that rehabilitation activities have slowed down considerably after UDF came to power.